യുവാക്കളെ എറിഞ്ഞുവീഴ്ത്തിയെന്ന ആരോപണം തെറ്റുകാരല്ലെന്ന് വ്യക്തമാക്കി പൊലീസ്
തിരുവനന്തപുരം: ഈഞ്ചയ്ക്കലിൽ ബൈക്ക് യാത്രക്കാരായ യുവാക്കളെ ലാത്തികൊണ്ട് എറിഞ്ഞിട്ടശേഷം ക്രൂരമായി മർദ്ദിച്ചെന്ന ആക്ഷേപത്തിൽ, തങ്ങൾ തെറ്റുകാരല്ലെന്ന് ആവർത്തിച്ച് പൊലീസ്. ഇക്കഴിഞ്ഞ 11ന് ബൈപ്പാസിൽ മുട്ടത്തറയ്ക്ക് സമീപം കല്ലറ മിതൃമ്മല കോട്ടയിൽക്കാട് തടത്തരികത്ത് വീട്ടിൽ ദിപിൻ,ബന്ധുവായ വിശാഖ് എന്നിവർക്ക് പരിക്കേറ്റ സംഭവത്തിലാണ് പൊലീസ് അന്വേഷണ റിപ്പോർട്ട്.
സംഭവം നടക്കുമ്പോൾ പൊലീസ് സംഘം പഴവങ്ങാടിക്ക് സമീപം ജീപ്പ് നിറുത്തിയിട്ടിരിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. അപകടമുണ്ടായതറിഞ്ഞ് പട്രോളിംഗ് വാഹനം കൺട്രോൾ റൂമിൽ വിളിച്ച് അറിയിച്ചതോടെയാണ് പഴവങ്ങാടിയിൽ നിന്ന സംഘം ഈഞ്ചയ്ക്കലിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്. പൊലീസെത്തിയ ശേഷമാണ് ആംബുലൻസ് വിളിച്ചുവരുത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ സി.സി ടിവി ദൃശ്യങ്ങൾ സംഘടിപ്പിക്കാനുള്ള ശ്രമം നടത്തിയെങ്കിലും ലഭിച്ചില്ല. എന്നാൽ വാഹനാപകടത്തിലാണ് യുവാക്കൾക്ക് ഇത്രയും ഭീകരമായ പരിക്കുണ്ടായതെന്ന പൊലീസ് വാദം ഇപ്പോഴും അംഗീകരിക്കാൻ ദിപിന്റെ ബന്ധുക്കൾ തയ്യാറായിട്ടില്ല.