ദേശീയ പതാക ' കാണാതെ 'ഉയർത്തി രൂപേഷ്
മാവേലിക്കര ∙ കാഴ്ചപരിമിതിയുള്ള ഉദ്യോഗസ്ഥൻ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ദേശീയ പതാക ഉയർത്തിയ അപൂർവ്വ നിമിഷത്തിന് മാവേലിക്കര സബ് ആർ.ടിഓഫീസ് സാക്ഷ്യം വഹിച്ചു. അസി. ജില്ലാ ഇൻഷ്വറൻസ് ഓഫീസർ എച്ച്.രൂപേഷാണ് ഇവിടെ പതാക ഉയർത്തിയത്.
കേരളത്തിലെ ആദ്യ കെ.എ.എസ് ബാച്ചിൽ തിരഞ്ഞെടുക്കപ്പെട്ട് ശ്രദ്ധേയനായ ഉദ്യോഗസ്ഥരിൽ ഒരാളാണ് എച്ച്.രൂപേഷ്. 2021ൽ കെ.എ.എസ് യോഗ്യത നേടിയ ശേഷം റവന്യൂ റിക്കവറി ഡെപ്യൂട്ടി കളക്ടർ, അപ്പലേറ്റ് അതോറിറ്റി ഡെപ്യൂട്ടി കളക്ടർ തുടങ്ങിയ സുപ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നേരത്തേ, അമ്പലപ്പുഴ ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ അക്കൗണ്ടൻസി അധ്യാപകനായിരുന്നു. ജീവിതത്തിലെ വെല്ലുവിളികളെ അതിജീവിച്ച് ഉദ്യോഗജീവിതത്തിലും സാമൂഹ്യജീവിതത്തിലും മാതൃകയായി മാറിയ വ്യക്തിയാണ് രൂപേഷ്.
മാവേലിക്കര ജോയിന്റ് ആർ.ടി.ഒ എം.ജി.മനോജ് ചടങ്ങിൽ അദ്ധ്യക്ഷനായി. വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരും, പൊതുപ്രതിനിധികളും, നാട്ടുകാരും പങ്കെടുത്തു. പതാക ഉയർത്തിയതിന് ശേഷം ദേശഭക്തിഗാനങ്ങളും സാംസ്കാരിക പരിപാടികളും അവതരിപ്പിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബേബി ജോൺ, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ഹരികുമാർ, സജു,പി ചന്ദ്രൻ എന്നിവർ പങ്കെടുത്തു.