ടെക്നോപാർക്ക് ഫേസ് 4 വിപുലീകരണം സമഗ്ര മാസ്റ്റർ പ്ളാൻ പുറത്തിറക്കി
തിരുവനന്തപുരം: ടെക്‌നോപാർക്കിന്റെ ഫേസ്4 (ടെക്‌നോസിറ്റി) വിപുലീകരണത്തിനായുള്ള സമഗ്ര മാസ്റ്റർപ്ലാൻ പുറത്തിറക്കി.389 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഫേസ് 4ൽ ലോകോത്തര ഐടി സൗകര്യങ്ങൾ, ഗവേഷണ കേന്ദ്രങ്ങൾ, അക്കാഡമിക് സ്ഥാപനങ്ങൾ,ആഗോള സംരംഭങ്ങൾ, വൻകിട നിക്ഷേപങ്ങൾ, കഴിവും നൈപുണ്യവുമുള്ള പ്രൊഫഷണലുകളെ ആകർഷിക്കുന്നതിനായി രൂപകല്പന ചെയ്തിരിക്കുന്ന സംവിധാനങ്ങൾ എന്നിവ സംയോജിപ്പിക്കുന്ന കേന്ദ്രമായിട്ടാണ് പദ്ധതി തയ്യാറാക്കുന്നത്. നഗരത്തിനുള്ളിൽ ഒരു ഉപനഗരമെന്ന നിലയിലാണ് ഫേസ്4 ലെ സൗകര്യങ്ങൾ വിഭാവനം ചെയ്യുന്നത്. തിരുവനന്തപുരത്തെ അടുത്ത സുപ്രധാന ഐടി ഡെസ്റ്റിനേഷനാണെന്ന് ഫേസ് 4യെന്ന് ടെക്‌നോപാർക്ക് സി.ഇ.ഒ കേണൽ സഞ്ജീവ് നായർ (റിട്ട) പറഞ്ഞു.
ഡൽഹി ആസ്ഥാനമായുള്ള സി.പി.കുക്രേജ ആർക്കിടെക്ടസാണ് മാസ്റ്റർപ്ലാൻ തയ്യാറാക്കിയത്.നിലവിലുള്ള ഡിജിറ്റൽ യൂണിവേഴ്സിറ്റി ഒഫ് കേരള,സൺടെക് ബിൽഡിംഗ്,കബനി ഐ.ടി ബിൽഡിംഗ്, വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ടി.സി.എസ് ഐ.ടി/ഐ.ടി അധിഷ്ഠിത ഹബ്, രണ്ട് ഐടി ടവറുകൾ, വാണിജ്യ സമുച്ചയം, റസിഡൻഷ്യൽ കോംപ്ലക്സ് എന്നിവ ഉൾപ്പെടുന്ന മിനി ടൗൺഷിപ്പ് (ക്വാഡ്) അടക്കം വൈവിദ്ധ്യമാർന്ന പദ്ധതികളും മാസ്റ്റർപ്ലാനിൽ ഉൾപ്പെടുന്നു.