പ്രണയ രസതന്ത്രം

Sunday 17 August 2025 4:14 AM IST

അഴിമുഖം അടുക്കുമ്പോൾ പുഴയുടെ ഒഴുക്കിന് വേഗം കൂടുമോ എന്ന് അറിഞ്ഞുകൂടാ. കടലിന്റെ തിരക്കൈകൾ അതിനെ കാത്തുകിടക്കുകയായിരിക്കുമല്ലോ. ഇടവഴിയുടെ വളവിൽ, ഒരു മ‍ഞ്ഞപ്പാവാടത്തുമ്പിന്റെ ചിത്രം ഉലഞ്ഞുകാൺകെ എന്തിനാണ് നെഞ്ച് ഇങ്ങനെ മിടിക്കുന്നത്? ഒരു ചുംബനത്തിന്റെ പൊള്ളുന്ന ഭാരം സദാ കൊണ്ടുനടക്കുന്ന ചുണ്ടുകൾ ഇങ്ങനെ വിറകൊള്ളുന്നത്? അനുരാഗം അതിന്റെ ആയിരം കൈകൾ ചേർത്ത് പൊതിഞ്ഞുപിടിക്കും നേരം ശരീരം ഇങ്ങനെയൊക്കെ വിറകൊള്ളുമായിരിക്കും... ആർക്കറിയാം?

എവിടെയാണ് പ്രണയത്തിന്റെ രാസശാല? ഹൃദയത്തിലോ? രക്തത്തിലോ? ഇരിപ്പിടമറിയാത്ത മനസിലോ? പ്രണയിച്ചിരുന്ന കാലത്ത് അറിഞ്ഞിരുന്നതേയില്ല, അതിന്റെ ഉറവകൾ പിറക്കുന്നത് മസ്തിഷ്കത്തിന്റെ മഹാഖനിയിൽ (ടെംപറൽ ലോബിൽ), ഹിപ്പോകാമ്പസിനും അമിഗ്‌ദലയ്ക്കും മദ്ധ്യേ എവിടെയോ ആണ് അതെന്ന്. പ്രണയത്തെ ഇങ്ങനെ ശസ്ത്രക്രിയാ മേശയിൽ അറുത്തുമുറിച്ച് കിടത്താമോ എന്നൊരു അശരീരി!

പുഴയ്ക്കും കടലിനുമിടയിൽ പിറന്ന വെപ്രാളമത്രയും എന്റെ ആണുടലിനും നിന്റെ പെണ്ണുടലിനും അതുവരെയും അജ്ഞാതമായ ശരീരശാസ്ത്രം തന്നെയായിരുന്നു! നിന്നെക്കുറിച്ചുള്ള ഓർമ്മകളോരോന്നിലും അതിനെ ത്രസിപ്പിച്ചുകൊണ്ടിരുന്നത് ഹൈപ്പോതലാമസിലെ വിചിത്രമായ 'രാസ"കേളികളായിരുന്നു!

പ്രണയത്തിന്റെ രാസപാഠം

ഇടവഴിയിൽ, നീ എതിരെ വരുമ്പോൾ മുഖം പോലും തെളിയും മുമ്പേ ഹൃദയം കുതികൊള്ളുമായിരുന്നത് ഓർമ്മയുണ്ട്. ഇപ്പോൾ, പ്രണയത്തിന്റെ രസതന്ത്ര പുസ്തകം പറഞ്ഞുതരുന്നു; 'സുഹൃത്തേ, അത് തലച്ചോറിൽ ഡോപമീൻ ഹോർമോണിന്റെ ദൂതവാക്യമായിരുന്നു!" ട്രയോസിൻ എന്നൊരു അമിനോ അമ്ളത്തിൽ (അമിനോ ആസിഡ്) നിന്ന് മദ്ധ്യമസ്തിഷ്കം വാറ്റിയെടുക്കുന്ന പ്രണയദ്രവം- ഡോപമീൻ. പ്രണയം ഉദിക്കുമ്പോൾ മാത്രമല്ല, വെറുതെയിരിക്കുമ്പോഴും എന്നെയും നിന്നെയും സന്തുഷ്ട മാനസരാക്കുന്ന ദിവ്യപ്രവാഹം.

