"വോട്ടർ പട്ടിക ക്രമക്കേടിൽ ബി.ജെ.പിയുടെ ജനാധിപത്യ വിരുദ്ധ മുഖം പ്രകടം "

Saturday 16 August 2025 12:00 AM IST

തൃശൂർ: വോട്ടർ പട്ടിക ക്രമക്കേടിൽ ബി.ജെ.പിയുടെ ജനാധിപത്യ വിരുദ്ധ മുഖം തൃശൂർ ജനതയുടെ മുൻപിൽ പ്രകടമായെന്ന് എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി. ബി.ജെ.പിയുടെ വാക്കും പ്രവൃത്തിയും രണ്ടാണെന്ന് തെളിഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷൻ ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ സങ്കുചിത രാഷ്ട്രീയ നേട്ടങ്ങൾക്കായി ദുരുപയോഗിക്കുകയാണെന്നും എൽ.ഡി.എഫ് ജില്ലാ കൺവീനർ പി.കെ.ചന്ദ്രശേഖരൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ കള്ള വോട്ടുകൾ ഉൾപ്പെട്ടിരുന്നു. എൽ.ഡി.എഫ് പരാതി നൽകിയെങ്കിലും വരണാധികാരി നടപടിയെടുത്തില്ല. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി വോട്ടർ പട്ടിക ക്രമക്കേട് സംബന്ധിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇത് പ്രതിഷേധാർഹമാണെന്നും എൽ.ഡി.എഫ് വിലയിരുത്തി. എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി യോഗത്തിൽ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കെ.കെ.വത്സരാജൻ അദ്ധ്യക്ഷനായി. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾ ഖാദർ, എൽ.ഡി.എഫ് കൺവീനർ പി.കെ.ചന്ദ്രശേഖരൻ, ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത്, രഘു കെ.മാരാത്ത്, യൂജിൻ മൊറേലി, സി.ടി.ജോഫി, വിൻസെന്റ് പുത്തൂർ, ജോൺ വാഴപ്പിള്ളി, ഷൈജു ബഷീർ, പോൾ എം.ചാക്കോ, വിനോദ് മുരുകാലയം, സാമ്മു മുട്ടിക്കൽ, ഷാജി ആനത്തോട്ടം എന്നിവർ സംസാരിച്ചു.