യുക്രെയിൻ ചർച്ച: പുട്ടിനും ട്രംപും മുഖാമുഖം, പ്രതീക്ഷയോടെ ലോകം
വാഷിംഗ്ടൺ: മൂന്ന് വർഷമായി തുടരുന്ന റഷ്യ-യുക്രെയിൻ യുദ്ധം യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടലിലൂടെ അവസാനിക്കുമോ എന്ന ആകാംക്ഷയിൽ ലോകം. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായുള്ള ട്രംപിന്റെ നേർക്കുനേർ ചർച്ച ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ ഒന്നിന് യു.എസിന്റെ വടക്കു പടിഞ്ഞാറേ അറ്റത്തുള്ള സംസ്ഥാനമായ അലാസ്കയിൽ തുടങ്ങി. റഷ്യ-യു.എസ് ആണവായുധ നിയന്ത്രണ കരാറിനും സാദ്ധ്യതയുണ്ട്. 2021ന് ശേഷം (ജോ ബൈഡൻ പ്രസിഡന്റായിരിക്കെ) ആദ്യമായാണ് റഷ്യ-യു.എസ് പ്രസിഡന്റുമാർ കൂടിക്കാഴ്ചയ്ക്കെത്തുന്നത്.
ചർച്ചയുടെ ഫലമായി ഉടൻ യുദ്ധം അവസാനിക്കില്ലെന്ന് വ്യക്തമാണ്. പുട്ടിൻ വെടിനിറുത്തൽ കരാറിന് ആഗ്രഹിക്കുന്നുണ്ടെന്ന് ട്രംപ് പറയുന്നു. യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ഭരണകൂടം ആത്മാർത്ഥമായി ശ്രമിക്കുന്നുണ്ടെന്ന് പുട്ടിൻ പുകഴ്ത്തുകയും ചെയ്തു.
അതേ സമയം, റഷ്യയുടെ ലക്ഷ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് പുട്ടിൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ചർച്ചയിൽ യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്‌കിയെ ഉൾപ്പെടുത്താൻ ട്രംപിന് താത്പര്യമുണ്ടായിരുന്നെങ്കിലും റഷ്യ നിരസിക്കുകയായിരുന്നു.
# അതൃപ്തി, ആശങ്ക
ചർച്ചയിൽ തങ്ങളെ ഭാഗമാക്കാത്തതിൽ സെലെൻസ്‌കിയ്ക്ക് അതൃപ്തിയുണ്ട്. യുദ്ധ പരിഹാരം ലക്ഷ്യമിട്ടുള്ള ഏതൊരു ചർച്ചയിലും തങ്ങളെ ഉൾപ്പെടുത്തണമെന്നും യുക്രെയിന്റെ പങ്കാളിത്തമില്ലാതെ എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കില്ലെന്നും സെലെൻസ്കി ചൂണ്ടിക്കാട്ടുന്നു. കരാറിലെത്താൻ ചില പ്രദേശങ്ങൾ കൈമാറേണ്ടി വന്നേക്കാമെന്ന ട്രംപിന്റെ പ്രസ്താവന യുക്രെയിനും യൂറോപ്യൻ രാജ്യങ്ങളും ആശങ്കയോടെ കാണുന്നു. അതേ സമയം, പുട്ടിനുമായുള്ള ചർച്ച വിജയിച്ചാൽ ഉടൻ തന്നെ സെലെൻസ്കിയെ കാണുമെന്ന് ട്രംപ് അറിയിച്ചു.