ഞാനും നീയും തമ്മിൽ ഒരു 'കെമിസ്ട്രി"യുണ്ടെന്ന് ഒരിക്കൽ അവർ പറഞ്ഞപ്പോൾ ചിരിച്ചുകളഞ്ഞ കാലത്ത് ഞാൻ പുഴയും നീ കടലുമായിരുന്നു. പുഴ ഒഴുകുകയും, കരകളുടെ തടവിൽ കടൽ തുളുമ്പുകയും ചെയ്തുകൊണ്ടിരുന്നു. പ്രണയത്തിന്റെ ചോദ്യങ്ങൾ ബാക്കിയായിരുന്നു. അരികെ, എന്റെ ഗന്ധത്തിൽ പൊതിഞ്ഞുനില്ക്കെ നിന്റെ ചുണ്ടുകൾക്കു മീതെ നനവിന്റെ മുത്തുകൾ കിളിർക്കാനെന്ത്? വിരലറ്റത്ത് ഒന്നു തൊടുമ്പോഴേയ്ക്കും നീയിങ്ങനെ നീലക്കടമ്പായി നിറയെ പൂക്കാനെന്ത്? പുഴയിലേക്ക് കാലുകൾ നീട്ടിക്കിടന്ന് വിരലുകൾ കൊരുത്തുപിടിക്കെ നീ പരൽമീനായി പിടയ്ക്കാനെന്ത്? അതൊരു പ്രണയദൂതാണ്...

മസ്തിഷ്കത്തിലെ നാഡീകോശങ്ങൾക്കിടയിലെ സന്ദേശവാഹകരത്രേ ഡോപമീൻ ഉൾപ്പെടെ ന്യൂറോ ട്രാൻസ്‌മിറ്ററുകൾ. ശബ്ദമില്ലാത്ത മിന്നൽ പോലെ, തലച്ചോറിലെ ആകാശമേഘങ്ങൾക്കിടയിൽ പിറക്കുന്ന നിമിഷദ്യുതികൾ! മറ്റു ന്യൂറോണുകളിലേക്ക്, പേശീകോശങ്ങളിലേക്ക്, ഗ്രന്ഥികളിലേക്ക് ഇവർ നിരന്തരം രാസസന്ദേശങ്ങൾ തൊടുത്തുകൊണ്ടേയിരിക്കുന്നു: ഉറക്കംവരുന്നു; ഉറങ്ങ്! വിശക്കുന്നു; വല്ലതും കഴിക്ക്! നിന്റെ പ്രണയിനി വരുന്നു; ഹൃദയപേശികളേ, ഒന്നു വേഗത്തിൽ തുഴഞ്ഞ് രക്തവേഗത്താൽ അവനെ താപസമുദ്രത്തിലാഴ്‌ത്ത്...!

ഇതൊന്നുമറിയാതെ ഇടവഴിയിൽ നിന്നെ മറികടന്നുപോകെ എത്രവട്ടം ഞാൻ വിയർത്തുകുളിച്ചിരിക്കുന്നു; ശ്വാസംകഴിക്കാൻ പോലുമാകാതെ വീർപ്പുമുട്ടിയിരിക്കുന്നു; എന്തെങ്കിലും മിണ്ടുവാനാഞ്ഞ്, ധൈര്യമില്ലാതെ വാക്കുകൾ പൂട്ടിവച്ചിരിക്കുന്നു! അതിനും കുറേ പണ്ട്, തമ്മിൽ പ്രണയമാണെന്ന് തിരിച്ചറിയും മുമ്പ്, പിന്നെയും പിന്നെയും കാണുവാൻ തോന്നുമായിരുന്നതിന്റെ രഹസ്യവും ഒരു രസതന്ത്രജാലം തന്നെ!

