ആനപ്പല്ലും കടുവാപ്പല്ലുമായി തമിഴ്നാട്ടുകാർ പിടിയിൽ

Saturday 16 August 2025 1:58 AM IST

കാട്ടാക്കട: ആനപ്പല്ലും കടുവപ്പല്ലുമായി തമിഴ്നാട് പേച്ചിപ്പാറ മോതിരമലൈ സ്വദേശികളായ നാലുപേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. ഷാജഹാൻ,വിശ്വംഭരൻ, കുട്ടപ്പൻ, നാഗപ്പൻ എന്നിവരാണ് വെള്ളറട ആറാട്ടുകുഴിയിൽ നിന്നു അറസ്റ്റിലായത്. ഇവരിൽ നിന്നു ആനയുടെ അഞ്ച് സെറ്റ് പല്ലും ഒരു പുലിപ്പല്ലും പിടിച്ചെടുത്തു. ആനക്കൊമ്പ് കടത്തുന്നു എന്ന ഇന്റലിജൻസിന്റെ വിവരത്തെ തുടർന്ന് പരുത്തിപ്പുള്ളി റെയിഞ്ച് ഓഫീസർ എസ്. ശ്രീജുവും ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ അനിൽകുമാറും ബീറ്റ് ഫോറസ്റ്റ് ഓഫീസർ ലക്ഷ്മിയും വാച്ചർമാരായ പ്രദീപ്,സുജിത്ത് എന്നിവരടങ്ങിയ സംഘം പരിശോധിക്കുമ്പോഴാണ് ആനയുടെ പല്ലും കടുവയുടെ പല്ലും ഇവരിൽ നിന്നും ലഭിക്കുന്നത്. വില്പന നടത്താൻ എത്തിയവരാണ് എന്നാണ് വനം വകുപ്പ് പറയുന്നത്. തമിഴ്നാട്ടിലെ വനത്തിൽ നിന്നുമാണ് ഇവ ലഭിച്ചതെന്നാണ് പ്രതികൾ ചോദ്യം ചെയ്യലിൽ പറയുന്നത്. അന്വേഷണം നടത്തിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂ.

പ്രതികളെ നെടുമങ്ങാട് വനം കോടതിയിൽ ഹാജരാക്കി. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും.