കുറഞ്ഞ വിലയിൽ ഓണസദ്യ എത്തിക്കാൻ കുടുംബശ്രീ

Friday 15 August 2025 11:38 PM IST

ആലപ്പുഴ: ഓണത്തിന് നാടൻ രുചിയിൽ സദ്യ വിളമ്പാൻ കുടുംബശ്രീ റെഡി. തൂശനില, ചോറ്, അവിയൽ, സാമ്പാർ, കാളൻ, തോരൻ, അച്ചാറുകൾ, പച്ചടി, കിച്ചടി, ഉപ്പേരി, പപ്പടം, രണ്ടുതരം പായസം എന്നിവ ഉൾപ്പടെ വീട്ടിലെത്തും. ബുക്കിംഗ് ആരംഭിച്ചു.

അംഗങ്ങൾ നടത്തുന്ന കുടുംബശ്രീയുടെ കഫേ യൂണിറ്റുകൾ വഴിയാണ് സദ്യകൾ എത്തിച്ചുനൽകുന്നത്. രണ്ട് പായസം ഉൾപ്പടെ ഒരു സദ്യയ്ക്ക് 180 രൂപയാണ് വില. ആവശ്യക്കാരുടെ താത്പര്യമനുസരിച്ച് വിഭവങ്ങൾ തിരഞ്ഞെടുക്കാനും അവസരമുണ്ട്. ഇതിന് അനുസരിച്ച് നിരക്കിൽ വ്യത്യാസം വരും. ജില്ലയിൽ 12 ബ്ലോക്കുകളിലായി 25 യൂണിറ്റുകളെയാണ് കുടുംബശ്രീ ജില്ലാ മിഷൻ ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഓ‌ർഡറുകൾ അനുസരിച്ച് കൂടുതൽ യൂണിറ്റുകളെ ഉൾപ്പെടുത്തും. ഒരു ബ്ലോക്കിൽ കുറഞ്ഞത് രണ്ട് യൂണിറ്റ് വീതമാണ് പ്രവർത്തിക്കുന്നത്. മറ്റ് കാറ്ററിംഗ് സ്ഥാപനങ്ങളെ അപേക്ഷിച്ച് നിരക്ക് കുറവാണെന്നത് കുടുംബശ്രീയുടെ പ്രത്യേകതയാണ്. ജില്ലയിൽ എവിടെ നിന്ന് വേണമെങ്കിലും സദ്യ ഓർഡർ ചെയ്യാം. എം.ഇ.സി ഗ്രൂപ്പുകളുടെ മേൽനോട്ടത്തിലാണ് കോൾ സെന്ററുകളുടെ പ്രവർത്തനം.

വിഭവങ്ങൾക്കനുസരിച്ച് റേറ്റ്

 പോക്കറ്റ് മാർട്ട്, ഓണക്കിറ്റുകൾ, ഓണച്ചന്തകൾ എന്നിവയ്ക്ക് പുറമേയാണ് കുടുംബശ്രീയുടെ കഫേ യൂണിറ്റുകൾ ഓണസദ്യ തയ്യാറാക്കുന്നത്

 10 പേർക്കുള്ള സദ്യ ഓർഡർ ചെയ്താൽ വീടുകളിൽ എത്തിക്കും. ഇതിൽ കുറഞ്ഞ ഓർഡറും എത്തിക്കുന്നനെക്കുറിച്ച് ആലോചിക്കുന്നുണ്ട്

 കുടുംബശ്രീയുടെ സാമൂഹിക മാദ്ധ്യമ അക്കൗണ്ടുവഴി ഓണസദ്യയുടെ പരസ്യങ്ങൾ പ്രദർശിപ്പിച്ചു തുടങ്ങി

 ഓണത്തിന് നിശ്ചിത ദിവസങ്ങൾക്ക് മുമ്പ് സദ്യയ്ക്കുള്ള ബുക്കിംഗ് നടത്തണമെന്നാണ് കുടുംബശ്രീ അറിയിച്ചിട്ടുള്ളത്

പായസത്തിനും ബുക്കിംഗ്

ആവശ്യക്കാർക്ക് പായസം മാത്രമായും ബുക്ക് ചെയ്യാം. ഒരുഗ്ലാസിന് 30 രൂപയാണ് നിരക്ക്. നേരത്തെ ബുക്ക് ചെയ്യുന്നതാണ് നല്ലത്. സേമിയ പായസത്തിന് ലിറ്ററിന് 100 രൂപയാണ് വില. അട പായസം 125, പരിപ്പ്, മിക്സഡ് പായസം 150 എന്നിങ്ങനെയാണ് നിരക്ക്.

ഒരു സദ്യ :

180 രൂപ

ഒരുഗ്ലാസ്

പായസം:

30 രൂപ

കുടുംബശ്രീ മുഖേനയുള്ള സദ്യ ബുക്കിംഗ് ആരംഭിച്ചു. തിരക്ക് കൂടിയാൽ കൂടുതൽ കഫേ യൂണിറ്റുകളെ കൂടി ഉൾപ്പെടുത്തും

-എസ്. രഞ്ജിത്,​ ജില്ലാ കോ-ഓർഡിനേറ്റർ,​ ജില്ലാ കുടുംബശ്രീ മിഷൻ