അനുഭൂതികളുടെ ആവർത്തനം

ചില തോന്നലുകൾ, കാഴ്ചകൾ, ശബ്ദങ്ങൾ, സ്പർശങ്ങൾ, നിനവുകൾ... ഓരോ ശരീരകോശത്തെയും ആനന്ദമയമാക്കുന്ന ഏതിനു മുന്നിലേക്കും നിന്നെ വീണ്ടും വീണ്ടും പിടിച്ചുനിറുത്താനും, അത്തരം ആവർത്തനങ്ങൾക്കൊണ്ട് ഘനമയമായ ആനന്ദത്തിന്റെ ഒരു അന്തരീക്ഷം സൃഷ്ടിക്കാനും മിടുക്കുള്ളൊരിടമുണ്ട് മസ്തിഷ്കത്തിൽ. ഇടമല്ല, അതൊരു പദ്ധതിയാണ്- അമിഗ്‌ദലയും ഹിപ്പോകാമ്പസും പ്രീഫ്രോണ്ടൽ കോർട്ടക്സുമെല്ലാം ചേർന്ന്, അനുഭൂതികളുടെ ഒരു പ്രവാഹ പദ്ധതി.

പ്രിയമുള്ളൊരാളെ കാണുമ്പോൾ, ഒരൊറ്റ നിമിഷം ധമനികളിലൂടെ പടർന്നുകയറുന്നൊരു വിദ്യുൽപ്രവാഹമുണ്ടല്ലോ- നല്ല മഞ്ഞുള്ള രാത്രിയിൽ, പെട്ടെന്ന് കതകു തുറന്ന് മുറ്റത്തേക്കിറങ്ങുമ്പോൾ ഉടലാകെ പൊട്ടിത്തരിച്ചുണരുന്ന ഉഷ്ണനദിയുടെ ഉള്ളുരുക്കം! ശാരീരികമായ ഏത് ആഹ്ളാദാനുഭവത്തിന്റെയും ആവർത്തനം കൊതിക്കുന്നതാണ് മസ്തിഷ്കത്തിലെ 'റിവാർഡിംഗ് സിസ്റ്റ"ത്തിന്റെ കുസൃതി. അവിടെത്തന്നെ രണ്ട് മസ്തിഷ്ക ഭാഗങ്ങൾ- കോയേറ്റ് ന്യൂക്ളിയസും വെൻട്രൽ ടെഗ്‌മെന്റഡ് ഏരിയയും. ഇരുവരും ചേർന്ന് തയ്യാറാക്കുന്ന രഹസ്യ പദ്ധതിയുടെ മധുരാലിംഗനത്തിൽ ഞാൻ നിന്നോടു ചോദിച്ചു: 'ഇതുപോലെ എപ്പോഴാണിനി?"

'നീ പറയുമ്പോൾ..."

'ഞാൻ പറയുമ്പോൾ വരുമോ?"

'ഉരുൾപൊട്ടിയതുപോലെ മലവെള്ളപ്പാച്ചിലിൽ നീ പുഴയായി കവിഞ്ഞൊഴുകുന്നു. എന്റെ ഹൃദയമാകട്ടെ,

ഇറക്കമില്ലാത്ത വേലിയേറ്റമാകാൻ ഇരമ്പിനില്ക്കുന്നു. വരാതെ വയ്യ!"

ഞാനും നീയും പിന്നെയും പിന്നെയും കണ്ടുകൊണ്ടേയിരുന്നു.

ഡോപമീൻ നായകൻ

ആനന്ദത്തിന്റെ ഈ ആവർത്തനങ്ങൾക്ക് തിരക്കഥയെഴുതുന്ന മസ്തിഷ്കത്തിന്റെ 'റിവാർഡിംഗ് സിസ്റ്റ"ത്തെ ഉണ‌ർത്തുന്നതും, അതിനെ ത്രസിപ്പിക്കുന്നതും ഡോപമീൻ ആണ്. പക്ഷേ, ഡോപമീൻ മാത്രമല്ല, അതിനൊപ്പം പ്രണയത്തെ അമ്പരപ്പിക്കുന്ന വിചിത്രഭാവങ്ങളിലേക്ക് പകർത്തിയെഴുതുന്ന അനുഭവമാക്കിത്തീർക്കുന്ന വേറെ രണ്ട് ഹോർമോണുകൾ കൂടിയുണ്ട്: ഓക്സിടോസിനും വാസോപ്രസിനും! രണ്ടും ഗർഭാവസ്ഥയിലും മുലയൂട്ടൽ കാലത്തും ഗ്രന്ഥികളുടെ തീരംകവിയുന്നവ! അതുകൊണ്ടത്രേ, പ്രണയമൂർച്ഛയുടെ കൊടുമുടിയിൽ അവൾ പറ‍യുന്നത്: 'പ്രിയനേ, നീയിപ്പോൾ ഒരു ദൈവപുത്രനായി മടിയിൽ കിടക്കുന്നതുപോലെ! ഈ മാറിടം തുളുമ്പിപ്പോകുമോ എന്നാണ് സത്യമായും എനിക്കു പേടി!"

