ജനാധിപത്യ മൂല്യം നിലനിറുത്തണം: മന്ത്രി ഡോ. ആർ. ബിന്ദു
തൃശൂർ: സ്വാതന്ത്ര്യത്തിന് മുമ്പ് ഉച്ചനീചത്വവും കിരാതമായ ജാതി വ്യവസ്ഥയും നിലനിന്നിരുന്ന രാജ്യം എന്ന നിലയിൽ നിന്ന് പുതിയ ജനാധിപത്യ മൂല്യങ്ങളിലേക്ക് ഉയർന്ന രാജ്യത്തെ നിലനിറുത്തേണ്ട ഉത്തരവാദിത്ത്വം എല്ലാവർക്കുമുണ്ടെന്ന് മന്ത്രി ഡോ. ആർ. ബിന്ദു. തേക്കിൻകാട് മൈതാനിയിലെ വിദ്യാർത്ഥി കോർണറിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ പതാക ഉയർത്തി പ്രസംഗിക്കുകയായിരുന്നു മന്ത്രി. സമൂഹത്തിൽ ഒറ്റപ്പെട്ട വിഭാഗങ്ങളെക്കൂടി മുഖ്യധാരയിലേക്കും നേതൃനിരയിലേക്കും കൊണ്ടുവരുന്നതിന് വിട്ടു വീഴ്ചയില്ലാത്ത പ്രവർത്തനങ്ങളാണ് ഈ കാലഘട്ടത്തിൽ വേണ്ടതെന്നും മന്ത്രി വ്യക്തമാക്കി. ചടങ്ങിൽ മേയർ എം.കെ. വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ്, വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, കളക്ടർ അർജുൻ പാണ്ഡ്യൻ, കമ്മീഷണർ ആർ. ഇളങ്കോ,റൂറൽ എസ്.പി. ബി. കൃഷ്ണകുമാർ, സബ് കളക്ടർ അഖിൽ വി. മേനോൻ, ഡി.എഫ്.ഒ അഭയ് യാദവ്, അസി. കളക്ടർ സ്വാതി മോഹൻ റാത്തോഡ് എന്നിവർ സംബന്ധിച്ചു. പൊലീസ്, എക്‌സൈസ്, ഫോറസ്റ്റ്, എസ്.പി.സി, എൻ.സി.സി ഉൾപ്പെടെ 26 പ്ലറ്റൂണുകൾ പരേഡിൽ അണിനിരന്നു. ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്ടർ ജി. അജയകുമാർ പരേഡ് നയിച്ചു. ഡി.എച്ച്.ക്യു ക്യാമ്പിലെ സബ് ഇൻസ്‌പെക്ടർ എം.പി വിനയചന്ദ്രനായിരുന്നു സെക്കൻഡ് ഇൻ കമാൻഡ്. മികച്ച പ്രകടനം കാഴ്ചവെച്ച പ്ലറ്റൂണുകൾക്ക് മന്ത്രി പുരസ്‌കാരം സമ്മാനിച്ചു. ചടങ്ങിൽ സായുധസേനാ പതാക നിധിയിലേക്ക് കൂടുതൽ തുക സമാഹരിച്ച സ്ഥാപനങ്ങൾക്കുള്ള റോളിംഗ് ട്രോഫി പുറനാട്ടുകര കേന്ദ്രീയ വിദ്യാലയത്തിനും തൃശൂർ സെവൻത് കേരള ബറ്റാലിയൻ എൻ.സി.സി ഗേൾസ് യൂണിറ്റിനും മന്ത്രി സമ്മാനിച്ചു.