ലോകവിപണി ഇന്ത്യ ഭരിക്കുന്ന നാൾ വരും

Saturday 16 August 2025 12:54 AM IST

ന്യൂഡൽഹി: ഇന്ത്യയ്‌ക്കെതിരെ ട്രംപ് കൊണ്ടുവന്ന കടുത്ത തീരുവയെ പരോക്ഷമായി ആക്രമിക്കാനും സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ മോദി മറന്നില്ല. കർഷക താത്പര്യം ബലികഴിക്കില്ല. ഡോളറിനെയും പൗണ്ടിനെയും മാത്രം ആശ്രയിക്കേണ്ടി വരില്ല. ലോകവിപണി ഇന്ത്യ ഭരിക്കുന്ന നാൾ വിദൂരമല്ല.

പാൽ, പഴവർഗ്ഗങ്ങൾ, ചണം തുടങ്ങിയവയുടെ ഉത്പാദനത്തിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. മത്സ്യം, അരി, ഗോതമ്പ്, പച്ചക്കറി ഉത്പാദനത്തിൽ രണ്ടാം സ്ഥാനത്തും. നാല് ലക്ഷം കോടി രൂപയുടെ കാർഷികോത്പന്നങ്ങളാണ് കയറ്റുമതി ചെയ്യുന്നത്. സ്വന്തം ആയുധം കൊണ്ട് ശത്രുവിനെ തകർത്ത നമുക്ക് സ്വന്തം കഴിവിൽ വിശ്വസിക്കാം. ഗുണനിലവാരമുള്ള ഉത്പന്നങ്ങളിലൂടെ ആഗോളവിപണിയിൽ നമ്മുടെ കഴിവ് തെളിയിക്കേണ്ട സമയമാണിത്. 'കുറഞ്ഞ വില, ഉയർന്ന നിലവാരം" എന്നതായിരിക്കണം ലക്ഷ്യം.

സ്വാതന്ത്ര്യസമര സേനാനികൾ സ്വതന്ത്ര ഇന്ത്യ വിഭാവനം ചെയ്തതുപോലെ ശക്തമായ ഇന്ത്യ (സമർത്ഥ് ഭാരത്) കെട്ടിപ്പടുക്കാൻ ദൃഢനിശ്ചയമെടുക്കാം. മറ്റുള്ളവരെ ഇകഴ്ത്താനായി ഊർജ്ജം പാഴാക്കരുത്. സ്വന്തം കഴിവിലും വിഭവങ്ങളിലും വിശ്വസിച്ച് മുന്നേറണം.