പ്രണയസ്പർശങ്ങളിലേക്ക് ആസക്തിയുടെ ഒരു തുള്ളി അഗ്നിജലം വീഴ്‌ത്തുന്ന രഹസ്യകർമ്മം ഓക്സിടോസിന്റേതാണ്. ശരീരത്തിന്റെ രസതന്ത്രശാലയിലെ പ്രണയപരാഗമെന്ന് അവന് അപരനാമം സമ്മാനിക്കപ്പെട്ടത് വെറുതെയല്ല. പ്രണയാസക്തിയുടെ ലാവാജലത്തിൽ നീന്തിനീന്തി രണ്ട് പരൽമീനുകൾ നേരം പുലർന്നതറിയാതെ പുണർന്നുകിടന്നു. അങ്ങനെ കുറേനേരം കിടന്നപ്പോൾ ഒന്ന് മറ്റൊന്നിനോട് ചോദിച്ചു: 'ഇനി പിരിയുക സാദ്ധ്യമോ?" പിന്നെ, അതൊരു ദീർഘപ്രണയമായി, ഇരുവരും ചേർന്ന് ഒരൊറ്റ ജീവനായി, സമയത്തിന്റെ അടിത്തട്ടിലേക്ക് ചിറകു താഴ്‌ത്തി.

ഇണകൾ തമ്മിൽ, 'ഇനി നമുക്ക് എക്കാലത്തേക്കുമായി ഒരുമിക്കാം" എന്നൊരു ദൈവിക ഉടമ്പടിയുടെ പ്രാർത്ഥനയിലേക്ക് എത്തുന്നതിനു പിന്നിൽ വാസോപ്രസിൻ എന്ന ഹോർമോൺ ആണ്. പതിവ്രതകളെയും ഏകപത്നീവ്രതക്കാരെയും അദൃശ്യമായൊരു താമരനൂലിൽ പങ്കാളിയോട് കോർത്തിടുന്ന ചൂണ്ടയാകുന്നു, വാസോപ്രസിൻ. പ്രണയത്തിൽ നിന്ന് പ്രേമത്തിലേക്കും, ആസക്തിയിൽ നിന്ന് ആത്മീയമായ അനുരാഗത്തിലേക്കും ദിശ മാറുന്നൊരു പ്രതിഭാസമാണത്.

നാഡീപഥങ്ങൾ നിശ്ചയിക്കും

പ്രണയം അന്ധമാണെന്ന് ആദ്യം പറഞ്ഞത് ആരായാലും, പറഞ്ഞത് സത്യമായതുകൊണ്ടാണ് പ്രണയത്തിലെ ഞാനും നീയുമല്ലാത്ത മൂന്നാമൻ ഇപ്പോഴും നെറ്റിചുളിച്ച് അതുതന്നെ പറയുന്നത്: 'നിനക്കെന്താ,​ കണ്ണില്ലായിരുന്നോ?​" മസ്തിഷ്കത്തിൽ പ്രണയത്തിന്റെ അഗ്നിരേഖ വരയ്ക്കുന്ന രാസശലാകകളുടെ മൂർച്ചയറിയാത്തതുകൊണ്ടാവും ആ പഴിപറച്ചിൽ! ആ രഹസ്യം ഇങ്ങനെയാണ്: പ്രണയത്തിന്റെ അനുകൂല ഭാവങ്ങളും പ്രതികൂല ഭാവങ്ങളും ഭരിക്കുന്നത് രണ്ട് നാഡീപഥങ്ങൾ (neurological pathway). ആദ്യത്തേത് പ്രീഫ്രോണ്ടൽ കോർട്ടക്സിനെ ആനന്ദത്തിന്റെയും ആഹ്ളാദത്തിന്റെയും പ്രതിഷ്ഠാപീഠമായ ന്യൂക്ളിയസ് അക്കംബൻസുമായി ബന്ധിപ്പിക്കും. പ്രതികൂല പാഠം വായിക്കുന്ന രണ്ടാമത്തെ നാഡീപഥമാകട്ടെ, 'യുക്തിചിന്തയുടെ സോക്രട്ടീസ്" ആയ അമി‌ഗ്‌ദലയിലേക്ക് വിരൽ നീട്ടുന്നു!

