കാര്യവട്ടം ക്യാമ്പസിലെ പ്രവേശന കവാടത്തിൽ രാഷ്ട്രപതി സ്ഥാപിച്ച ശിലാഫലകം

Saturday 16 August 2025 1:10 AM IST

തിരുവനന്തപുരം: കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസിനുവേണ്ടി 1963 സെപ്‌തംബർ 30ന് അന്നത്തെ രാഷ്ട്രപതി ഡോ.എസ്.രാധാകൃഷ്‌ണൻ സ്ഥാപിച്ച ശിലാഫലകം ക്യാമ്പസിന്റെ കവാടത്തിൽ പതിച്ചു. എൻജിനിയറിംഗ് യൂണിറ്റിന്റെ പിൻഭാഗത്ത് ശിലാഫലകം ഉപേക്ഷിച്ചിരിക്കുകയായിരുന്നു. കാര്യവട്ടം ക്യാമ്പസിന്റെ പുതുക്കിപണിത പ്രവേശന കവാടത്തിലാണ് ഫലകം പതിച്ചത്. ഇതോടെ ക്യാമ്പസ് ഗേറ്റ് ഡോ. എസ്.രാധാകൃഷ്‌ണൻ ടവറായി മാറും. വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മേലാണ് ഗേറ്റ് തുറന്നുകൊടുത്തത്.

ഒന്നരക്കോടി ചെലവിട്ടാണ് പ്രവേശന കവാടം പുതുക്കിപ്പണിതത്. ആറു മാസമായിട്ടും തുറന്നിരുന്നില്ല.അദ്ധ്യാപകരും വിദ്യാർത്ഥികളും ജീവനക്കാരും മറ്റു വഴികളിലൂടെയാണ് ക്യാമ്പസിൽ പ്രവേശിച്ചിരുന്നത്.കാര്യവട്ടം കാമ്പസിൽ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് രാഷ്ട്രപതിയായിരുന്ന ഡോ.എസ്.രാധാകൃഷ്ണൻ ശിലാഫലകം സ്ഥാപിച്ചിരുന്നത്.സർവകലാശാലയുടെ 25-ാം വാർഷികത്തോടനുബന്ധിച്ചായിരുന്നു ഇത്.

ചടങ്ങിൽ രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന പ്ലാനിംഗ് ഡയറക്ടർ ഡോ.മിനി കാപ്പൻ,ക്യാമ്പസ് ഡയറക്ടർ സി.ജോസ്‌കുട്ടി,യൂണിവേഴ്സിറ്റി എൻജിനിയർ ശോഭ തുടങ്ങിയവർ പങ്കെടുത്തു.