കൂർക്കഞ്ചേരി - കുറുപ്പം റോഡ്, കാനയില്ല, നടപ്പാതയില്ല; റോഡ് ഉദ്ഘാടനം ഇന്ന്
പ്രഹസനമെന്ന് വ്യാപാരികൾ
തൃശൂർ: കൂർക്കഞ്ചേരി - കുറുപ്പം റോഡ് കോൺക്രീറ്റ് ചെയ്തതിന്റെ സമർപ്പണം ഇന്ന് നടക്കാനിരിക്കെ എതിർപ്പുമായി വ്യാപാരികൾ. കൂർക്കഞ്ചേരി മുതൽ കുറുപ്പം റോഡ് ഉൾപ്പെടെ സ്വരാജ് റൗണ്ടിലേക്കുള്ള ഭാഗം പൂർത്തീകരിച്ചെന്ന അവകാശവാദത്തോടെയാണ് ഇന്ന് ഉദ്ഘാടനം നടക്കുന്നത്. പത്തുകോടി ചെലവിൽ നിർമ്മിച്ച റോഡിന് ഇരുവശവും കാനയോ നടപ്പാതകളോ ഒരുക്കിയിട്ടില്ല. പൂരത്തിന് മുൻപേ റോഡ് നിർമ്മാണം പൂർത്തിയാക്കുന്നതിനായി പ്രവൃത്തികൾ തിരക്കിട്ട് നടത്തുന്നതിനിടെ കാലവർഷം നേരത്തെയെത്തിയിരുന്നു. ഇതോടെ കുറുപ്പം റോഡിലെ വ്യാപാര സ്ഥാപനങ്ങളെല്ലാം വെള്ളത്തിലായി. കൂർക്കഞ്ചേരിക്കും സ്വരാജ് റൗണ്ടിനുമിടെ ഏകദേശം 300 ഓളം വ്യാപാര സ്ഥാപനങ്ങളാണുള്ളത്. കോർപറേഷനും മേയറും സ്വപ്നപദ്ധതിയെന്നും മെട്രോപൊളിറ്റൻ സിറ്റിയാകുന്നതിന്റെ ആദ്യപടിയെന്നും വിശേഷിപ്പിച്ചാണ് റോഡ് ഉദ്ഘാടനം. കൊടുങ്ങല്ലൂരിൽ നിന്നും ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ നിന്നും തൃശൂർ നഗരത്തിലേക്ക് പ്രവേശിക്കാൻ കൂടുതൽ ഉപയോഗിക്കുന്ന പ്രധാന പാതയാണ് കൂർക്കഞ്ചേരി - കുറുപ്പം റോഡ്. ഇരിങ്ങാലക്കുട മുതലുള്ള പാതയുടെ അത്യാധുനിക രീതിയിലുള്ള കോൺക്രീറ്റിംഗ് പൊതുമരാമത്ത് വകുപ്പ് ഭാഗികമായി മാത്രമാണ് പൂർത്തീകരിച്ചത്.
കാനയില്ല, നടപ്പാതയില്ല
കാനയില്ല, നടപ്പാതയില്ല, ഇലക്ട്രിക് പോസ്റ്റുകൾ പോലും മാറ്റിയില്ല... ഇങ്ങനെയാണ് കൂർക്കഞ്ചേരി - കുറുപ്പം റോഡ് കോൺക്രീറ്റിംഗ് പൂർത്തിയാക്കിയത്. കാൽനടയാത്രക്കാർ കുറുപ്പം റോഡിന് മദ്ധ്യേ കൂടി നടക്കുന്നത് പലപ്പോഴും അപകടഭീഷണി ഉയർത്തുന്നുണ്ട്. മിക്കയിടത്തും റോഡിന്റെ കോൺക്രീറ്റിംഗ് ഉയർന്നുനിൽക്കുന്നത് ഇരുചക്ര വാഹന യാത്രക്കാർക്കും പ്രയാസം സൃഷ്ടിക്കുന്നു. മഴ പെയ്താൽ വെള്ളം കയറാതിരിക്കുന്നതിന് വ്യാപാര സ്ഥാപനങ്ങൾ ഉയർത്തിപ്പണിതിരുന്നു. കാന നിർമ്മാണം കഴിഞ്ഞാൽ വീണ്ടും കടകൾ പുനർനിർമ്മിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് വ്യാപാരികൾ.
പണികൾ പൂർത്തിയാകാതെ ഉദ്ഘാടനം ചെയ്യുന്നത് പ്രഹസനമാണ്. മാസങ്ങളോളം കച്ചവടം സ്തംഭിപ്പിച്ച് നിർമ്മാണം നടത്തിയിട്ടും ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. കടകളിലേക്ക് വെള്ളം കയറുന്ന രീതിയിൽ റോഡ് ഉയർത്തി കോൺക്രീറ്റ് ചെയ്തിട്ട് എന്ത് നേട്ടമാണ്. കാനയും സ്ലാബും ഉടൻ പൂർത്തിയാക്കണം.
സെബി വർഗീസ്, പി.ജി പ്രകാശൻ, സതീഷ് വെണ്ണിക്കൽ (വ്യാപാരി വ്യവസായി ഏകോപന സമിതി ചെട്ടിയങ്ങാടി, കൊക്കൈലെ, കൂർക്കഞ്ചേരി യൂണിറ്റ് പ്രസിഡന്റുമാർ)