രണ്ട് നാഡീപഥത്തിനും വെവ്വേറെ വാതിലുകൾ. ഒരേനേരത്ത് ഒന്നേ തുറക്കപ്പെടൂ. പ്രണയത്തിന്റെ സ്വർഗവാതിൽ തുറക്കപ്പെടുമ്പോൾ യുക്തിചിന്തയുടെ നരകവാതിലുകൾ ശബ്ദം കേൾപ്പിക്കാതെ അടയും! അമിഗ്‌ദലയ്ക്കു മീതെ പ്രീഫ്രോണ്ടൽ കോ‌ർട്ടക്‌സ് ആധിപത്യം സ്ഥാപിക്കുന്ന ആ സുന്ദര നിമിഷത്തിൽ, മുഖക്കുരുവിന്റെ വടുക്കൾ പടർന്ന നിന്റെ മുഖം കൈക്കുമ്പിളിലെടുത്ത് ഞാൻ പറഞ്ഞു: 'എന്നോടുള്ള പ്രണയത്താൽ പൂക്കുന്ന ഈ എരിക്കിൻപൂക്കളിൽ വിരൽതൊടുമ്പോൾ ഞാനിതാ, നിന്റെ ഹൃദയം തൊടുന്നു!"

അപ്പോൾ അവൾ പറഞ്ഞു: 'പ്രിയനേ, നിന്റെ സാമീപ്യത്താൽ ഞാൻ ഭയാശങ്കകൾ ഒഴിഞ്ഞവളായിരിക്കുന്നു. ഈ തീ വെയിലിൽ ഭൂമിയുടെ അറ്റത്തോളം നടക്കുവാൻ എനിക്ക് നിന്റെ കൈവിരൽത്തുമ്പു മാത്രം മതി! ഞാൻ ഭയരഹിതയായും ശക്തയായും ഇരിക്കയാൽ, ബന്ധുജനങ്ങൾക്കു മുന്നിൽ ധിക്കാരിയായി വിളിക്കപ്പെടും. എന്റെ പ്രണയം ധിക്കാരമെന്ന് വിധിക്കപ്പെടും!" യുക്തിചിന്തയുടെ വാതിൽ ചേർത്തടച്ച്, പ്രീഫ്രോണ്ടൽ കോർട്ടക്സിനെ ശ്വാസംമുട്ടിച്ച്, അനുരാഗ നാഡീപഥത്തിന്റെ തിരനാടകം കണ്ടോ! പ്രണയം അന്ധമാകാതിരിക്കുന്നത് എങ്ങനെ?

പറയരുതാത്ത പ്രണയപാപം

ഇന്ദ്രിയങ്ങൾ വിതയ്ക്കുന്ന പാപവിചാരങ്ങൾ തൊടാത്തതെന്ന് അഹങ്കരിക്കുന്ന ദിവ്യപ്രണയങ്ങളേ, നിങ്ങളോട് ഒരുവാക്ക് മാപ്പു പറയാതെ വയ്യ! കാരണം, ജീവശാസ്ത്രപരമായി അങ്ങനെയൊന്നില്ലെന്ന ഗവേഷണ പഠനങ്ങളെ വിശ്വസിക്കേണ്ടിവരും. അറിയാതെയെന്നോണം ഒരു പാതിനോട്ടം,​ വായിച്ചുതീർന്ന പുസ്തകം പരസ്പരം കൈമാറുമ്പോൾ വിരലുകൾ തമ്മിലൊരു മിണ്ടാട്ടം,​ കോളേജിന്റെ താഴത്തെ നിലയിലേക്കുള്ള പടിക്കെട്ടുകളുടെ തിരക്കിൽ ഉരുമ്മിയിറങ്ങവേ,​ ഉലഞ്ഞുപാറിയ മുടിത്തുമ്പിൽ നിന്നൊരു ഋതുഗന്ധം... അത്രയും മതി,​ ഓക്സിടോസിനും ഡോപമീനുമെല്ലാം ചേർന്ന് ഇന്ദ്രിയബോധത്തിനു മീതെ അഭിനിവേശങ്ങളുടെ മഹാവർഷമായി പെയ്തുതുടങ്ങാൻ.

