പുന്നാവൂർ മാവേലി സ്റ്റോറിൽ മോഷണം : 18000 രൂപ കവർന്നു

Saturday 16 August 2025 2:06 AM IST

മലയിൻകീഴ്: പുന്നാവൂർ മാവേലി സ്റ്റോർ കുത്തിത്തുറന്ന് 18000 രൂപ കവർന്നു.ഇന്നലെ പുലർച്ചെ 2.45ഓടെയായിരുന്നു മോഷണം.മറ്റ് സാധനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ല.സമീപത്തെ കോഴിഫാമിലെ സി.സി ടിവിയിൽ ബൈക്കിൽ രണ്ടുപേർ എത്തുന്നതിന്റെ ദൃശ്യങ്ങളുണ്ട്.

സ്റ്റോറിന്റെ ഗ്രില്ല് പൂട്ട് തകർത്തശേഷം ഷട്ടറിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നത്.മാറനല്ലൂർ സി.ഐ ഷിബു.വി,എസ്.ഐ കിരൺ,വിരലടയാള വിദഗ്ദ്ധർ എന്നിവർ സ്ഥലത്തെത്തി തെളിവെടുത്തു.മാറനല്ലൂർ ജംഗ്ഷനിലുള്ള ബേക്കറിയിലും വെളിയംകോട്ട് രണ്ട് കടകളിലും മോഷണശ്രമം നടന്നു.വെളിയംകോട് ഒരു കടയിൽ നിന്ന് 300 രൂപ കവർന്നു.മാറനല്ലൂരിൽ മോഷണശ്രമം നടത്തിയതും പുന്നവൂർ മാവേലി സ്റ്റോറിൽ നിന്ന് കവർച്ച നടത്തിയതും ഒരേ സംഘം തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

മാറനല്ലൂരിലെ സി.സി ടിവി ദൃശ്യത്തിലും മോഷ്ടാക്കളുടെ ബൈക്ക് വ്യക്തമായിട്ടുണ്ട്.പ്രതികൾ ഉടൻ പിടിയിലാകുമെന്ന് സി.ഐ ഷിബു.വി അറിയിച്ചു.