ഓണം വിളിപ്പാടകലെ വിപണികൾ ഉണർന്നു...
തിരുവനന്തപുരം: ഓണമെത്താൻ ആഴ്ചകൾ മാത്രം ശേഷിക്കേ, കടകമ്പോളങ്ങൾ ഉണർന്നുകഴിഞ്ഞു. റോഡരികിലും ഷോപ്പിംഗ് മാളുകളിലും സാധനം വാങ്ങാനെത്തുന്നവരുടെ വൻ തിരക്കാണ്.ഒരു വാതിലിലൂടെ കയറി കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വസ്ത്രങ്ങൾ മുതൽ ഗൃഹോപകരണങ്ങൾ വരെ വാങ്ങിയിറങ്ങാൻ സൗകര്യമുള്ള മാളുകളിലാണ് കുടുംബസമേതം ജനം ഒഴുകിയെത്തുന്നത്.
ഇവരെ ആകർഷിക്കാൻ വൻ ഓഫറുകളും കടകൾ നൽകുന്നുണ്ട്. സ്ത്രീകൾക്കുള്ള കുർത്തി, സൽവാർ, ചുരിദാർ സെറ്റ്, കസവു സാരി, കസവു ചുരിദാർ എന്നിവയ്ക്കാണ് ഏറ്റവുമധികം പേരെത്തുന്നത്. ഷർട്ടുകളും ടോപ്പുകളും ഒരെണ്ണം എടുത്താൽ രണ്ടെണ്ണം സൗജന്യമെന്ന ഓഫറും നൽകുന്നു. പഴം, പച്ചക്കറി മുതലായവും വിലക്കുറവിൽ ഇവിടെ നിന്നും വാങ്ങാനാവും. പ്രതിദിനം ഒട്ടേറെ ലോഡ് പച്ചക്കറികളാണ് മാർക്കറ്റുകളിലെത്തുന്നത്. സാധനം വാങ്ങുന്ന എല്ലാവർക്കും ഉറപ്പായ സമ്മാനങ്ങളും ഡിസ്കൗണ്ടുകളും ഷോറൂമുകൾ വാഗ്ദാനം ചെയ്യുന്നു. ടി.വി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, നോൺസ്റ്റിക്ക് പാത്രങ്ങൾ എന്നിവയുടെ പുത്തൻ മോഡലുകളാണ് ഉപഭോക്താക്കളെ ആകർഷിക്കാൻ വിപണിയിലെത്തിയിട്ടുള്ളത്. മൊബൈൽ ഫോണുകൾ, ലാപ്ടോപ്പ്, പവർ ബാങ്ക്, ഐപാഡ്, ചാർജർ, ഇയർപോഡ് എന്നിവയ്ക്കും ഓണക്കാലത്ത് ആവശ്യക്കാരേറെയാണ്. 6 മുതൽ 100 ശതമാനം വരെ ഡിസ്കൗണ്ടിൽ ഗൃഹോപകരണങ്ങൾ ലഭിക്കും. ചാല മാർക്കറ്റ്, പാളയം, കിഴക്കേകോട്ട, തമ്പാനൂർ എന്നിവിടങ്ങളിലാണ് ഓണമേളം നേരത്തെ മുഴങ്ങിത്തുടങ്ങിയത്.
ജമന്തി, മുല്ല, വാടാമല്ലി, തെച്ചിപ്പൂവ്, അരളി എന്നിവയ്ക്ക് മുൻകൂട്ടി ഓർഡറുകൾ നൽകിയവർ നിരവധിയാണെന്ന് കട ഉടമകൾ പറയുന്നു.പ്ലാസ്റ്റിക്ക് പൂവ് വാങ്ങിക്കുന്നവരും കുറവല്ല.
കോസ്റ്റ്യൂമും റെഡി
മാവേലിയുടെയും പുലിയുടെയുമൊക്കെ കോസ്റ്റ്യൂമുകൾ കടകൾക്ക് മുന്നിൽ ആവശ്യക്കാരെ കാത്ത് കിടപ്പുണ്ട്. ഓണത്തിന് ഒരാഴ്ച മുൻപാണ് ഒട്ടുമിക്ക ഓഫീസുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഓണാഘോഷം. ഇക്കൂട്ടരാണ് കോസ്റ്റ്യൂമിനായി മുൻകൂട്ടി ഓർഡർ നൽകിയിട്ടുള്ളത്. ഒരുതവണ ഉപയോഗിച്ച് തിരികെ നൽകാൻ 'റെന്റ് എ മാവേലി' സംവിധാനവും കടകളിലുണ്ട്. അടുത്തയാഴ്ചയോടെ ഓണം മേളകളും നഗരത്തിൽ സജീവമാകും.