സ്‌ത്രീകൾക്ക് സൗജന്യ ബസ് യാത്ര നടപ്പിലാക്കി മറ്റൊരു ദക്ഷിണേന്ത്യൻ സംസ്ഥാനം കൂടി

Saturday 16 August 2025 11:15 AM IST

അമരാവതി: ആന്ധ്രാപ്രദേശിൽ ഇനിമുതൽ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര. സംസ്ഥാനവ്യാപകമായി വനിതകൾക്ക് സൗജന്യ ബസ് യാത്ര അനുവദിച്ചുകൊണ്ടുള്ള 'സ്‌ത്രീശക്തി' പദ്ധതി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിക്കൊപ്പം ഉപമുഖ്യമന്ത്രി പവൻ കല്യാൺ, ഐടി മന്ത്രി നരാ ലോകേഷ് എന്നിവർ സ്ത്രീകൾക്കൊപ്പം ഉദ്ഘാടനയാത്രയിൽ പങ്കെടുത്തു. ആന്ധ്രാപ്രദേശ് സംസ്ഥാന റോഡ് ട്രാൻസ്‌പോർട്ട് കോ‌‌ർപ്പറേഷനാണ് (എപിഎസ്‌ആർടിസി) പദ്ധതി നടപ്പിലാക്കുന്നത്.

സ്ത്രീകൾക്കും പെൺകുട്ടികൾക്കും പൂജ്യം നിരക്കുള്ള പ്രത്യേക ടിക്കറ്റുകളാവും നൽകുക. റീഇംബേഴ്‌സ്‌മെന്റിനായി എപിഎസ്‌ആർടിസി ഈ ടിക്കറ്റുകൾ സർക്കാരിന് സമർപ്പിക്കും. ആന്ധ്രാപ്രദേശിൽ താമസിക്കുന്നവർക്ക് മാത്രമാണ് സൗജന്യ ബസ് യാത്ര ലഭ്യമാവുക. തിരിച്ചറിയൽ രേഖ ബസ് കണ്ടക്‌ടറെ കാണിക്കണം.

കഴിഞ്ഞ നിയമസഭാ തിരഞ്ഞടുപ്പിൽ ടിഡിപി നേതൃത്വത്തിലുള്ള എൻ‌ഡിഎ സർക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര. പ്രതിവർഷം 1942 കോടി രൂപയാണ് പദ്ധതി ചെലവായി കണക്കാക്കുന്നത്. അതേസമയം, പല്ലലെലുഗു, അൾട്രാ പല്ലലെലുഗു, സിറ്റി ഓർഡിനറി, മെട്രോ എക്‌സ്‌പ്രസ്, എക്‌സ്‌‌പ്രസ് സർവീസുകൾക്ക് മാത്രമാണ് സൗജന്യ യാത്ര ലഭ്യമാവുക. നോൺ സ്റ്റോപ്പ് സ‌ർവീസുകൾ, അന്തർസംസ്ഥാന സർവീസുകൾ, കോൺട്രാക്‌ട് കാരിയേജുകൾ, ചാർട്ടേഡ് സർവീസുകൾ, പാക്കേജ് ടൂറുകൾ, സപ്‌തഗിരി എക്‌സ്‌പ്രസ്, അൾട്രാ ഡീലക്‌സ്, സൂപ്പർ ലക്ഷ്വറി, സ്റ്റാർ ലൈനർ, എയർ കണ്ടീഷൻഡ് ബസുകൾ എന്നിവയ്ക്ക് സൗജന്യ ബസ് യാത്ര ലഭ്യമാവുകയില്ല. നേരത്തെ തമിഴ്‌നാടും കർണാടകയും സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര അനുവദിച്ചുകൊണ്ടുള്ള പദ്ധതി നടപ്പിലാക്കിയിരുന്നു.