# മണ്ണ് വിട്ടുനൽകില്ല: യുക്രെയിൻ
1. പിടിച്ചെടുത്ത, യുക്രെയിനിലെ സെപൊറീഷ്യ, ഖേഴ്സൺ, ഡൊണെസ്ക്, ലുഹാൻസ്ക് പ്രവിശ്യകൾ വിട്ടുനൽകില്ലെന്നും യുക്രെയിൻ നാറ്റോ അംഗത്വ നീക്കം ഉപേക്ഷിക്കണമെന്നും റഷ്യ
2. യുദ്ധം അവസാനിപ്പിക്കാൻ ഭൂമി വിട്ടുകൊടുക്കില്ലെന്ന് സെലെൻസ്കി. വെടിനിറുത്തൽ കരാറിന് യു.എസിന്റെയും പാശ്ചാത്യ രാജ്യങ്ങളുടെയും സുരക്ഷാ ഗ്യാരന്റികൾ വേണമെന്നും സെലെൻസ്കിയുടെ ആവശ്യം
# അലാസ്കയെ യു.എസ് വാങ്ങിയത് 72 ലക്ഷം ഡോളറിന്
ചർച്ചയ്ക്ക് വേദിയായി അലാസ്കയെ തിരഞ്ഞെടുക്കാൻ കാരണം ഭൂമിശാസ്ത്രപരമായ അടുപ്പമാണ്. റഷ്യയും അലാസ്കയും തമ്മിൽ 88 കിലോമീറ്റർ മാത്രമാണ് (ബെറിംഗ് കടലിടുക്ക് വഴി) അകലം. 135 വർഷം റഷ്യൻ സാമ്രാജ്യത്തിന്റെ നിയന്ത്രണത്തിലായിരുന്ന അലാസ്കയെ 1867ൽ 72 ലക്ഷം ഡോളറിന് യു.എസിന് നൽകി. 1959ൽ അലാസ്ക യു.എസിന്റെ 49-ാം സംസ്ഥാനമായി.
ചർച്ചയുടെ വേദി - ആങ്കറേജ് നഗരത്തിലെ യു.എസിന്റെ എമൻഡോർഫ്-റിച്ചാർഡ്സൺ സൈനിക ബേസ്
പരാജയ സാദ്ധ്യത - 25% (ട്രംപിന്റെ നിഗമനം)
ഇന്ത്യയ്ക്കും നിർണായകം - ചർച്ച പരാജയപ്പെട്ടാൽ റഷ്യക്കും ഇന്ത്യയടക്കം പങ്കാളികൾക്കും തീരുവകളും ഉപരോധങ്ങളും കടുപ്പിക്കുമെന്ന് യു.എസ് ഭീഷണി
# പുട്ടിൻ യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ വളരെ ഗുരുതരമായ സാമ്പത്തിക പ്രത്യാഘാതം അദ്ദേഹം നേരിടേണ്ടി വരും.
- ഡൊണാൾഡ് ട്രംപ്,
യു.എസ് പ്രസിഡന്റ്
----------------------------
# പുട്ടിൻ അമേരിക്കൻ മണ്ണിൽ,
പാശ്ചാത്യ രാജ്യങ്ങൾക്ക് തിരിച്ചടി
അമേരിക്കൻ മണ്ണിലെ പുട്ടിന്റെ സാന്നിദ്ധ്യം, പുട്ടിനെ ഒറ്റപ്പെടുത്താനുള്ള മറ്റ് പാശ്ചാത്യ രാജ്യങ്ങളുടെ ശ്രമങ്ങൾക്ക് തിരിച്ചടിയാണ്. യുക്രെയിനിലെ യുദ്ധക്കുറ്റങ്ങളുടെ പേരിൽ പുട്ടിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. വാറണ്ടുള്ള വ്യക്തികൾ കരാറിലൊപ്പിട്ട രാജ്യങ്ങളിൽ പ്രവേശിച്ചാൽ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം.
യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, ബ്രിട്ടൻ, ഓസ്ട്രേലിയ, കാനഡ തുടങ്ങി 125 അംഗങ്ങൾ കരാറിൽ ഒപ്പിട്ടിട്ടുണ്ട്. റഷ്യ, ഇസ്രയേൽ, യു.എസ്, ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങൾ കോടതിയിലെ അംഗങ്ങളല്ല. അതിനാൽ അലാസ്കയിലെത്തുന്ന പുട്ടിന് അറസ്‌റ്റ് ഭീഷണിയില്ല.