പി.കെ.കാളൻ പദ്ധതിയുടെ രണ്ടാംഘട്ടത്തി​ന് തുടക്കം

Saturday 16 August 2025 1:41 AM IST

ആലപ്പുഴ : പട്ടിക വിഭാഗങ്ങളുടെ ഉന്നമനത്തിനായി നടപ്പാക്കുന്ന പി.കെ.കാളൻ പദ്ധതിയുടെ രണ്ടാംഘട്ടം ജില്ലയിൽ രംഭിച്ചു. ഭവനരഹിതകർക്ക് വീട് നിർമ്മിച്ചു നൽകുക, വീടുകളുടെ അറ്റകുറ്റപ്പണി നടത്തുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കുടുംബശ്രീ വഴി നടത്തുന്ന പദ്ധതിയുടെ ആദ്യഘട്ടം വിജയകരമായി പൂർത്തീകരിച്ചിരുന്നു. അവശേഷിച്ച തുക വിനിയോഗിച്ചാണ് രണ്ടാംഘട്ട പ്രവർത്തനങ്ങൾ. 165 കുടുംബങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. ഇവർക്കായി ട്രൈബൽ വകുപ്പിന്റെ 5.05 കോടി രൂപ പദ്ധതിക്കായി നാലുവർഷം മുമ്പ് അനുവദിച്ചിരുന്നു. 23 വീടുകൾ നിർമ്മിച്ചു നൽകി. 67വീടുകളുടെ അറ്റകുറ്റപ്പണിയും പൂർത്തിയാക്കി. 50 ലക്ഷം രൂപയാണ് ശേഷിക്കുന്നത്. ഇതുപയോഗിച്ച് പുതുതായി ഒരു വീടുകൂടി നിർമ്മിച്ചുനൽകും. 9 ലക്ഷം രൂപയാണ് എസ്റ്റിമേറ്റ്. നാലുമാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യം.

ട്രൈബൽ വകുപ്പിന്റെ പദ്ധതിയിലൂടെ നിർമ്മാണം തുടങ്ങി പാതിവഴിയിലുപേക്ഷിച്ച ഒരുവീടും കേടുപാടുകൾ സംഭവിച്ച് അറ്റകുറ്റപ്പണി ആവശ്യമായ 44 വീടുകളുമുൾപ്പടെ ആകെ 45 വീടുകളുടെ അറ്റകുറ്റപ്പണികളാണ് രണ്ടാംഘട്ടത്തിൽ നടത്തുക.

നിലവിലുള്ള വീടുകളുടെ അറ്റകുറ്റപ്പണി, സ്വന്തമായി വീടില്ലാത്തവർക്ക് വീട് നിർമ്മിച്ച് നൽകുക, വീടും സ്ഥലവുമില്ലാത്തവർക്ക് സ്ഥലം കണ്ടെത്തി വീടു നിർമ്മിച്ചു നൽകുക, ഉപജീവന പദ്ധതികൾ, ശൗചാലയങ്ങളുടെ നിർമ്മാണം, ആരോഗ്യവിദ്യാഭ്യാസപരമായ ആവശ്യങ്ങൾ നിറവേറ്റിനൽകുക, പഠനം അവസാനിപ്പിച്ചവർക്കു തുടർവിദ്യാഭ്യാസം നൽകുക തുടങ്ങിയവയാണു പദ്ധതിയുടെ ലക്ഷ്യം.

വി​നി​യോഗി​ക്കുന്നത് 50 ലക്ഷം രൂപ

1. പദ്ധതി പ്രകാരമുള്ള ഗുണഭോക്താക്കളിൽ അധികവും ഉള്ളാട വിഭാഗക്കാരാണ്. ഇവരുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള സഹായങ്ങളാണ് നൽകുന്നത്

2. ഓരോ കുടുംബമാണ് പദ്ധതിയിലെ അംഗം. അതിനാൽ കുടുംബത്തിനാവശ്യമായ എല്ലാ സഹായവും പദ്ധതിയിലൂടെ ലഭിക്കും

3. തൊഴിൽസാഹചര്യം മെച്ചപ്പെടുത്തുന്നതിനും തൊഴിൽ കണ്ടെത്തി നൽകുന്നതിനുമുള്ള സഹായങ്ങളും പദ്ധതിയിലൂടെ നൽകിയിട്ടുണ്ട്

 പുതുതായി നിർമ്മിക്കുന്ന വീട് - 1

 അറ്റകുറ്റപ്പണി നടത്തുന്ന വീടുകൾ- 45

പദ്ധതി പ്രകാരം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. കടുംബശ്രീയുടെ കെട്ടിടനിർമാണം യൂണിറ്റാണ് നിർമാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.

-എസ്.രഞ്ജിത്ത്,ജില്ലാ മിഷൻ കോഓർഡിനേറ്റർ,കുടുംബശ്രീ