ആർ.എസ്.എസിനെ പ്രകീർത്തിച്ച് മോദി; വിമർശിച്ച് പ്രതിപക്ഷം
ന്യൂഡൽഹി: ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ഇതാദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദി ആർ.എസ്.എസിനെ പ്രകീർത്തിച്ചത് രാഷ്ട്രീയവൃത്തങ്ങളിൽ വലിയ ചർച്ചയായി. രാഷ്ട്രനിർമ്മാണത്തിൽ സംഭാവന ചെയ്യുന്ന സംഘടനയെന്നാണ് ആർ.എസ്.എസിനെ മോദി വിശേഷിപ്പിച്ചത്. നൂറു വർഷം പൂർത്തിയാക്കുന്ന സംഘടനയുടെ സേവനം അഭിമാനകരമാണ്. സുവർണ അദ്ധ്യായമാണ്. സ്വയംസേവകർ ഒരു നൂറ്റാണ്ടായി മാതൃരാജ്യത്തിന്റെ ക്ഷേമത്തിനായി ജീവിതം സമർപ്പിച്ചു. ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയാണ്. ചെങ്കോട്ടയിൽ നിന്നുകൊണ്ട് എല്ലാ സ്വയംസേവകരെയും സല്യൂട്ട് ചെയ്യുന്നുവെന്നും മോദി കൂട്ടിച്ചേർത്തു. ബി.ജെ.പി ദേശീയ നേതൃത്വവും ആർ.എസ്.എസും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന അഭ്യൂഹങ്ങൾക്കിടെയാണ് മോദിയുടെ പ്രസംഗമെന്നത് ശ്രദ്ധേയമാണ്.
പദവിയിൽ തുടരാനെന്ന്
കോൺഗ്രസ് പരിഹാസം
സെപ്‌തംബറിൽ 75 വയസ് തികയുന്ന മോദി പ്രധാനമന്ത്രി പദവിയിൽ തുടരാൻ ആർ.എസ്.എസിനെ പ്രീതിപ്പെടുത്താനുള്ള ശ്രമമാണ് നടത്തുന്നതെന്ന് കോൺഗ്രസ് പരിഹസിച്ചു.
75 പിന്നിട്ട എൽ.കെ. അദ്വാനി അടക്കമുള്ള ബി.ജെ.പി നേതാക്കളെ മാർഗ്‌ദർശക് മണ്ഡൽ എന്ന പാനൽ രൂപീകരിച്ച് അതിലേക്ക് മാറ്രിയതു മനസിൽവച്ചാണ് കോൺഗ്രസിന്റെ പരിഹാസം. വ്യക്തിപരവും സംഘടനാപരവുമായ നേട്ടത്തിനായി സ്വാതന്ത്ര്യദിനത്തെ രാഷ്ട്രീയവത്കരിക്കുന്നത് ജനാധിപത്യത്തെ ആഴത്തിൽ തകർക്കുന്നതാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചു. സംശയാസ്‌പദമായ ചരിത്രമുള്ള സംഘടനയാണ് ആർ.എസ്.എസെന്നും പ്രധാനമന്ത്രിയുടെ പ്രസംഗം അതീവ ഖേദകരവും ലജ്ജാകരമെന്നും സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി വിമർശിച്ചു. ഗാന്ധിവധത്തിനു പിന്നാലെ സംഘടനയെ നിരോധിച്ചിരുന്നു. വർഗീയ കലാപങ്ങൾക്ക് പിന്നിൽ അവരുടെ പങ്ക് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ടെന്നും എം.എ. ബേബി എക്‌സ് അക്കൗണ്ടിൽ കുറിച്ചു.