ഹിന്ദുയുവതിയെ പാക് പൗരൻ മതംമാറ്റി വിവാഹം കഴിച്ചു, വഴിവിട്ട ബന്ധം ഭാര്യ പിടിച്ചതോടെ എല്ലാം പൊളിഞ്ഞു, അറസ്റ്റ്

Saturday 16 August 2025 9:33 AM IST

ഹൈദരാബാദ്: ഹിന്ദുയുവതിയെ നിർബന്ധിച്ച് മുസ്ലീമാക്കിയശേഷം വിവാഹം കഴിച്ച പാക് പൗരനെ പൊലീസ് അറസ്റ്റുചെയ്തു. 1998ൽ ഇന്ത്യയിലെത്തിയ ഫഹദ് എന്ന യുവാവാണ് പിടിയിലായത്. ഇയാളുടെ കാമുകിയെയും അറസ്റ്റുചെയ്തിട്ടുണ്ട്. ഫഹദിന്റെ ഭാര്യ നൽകിയ വിവരത്തെത്തുടർന്നാണ് പൊലീസ് ഇരുവരെയും പിടികൂടിയത്.

ഇന്ത്യയിലെത്തിയ ഫഹദ്, കീർത്തി എന്ന യുവതിയുമായി അടുപ്പത്തിലായി. താൻ പാക് പൗരനാണെന്ന കാര്യം ഇയാൾ കീർത്തിയിൽ നിന്ന് മറച്ചുവച്ചു എന്നാണ് റിപ്പോർട്ട്. ബന്ധം ശക്തമായതോടെ ഇവർ വിവാഹിതരാവാൻ തീരുമാനിച്ചു. എന്നാൽ വിവാഹം കഴിക്കണമെങ്കിൽ കീർത്തി മുസ്ലീം മതത്തിലേക്ക് മാറണമെന്ന് ഫഹദ് വാശിപിടിച്ചു. ഒടുവിൽ നിർബന്ധത്തിനുവഴങ്ങി കീർത്തി മതം മാറുകയും ദോഹ ഫാത്തിമ എന്ന പേര് സ്വീകരിക്കുകയും ചെയ്തു. 2016ലായിരുന്നു ഇവരുടെ വിവാഹം. തുടർന്ന് ഹൈദരാബാദിൽ താമസവുമാക്കി.

അങ്ങനെയിരിക്കെയാണ് ഓഫീസിലെ സഹപ്രവർത്തകയുമായി ഫഹദിന് ബന്ധമുണ്ടെന്നകാര്യം കീർത്തി അറിയുന്നത്. ഇക്കാര്യം ശരിയാണെന്ന് വ്യക്തമായതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. പാക് പൗരനാണെന്ന കാര്യം മറച്ചുവച്ചുവെന്നും തന്നോട് പറയാതെ ഫഹദ് പാസ്പോർട്ടും മറ്റ് യാത്രാരേഖകളും പുതുക്കുന്നതിനായി കമ്മീഷണറുടെ ഓഫീസിൽ പോകാറുണ്ടായിരുന്നു എന്നും കീർത്തി പരാതിയിൽ ആരോപിക്കുന്നുണ്ട്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഫഹദിനെയും കാമുകിയെയും പിടികൂടിയത്.

നിർബന്ധിത മതപരിവർത്തനം, വിശ്വാസവഞ്ചന എന്നിവ ചെയ്ത ഫഹദിനെതിരെ കർശന നടപടി വേണമെന്നാണ് കീർത്തിയുടെ ആവശ്യം. പിടിയിലായ ഇരുവരെയും പൊലീസ് വിശദമായി ചോദ്യംചെയ്യുകയാണ്.