പുതിയ കോളേജുകള്‍ക്ക് അനുമതിയില്ല; മൂന്ന് വര്‍ഷത്തേക്ക് മരവിപ്പിക്കാന്‍ തീരുമാനം
ന്യൂഡല്‍ഹി: അടുത്ത മൂന്ന് വര്‍ഷത്തേക്ക് രാജ്യത്ത് പുതിയ ലോ കോളേജുകള്‍ക്ക് അനുമതി ലഭിക്കില്ല. പുതിയ കോളേജുകള്‍ അനുവദിക്കുന്നത് മരവിപ്പിച്ചിരിക്കുകയാണ് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ. നിരവധി സ്ഥാപനങ്ങള്‍ക്ക് നിലവാരമില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കൗണ്‍സിലിന്റെ തീരുമാനം. നിലവിലുള്ള സ്ഥാപനങ്ങളില്‍ പുതിയ ബാച്ചോ കോഴ്സോ തുടങ്ങണമെങ്കില്‍ ബാര്‍ കൗണ്‍സിലിന്റെ പ്രത്യേക അനുമതി വേണമെന്നും ഉത്തരവില്‍ പറയുന്നു. അതേസമയം മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങളുടെ അംഗീകാരങ്ങള്‍ റദ്ദാക്കുമെന്നും ബാര്‍ കൗണ്‍സില്‍ അറിയിച്ചു.
ബാര്‍ കൗണ്‍സിലും വിവിധ സംസ്ഥാന സര്‍ക്കാരുകളും നടത്തിയ പരിശോധനയില്‍ നിരവധി സ്ഥാപനങ്ങളുടെ സ്ഥിതി മോശം നിലവാരത്തിലാണെന്ന് കണ്ടെത്തിയിരുന്നു. അക്കാദമിക് ക്രമക്കേട്, യോഗ്യരായ അദ്ധ്യാപകരുടെ കുറവ്, യുണിവേഴ്സിറ്റികളുടെ കൃത്യമായ പരിശോധന കുറവ് തുടങ്ങിയവയാണ് ഉത്തരവിന് അടിസ്ഥാനമായി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചൂണ്ടിക്കാണിക്കുന്നത്.
1961 ലെ അഡ്വക്കേറ്റ് ആക്റ്റ് സെക്ഷന്‍ പ്രകാരമാണ് ഈ നിയന്ത്രണം പുറപ്പെടുവിച്ചിരിക്കുന്നത്. അതേസമയം പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍, സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ എന്നിവയുടെ ഉന്നമനം ലക്ഷ്യം വച്ചാണ് സ്ഥാപനങ്ങള്‍ തുടങ്ങുന്നതെങ്കില്‍ അതിന് പ്രത്യേകം അനുമതി നല്‍കുമെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചു.
ഇത്തരം സ്ഥാപനങ്ങള്‍ യുണിവേഴ്സിറ്റിയുടെ അനുമതിയും സംസ്ഥാനങ്ങളുടെ എതിര്‍പ്പില്ല എന്ന രേഖയും സമര്‍പ്പിക്കണമെന്നും ബാര്‍ കൗണ്‍സില്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് യൂണിവേഴ്സിറ്റികള്‍ പരിശോധന നടത്തി അടിസ്ഥാന സൗകര്യമുണ്ടെന്ന് ഉറപ്പാക്കണം. പിന്നീട് ബാര്‍ കൗണ്‍സില്‍ പരിശോധിച്ച് അനുമതി നല്‍കുന്നതില്‍ അന്തിമ തീരുമാനം കൈക്കൊള്ളും.