സല്യൂട്ട് ഓപ്പറേഷൻ സിന്ദൂർ, പാകിസ്ഥാന് ഇപ്പോഴും നിദ്രയില്ലാ രാത്രി
ന്യൂഡൽഹി: 79ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നിറഞ്ഞു നിന്നത്
'ഓപ്പറേഷൻ സിന്ദൂർ". പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗത്തിൽ യുദ്ധവീരന്മാരെ വാനോളം പ്രകീർത്തിച്ചു. പാകിസ്ഥാന് ഇപ്പോഴും നിദ്രയില്ലാത്ത രാത്രികളാണെന്ന് ചൂണ്ടിക്കാട്ടി.
'ഓപ്പറേഷൻ സിന്ദൂർ" വീരന്മാരെ സല്യൂട്ട് ചെയ്യുന്നുവെന്ന് മോദി പറഞ്ഞു. പഹൽഗാമിൽ അതിർത്തി കടന്നെത്തിയ ഭീകരർ മതം ചോദിച്ച് ആളുകളെ കൊന്നതിനും, ഭാര്യമാരുടെ മുന്നിൽ ഭർത്താക്കന്മാരെ കൊലപ്പെടുത്തിയതിനുമുള്ള മറുപടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ. സങ്കൽപ്പിക്കാൻ പോലും കഴിയാത്ത വിധത്തിൽ നമ്മുടെ ധീരസൈനികർ ശത്രുക്കളെ ശിക്ഷിച്ചു.
സേനയ്‌ക്ക് പൂർണസ്വാതന്ത്ര്യം നൽകി. അതിർത്തി കടന്ന് നൂറിൽപ്പരം കിലോമീറ്റർ കയറി ഭീകരപരിശീലന കേന്ദ്രങ്ങൾ തവിടുപൊടിയാക്കി. നമ്മുടെ രാജ്യം പതിറ്റാണ്ടുകളായി ഭീകരതയെ സഹിച്ചു. എന്നാലിപ്പോൾ അതല്ല സാഹചര്യം. ഭീകരതയെ വളർത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നവർ മാനവികതയുടെ ശത്രുക്കളാണ്.
ചെങ്കോട്ടയിലും ഡൽഹിയിലെ സുപ്രധാനമേഖലകളിലും 'ഓപ്പറേഷൻ സിന്ദൂർ" അടിസ്ഥാനമാക്കി പുഷ്‌പാലങ്കാരങ്ങൾ ഒരുക്കിയിരുന്നു. സേനയെ ആദരിക്കാൻ ഹെലികോപ്റ്ററുകളുടെ പ്രത്യേക ഫ്ലൈ പാസ്റ്റും പുഷ്‌പവൃഷ്‌ടിയുമുണ്ടായിരുന്നു.
ആണവഭീഷണി വിലപ്പോവില്ല
പാകിസ്ഥാന്റെ ആണവഭീഷണി വകവച്ചുകൊടുക്കില്ലെന്ന് മോദി പറഞ്ഞു. ഇന്ത്യയിൽ കടന്നുകയറി ഇനി ആക്രമിച്ചാൽ തകർപ്പൻ മറുപടി നൽകും. എല്ലാ ആധുനിക യുദ്ധരീതികളും നേരിടാൻ രാജ്യം സജ്ജമാണ്. രാജ്യത്തെ മിലിട്ടറി ബേസുകൾ, നിർണായക കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ, ജനവാസമേഖലകൾ എന്നിവ ലക്ഷ്യമാക്കി മിസൈലുകളും ഡ്രോണുകളും പാകിസ്ഥാൻ അയച്ചെങ്കിലും അവയെ വൈക്കോൽ പോലെ കത്തിച്ചു. ചെറിയ നാശമുണ്ടാക്കാൻ പോലും പാകിസ്ഥാന് സാധിച്ചില്ല.
മെയ്‌ഡ് ഇൻ ഇന്ത്യ അത്ഭുതം
പ്രതിരോധ രംഗത്ത് സ്വയംപര്യാപ്‌തത കൈവരിച്ചതു കൊണ്ടാണ് അതിവേഗത്തിൽ 'ഓപ്പറേഷൻ സിന്ദൂർ" നടപ്പാക്കാൻ സാധിച്ചത്. കഴിഞ്ഞ പത്തുവർഷത്തെ ശ്രമഫലമായാണിത്. 'മെയ്ഡ് ഇൻ ഇന്ത്യ"യുടെ അത്ഭുതം രാജ്യം കണ്ടു. ആയുധം ആരു തരും, ആവശ്യമുള്ളവ ലഭിക്കുമോ തുടങ്ങിയ ആശങ്കകൾ അലട്ടിയില്ല. നമ്മുടെ പക്കൽ എന്തെല്ലാം ആയുധങ്ങളുണ്ടെന്ന് ശത്രുവിന് ഒരു ധാരണയും ഉണ്ടായിരുന്നില്ല. സേന യാതൊരു ആശങ്കയുമില്ലാതെ അവരുടെ വീര്യം പ്രകടിപ്പിച്ചു.