ഭർതൃമതിയായ സ്ത്രീ അന്യമതസ്ഥനായ മലയാളി യുവാവിനൊപ്പം ഒളിച്ചോടി; ലൗജിഹാദെന്ന് ആരോപണം, പിന്നാലെ പ്രതിഷേധം
Saturday 16 August 2025 10:43 AM IST
മൈസൂരു: കർണാടകയിൽ ഭർതൃമതിയായ സ്ത്രീ മലയാളി യുവാവിനൊപ്പം ഒളിച്ചോടി. ബങ്കൽ സ്റ്റേഷൻ പരിധിയിലുള്ള ഒരു ഗ്രാമത്തിലെ സ്ത്രീയാണ് അന്യമതസ്ഥനായ യുവാവിനൊപ്പം ഇറങ്ങിപ്പോയത്. യുവതിയുടെ ഭർത്താവിന്റെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവരെ കേരളത്തിൽ നിന്ന് കണ്ടെത്തി.
തുടർന്ന് യുവതിയെ ബങ്കൽ പൊലീസ് സ്റ്റേഷനിലെത്തിച്ചു. വിവരമറിഞ്ഞ പ്രാദേശിക ഹിന്ദുസംഘടനാ നേതാക്കളും പ്രവർത്തകരും സ്റ്റേഷന് മുന്നിലെത്തി. ലൗജിഹാദാണെന്ന് ആരോപിച്ച് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. ഇതോടെ പൊലീസ് ഗേറ്റ് അടച്ചു. തുടർന്ന് പ്രവർത്തകർ സമീപത്തെ ദേശീയപാത ഉപരോധിച്ചു. പരാതിക്കാരോട് സംസാരിച്ച് രണ്ട് ദിവസങ്ങൾക്കുള്ളിൽ നടപടി സ്വീകരിക്കുമെന്ന ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.