അനധികൃത കുടിയേറ്റം ആശങ്കയെന്ന് മോദി  പ്രതിസന്ധി മറികടക്കാൻ പ്രത്യേക പദ്ധതി

Saturday 16 August 2025 12:42 AM IST

ന്യ‌ൂഡൽഹി: അനധികൃത കുടിയേറ്റം രാജ്യത്തിന് വലിയ ആശങ്കയും വെല്ലുവിളിയുമായി മാറിയിരിക്കുകയാണെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ പ്രതിസന്ധി മറികടക്കാൻ ഉന്നതാധികാര ദൗത്യത്തിന് തുടക്കമിടുകയാണ്. സമയബന്ധിതമായി പരിഹാരമുണ്ടാക്കും. രാജ്യത്തിന്റെ ജനസംഖ്യാ കണക്കുകളിൽ മാറ്റംവരുത്താൻ ആസൂത്രിത ഗൂഢാലോചന നടക്കുന്നു. നിയമവിരുദ്ധ കുടിയേറ്റക്കാരെ 'നുഴഞ്ഞുകയറ്റക്കാർ" എന്നാണ് മോദി വിളിച്ചത്. അവർ യുവാക്കളുടെ ഉപജീവനമാർഗത്തെ തട്ടിയെടുക്കുന്നു. സഹോദിമാരെയും പെൺമക്കളെയും ലക്ഷ്യമിടുന്നു. ആദിവാസികളെ തെറ്റിദ്ധരിപ്പിച്ച് അവരുടെ ഭൂമി തട്ടിയെടുക്കുകയാണ്. ഇതൊന്നും അനുവദിക്കാനാകില്ല. അതിർത്തികളിൽ ദേശീയ സുരക്ഷയ്‌ക്ക് പ്രതിസന്ധിയുണ്ടാക്കുന്നു. രാജ്യത്തിന്റെ ഐക്യം, അഖണ്ഡത, പുരോഗതി എന്നിവയ്‌ക്ക് ഭീഷണിയാണ്. സാമൂഹിക സംഘർഷത്തിന്റെ വിത്തുകൾ വിതയ്‌ക്കപ്പെടുന്നു. ഒരു രാജ്യത്തിനും ഇത്തരക്കാർക്കുമേൽ കീഴടങ്ങാനാകില്ലെന്നും മോദി വ്യക്തമാക്കി. ബംഗാളി സംസാരിക്കുന്ന ഇന്ത്യക്കാരെ ബംഗ്ലാദേശികളെന്ന് മുദ്ര കുത്തുന്നുവെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിക്കുന്നതിനിടെയാണ് മോദിയുടെ നിലപാട്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തുടങ്ങിയവർക്ക് നൽകുന്ന സന്ദേശമാണെന്നാണ് വിലയിരുത്തൽ. ബീഹാറിലെ വോട്ടർപ്പട്ടികയിൽ നിന്ന്, ഇന്ത്യൻ പൗരന്മാരാണെന്ന് തെളിയിക്കാൻ കഴിയാത്തവരുടെ പേരുകൾ നീക്കം ചെയ്യാൻ നടപടി ആരംഭിച്ചിരുന്നു.