മന്ത്രാലയത്തിന്റെ പോസ്റ്രറിൽ ഗാന്ധിക്കും മുകളിൽ സവർക്കർ
ന്യൂഡൽഹി: പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യദിന പോസ്റ്രറിൽ മഹാത്മാ ഗാന്ധി, സുഭാഷ് ചന്ദ്ര ബോസ്, ഭഗത് സിംഗ് എന്നിവർക്ക് മുകളിലായി വി.ഡി. സവർക്കറെ ചേർത്തതിൽ രാഷ്ട്രീയ വിവാദം. മന്ത്രാലയത്തിന്റെ എക്‌സ് അക്കൗണ്ടിലാണ് പോസ്റ്റർ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ഹർദീപ് സിംഗ് പുരിയാണ് വകുപ്പുമന്ത്രി. സുരേഷ് ഗോപി സഹമന്ത്രിയും. വലിയ വിമർശനമാണ് പ്രതിപക്ഷ പാർട്ടികൾ ഉയർത്തിയത്. ചരിത്രത്തിൽ മഹാന്മാരാകാൻ കഴിയാത്തവരെ പോസ്റ്ററുകളിൽ വലുതാക്കി കാണിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര കുറ്റപ്പെടുത്തി. യാദൃശ്ചികമല്ല, ആസൂത്രിതമായ പ്രവൃത്തിയെന്ന് സി.പി.എം രാജ്യസഭാ എം.പി ജോൺ ബ്രിട്ടാസ് പ്രതികരിച്ചു. രാജ്യദ്രോഹിയും കൊലപാതകിയുമാണ് സവർക്കറെന്നും, യഥാർത്ഥ ദേശസ്നേഹികൾക്കും രക്തസാക്ഷികൾക്കും മുകളിൽ സവർക്കറെ പ്രതിഷ്‌ഠിച്ച മന്ത്രാലയത്തിന്റെ പ്രവൃത്തിയിൽ ലജ്ജിക്കുന്നുവെന്നും ഗാന്ധിജിയുടെ പേരക്കുട്ടി തുഷാർ ഗാന്ധി പറഞ്ഞു. സവർക്കർ ജീവിച്ചതും മരിച്ചതും രാജ്യത്തിനു വേണ്ടിയാണെന്ന് ബി.ജെ.പി സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് മറുപടി നൽകി.