യുക്രെയിൻ ചർച്ച: പുട്ടിനും ട്രംപും മുഖാമുഖം

Saturday 16 August 2025 12:34 AM IST

വാഷിംഗ്ടൺ: മൂന്ന് വർഷമായി തുടരുന്ന റഷ്യ-യുക്രെയിൻ യുദ്ധം യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടലിലൂടെ അവസാനിക്കുമോ എന്ന ആകാംക്ഷയിൽ ലോകം. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായുള്ള ട്രംപിന്റെ നേർക്കുനേർ ചർച്ച ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ ഒന്നിന് യു.എസിന്റെ വടക്കു പടിഞ്ഞാറേ അറ്റത്തുള്ള സംസ്ഥാനമായ അലാസ്കയിൽ ആരംഭിച്ചു. റഷ്യ-യു.എസ് ആണവായുധ നിയന്ത്രണ കരാറിനും സാദ്ധ്യതയുണ്ട്. 2021ന് ശേഷം (ജോ ബൈഡൻ പ്രസിഡന്റായിരിക്കെ) ആദ്യമായാണ് റഷ്യ-യു.എസ് പ്രസിഡന്റുമാർ കൂടിക്കാഴ്ചയ്ക്കെത്തുന്നത്.ചർച്ചയുടെ ഫലമായി ഉടൻ യുദ്ധം അവസാനിക്കില്ലെന്ന് വ്യക്തമാണ്. പുട്ടിൻ വെടിനിറുത്തൽ കരാറിന് ആഗ്രഹിക്കുന്നുണ്ടെന്ന് ട്രംപ് പറയുന്നു. യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ഭരണകൂടം ആത്മാർത്ഥമായി ശ്രമിക്കുന്നുണ്ടെന്ന് പുട്ടിൻ പുകഴ്ത്തുകയും ചെയ്തു.