പെരുമഴയിൽ പല ഭാഗങ്ങളും വെള്ളത്തിൽ: വീണ്ടും പ്രളയപ്പേടി

Friday 15 August 2025 10:30 PM IST

മഹാപ്രളയത്ത് ഏഴാണ്ട്:

തൃശൂർ: മഹാപ്രളയത്തിന്റെ ഇരുണ്ട ഓർമ്മകൾക്ക് ഏഴാണ്ട് തികയുമ്പോൾ വീണ്ടും പ്രളയപ്പേടിയിൽ നാട്. ഇന്നലെ പുലർച്ചെ മുതൽ ആരംഭിച്ച അതിശക്തമായ മഴയിൽ ജില്ലയുടെ പല ഭാഗങ്ങളും വെള്ളത്തിലായി. 2018 ഓഗസ്റ്റ് 15 മുതൽ ഉണ്ടായ തുടർച്ചയായ പെരുമഴയാണ് നാടിനെ വെള്ളത്തിൽ മുക്കിയത്. കുറാഞ്ചേരി ഉരുൾപൊട്ടലടക്കം ഏറെ ദുരന്തങ്ങൾക്കാണ് അന്ന് സാക്ഷ്യം വഹിച്ചത്. പ്രളയത്തിൽ ഡാമുകൾ തുറന്ന് ആയിരക്കണക്കിന് വീടുകളാണ് വെള്ളത്തിലായത്. ഇതിന് സമാനമായാണ് ഇന്നലെ മഴ ശക്തി പ്രാപിച്ചത്. മണ്ണുത്തിയിൽ റോഡുകളിലും നിരവധി വീടുകളിലും വെള്ളം കയറി. പെരിങ്ങാവ് മേഖലയിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കനത്ത മഴയിൽ ശക്തൻ സ്റ്റാൻഡും മുങ്ങി. ദുർബലമാകുന്ന മഴ വീണ്ടും ശക്തിപ്രാപിച്ചതോടെ ഡാമുകളിലേക്കുള്ള നീരൊഴുക്കും വർദ്ധിച്ചു. കാനകൾ നിറഞ്ഞ് വെള്ളം പുറത്തേക്ക് ഒഴുകിയതോടെ നഗരത്തിൽ സ്വരാജ് റൗണ്ടിലടക്കം വെള്ളക്കെട്ട് രൂപപ്പെട്ടു.

മഴയിൽ കുതിർന്ന് സ്വാതന്ത്ര്യദിനാഘോഷം

ശക്തമായ മഴയ്ക്കിടയിലായിരുന്നു ഇന്നലെ ജില്ലയിൽ സ്വാതന്ത്ര്യ ദിനാഘോഷം. തേക്കിൻകാട് മൈതാനിയിൽ സ്വാതന്ത്ര്യദിനാഘോഷം മഴയിൽ കുതിർന്നെങ്കിലും ആവേശം ചോർന്നില്ല. തേക്കിൻക്കാട് മൈതാനിയിൽ സ്‌കൂൾ വിദ്യാർത്ഥികളടക്കം മഴയെ അവഗണിച്ച് പരേഡിൽ അണിനിരന്നു. നൂറുക്കണക്കിന് പേർ പരേഡ് കാണാനെത്തി.

മഴയിൽ കുരുങ്ങി

ശക്തമായ മഴയിൽ വാഹനങ്ങൾ കുരുങ്ങിയതോടെ യാത്രക്കാർ നട്ടംതിരിഞ്ഞു. മണ്ണുത്തി ഇടപ്പിള്ളി ദേശീയ പാതയിലും പുഴയ്ക്കൽകുന്നംകുളം റോഡിലും രാവിലെ മുതൽ കനത്ത ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. ആമ്പല്ലൂർ ഭാഗത്ത് പല വാഹനങ്ങളും ഏറെ നേരം വഴിയിൽ കുടുങ്ങി.

കുറാഞ്ചേരി ദുരന്തത്തിന് ഏഴാണ്ട്

ജില്ലയെ നടുക്കിയ വടക്കാഞ്ചേരി കുറാഞ്ചേരി ദുരന്തത്തിന് ഇന്ന് ഏഴാണ്ട് . ഓഗസ്റ്റ് 15 ന് പെയ്ത തുടർച്ചയായ മഴയിൽ 16 ന് രാവിലെയാണ് കുറാഞ്ചേരി ഉരുൾപൊട്ടൽ ഉണ്ടായതും 19 പേരുടെ ജീവനപഹരിച്ചതും. നാലു വീടുകൾ പൂർണമായി തകർന്നു. ജെൻസൺ, സുമിത, മോസസ്, ഫെനോക്ക്, യാഫത്ത്, ഷാജി, മോഹനൻ, ആശ,അഖിൽ, റോസിലി, എയ്ഞ്ചൽ,മാത്യു, റോസ,പ്രാൻസിസ്,സാലി, സൗമ്യ,മിൽന, മെറിൻ എന്നിവരാണ് അന്ന് മരണത്തിന് കീഴടങ്ങിയത്. ഇന്ന് രാവിലെ നഗരസഭയുടയെും തെക്കുംകര പഞ്ചായത്തിന്റെയും നേതൃത്വത്തിൽ അനുസ്മരണ ചടങ്ങ് നടത്തും.