പണവും സ്വർണവും തട്ടിയെത്ത സ്ത്രീ സമാനമായ കേസിൽ വീണ്ടും അറസ്റ്റിൽ
അടൂർ: അഞ്ചു ദിവസം മുൻപ് ദിവ്യദൃഷ്ടിയുണ്ടെന്ന് പറഞ്ഞ് കടമ്പനാടുള്ള വൃദ്ധ ദമ്പതികളിൽ നിന്ന് പണവും സ്വർണവും തട്ടിയെത്ത സ്ത്രീ സമാനമായ മറ്റൊരു കേസിൽ വീണ്ടും അറസ്റ്റിൽ. അടൂർ പള്ളിക്കൽ ചേന്നം പുത്തൂർ ഭാഗം തുളസീഭവനിൽ തുളസിയെ (54) ആണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. തെങ്ങമം സ്വദേശി മായാദേവിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കഴിഞ്ഞ ഞായറാഴ്ച സമാനമായ കേസിൽ തുളസിയെ ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പരാതിക്കാരി അടൂർ പൊലീസിനെ സമീപിച്ചത്. 2025 ജനുവരിയിലാണ് ഈ സംഭവം. മായാദേവിയുടെ വീട്ടിലെത്തിയ തുളസി തനിക്ക് ദിവ്യദൃഷ്ടിയുണ്ടെന്നും മകന് ജീവഹാനി ഉണ്ടാകുമെന്നും പറഞ്ഞ് ഭയപ്പെടുത്തി. തുടർന്ന് ഒരു പവൻ വരുന്ന സ്വർണമാല, ആറ് ഗ്രാം തൂക്കം വരുന്ന രണ്ട് സ്വർണകമ്മൽ എന്നിവ മായാദേവിയിൽ നിന്ന് കൈക്കലാക്കി കടന്നു കളയുകയായിരുന്നു . അടൂർ ഡിവൈഎസ്പി ജി.സന്തോഷ് കുമാർ, എസ്എച്ച്ഒ ശ്യാം മുരളി, എസ്.ഐ.നകുലരാജൻ, എസ് സി പി ഒ ബി.മുജീബ്, ആർ.രാജഗോപാൽ, ആതിര വിജയ് എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി.