ഇൻഡോനേഷ്യയിൽ 365 പേർക്ക് ഭക്ഷ്യ വിഷബാധ
ജക്കാർത്ത: ഇൻഡോനേഷ്യയിൽ സ്കൂളിൽ നിന്നുള്ള സൗജന്യ ഉച്ചഭക്ഷണം കഴിച്ച 365 പേർക്ക് ഭക്ഷ്യ വിഷബാധയേറ്റു. മദ്ധ്യ ജാവയിലെ സ്രാഗനിലാണ് സംഭവം. ഫുഡ് സാമ്പിളുകൾ അധികൃതർ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചു. രാജ്യത്തെ പട്ടിണി ഇല്ലാതാക്കാൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ നടപ്പാക്കിയ സൗജന്യ ഉച്ചഭക്ഷണ പരിപാടിയിൽ ഇതിന് മുമ്പും ഭക്ഷ്യ വിഷബാധ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സ്രാഗനിൽ പദ്ധതി താത്കാലികമായി നിറുത്തിവച്ചു. കഠിനമായ വയറുവേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടതായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളിൽ ചിലർ പറഞ്ഞു. നിരവധി കുട്ടികൾ സോഷ്യൽ മീഡിയയിലൂടെയും മറ്റും ദേഹാസ്വാസ്ഥ്യം നേരിട്ടതായി വെളിപ്പെടുത്തി. നഗരത്തിലെ പൊതു കേന്ദ്രത്തിൽ തയ്യാറാക്കിയ ഭക്ഷണം വിവിധ സ്കൂളുകളിലേക്ക് വിതരണം ചെയ്യുകയായിരുന്നു. രാജ്യത്തെ 80 മില്യൺ സ്കൂൾ കുട്ടികളെ ലക്ഷ്യമിട്ട് ജനുവരിയിലാണ് ഉച്ചഭക്ഷണ പദ്ധതി സർക്കാർ നടപ്പാക്കിയത്. അന്ന് മുതൽ ആയിരത്തിലേറെ പേർക്കാണ് ഭക്ഷ്യ വിഷബാധയേറ്റതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. പദ്ധതിയുടെ നടത്തിപ്പിനായി സർക്കാർ ആവിഷ്കരിച്ച ചെലവുചുരുക്കൽ മാർഗ്ഗങ്ങൾ വൻ പ്രതിഷേധങ്ങൾക്കും ഇടയാക്കിയിരുന്നു.