അങ്ങനെ,​ തീർത്തും ഇന്ദ്രിയബന്ധിതവും അവിചാരിതവുമായൊരു ഉണർച്ചയുടെ അനൂഭൂതിയിൽ നിന്നത്രേ,​ ഏത് അനുരാഗാങ്കുരവും! തൃഷ്ണയുടെ തരുണാനുഭവത്തിൽ നിന്നത്രേ,​ പ്രണയമേഘങ്ങളിൽ മഴവിത്തുകൾ മുളപൊട്ടുന്നത്. അറിയാതെ ഉണർന്നുപോയ മസ്തിഷ്കം,​ അതേ വിജൃംഭിതാനുഭവം ആവർത്തിക്കാൻ കൊതിച്ചുപോകുന്നത് സ്വാഭാവികം. തലച്ചോറിൽ,​ നേരത്തേ പറഞ്ഞ നാഡീപഥങ്ങളുണ്ടല്ലോ- ഡോപമീൻ ഉൾപ്പെടെയുള്ള ഹോർമോണുകളെ (ന്യൂറോ ട്രാൻസ്‌മിറ്റ‌ർ) വിളിച്ചുണർത്തിയ പൂർവാനുഭവങ്ങളെ സ്വന്തം ഡയറിയിൽ എഴുതിവയ്ക്കാനുമുണ്ട്, ഈ നാഡീപഥങ്ങൾക്കു വിരുത്! ആ സന്ദേശം കൗതുകപൂർവം വായിക്കുന്ന മസ്തിഷ്കത്തിന് മനസിലാകും അതിന്റെ ഉദ്ദേശ്യം: 'ആ അവിചാരിതം വീണ്ടും വീണ്ടും സംഭവിക്കട്ടെ!'

ഇന്ദ്രിയങ്ങളുടെ പഞ്ചസായകത്തിൽ പ്രണയമൂർച്ച അധികമേതിന്?​ കാഴ്ച,​ കേൾവി,​ സ്പർശം,​ രുചി... ഈ നാലിനെയും പിന്നിലാക്കുന്നതാണ്,​ പ്രമുഖ അമേരിക്കൻ ന്യൂറോ സർജനും പ്രണയരഹസ്യങ്ങളുടെ ആഴം തിരഞ്ഞുകൊണ്ടേയിരിക്കുന്ന ഗവേഷകനുമായ ഡോ. ഫിലിപ്പ് സ്റ്റീഗിന്റെ പഠനങ്ങളിൽ ഗന്ധത്തിന്റെ റാങ്കിംഗ്! ഹോർമോണുകൾ ശരീരത്തിന്റെ ആന്തരപഥങ്ങളിൽ അഭിനിവേശത്തിന്റെ അമ്പ് തൊടുക്കുമ്പോൾ,​ ഫെറമോണുകൾ എന്ന് മറ്റൊരു രാസകഥാപാത്രമുണ്ട്! കുറേക്കൂടി സങ്കീർണമാണ് ഫെറമോണുകളുടെ ദൂതവാക്യം. ശരീരത്തിൽ നിന്ന് പുറത്തേക്കു പ്രവഹിച്ച്,​ ഇണയ്ക്കു ചുറ്റും അദൃശ്യമായൊരു അനുഭൂതിവലയം തീർക്കുകയും,​ ഒരു കാണാച്ചരടിനാൽ പങ്കാളിയെ തടവിലാക്കുകയും ചെയ്യുന്ന മായാജാലം! ശരീരസ്രവങ്ങളിലെല്ലാമുണ്ട്,​ ഇത്തരം ഫെറമോണുകളും അവയുടെ സന്ദേശഗന്ധവും!

ഉണർത്തുന്ന ഗന്ധങ്ങൾ

ഇന്നലെ,​ പടിക്കെട്ടുകളുടെ തിരക്കിലൂടെ ഊളിയിട്ടിറങ്ങവേ നിന്റെ മുടിയിഴകളിൽ പുരണ്ടിരുന്ന കാച്ചെണ്ണയുടെ മണത്തിനും മീതെ നിന്റെ വിയർപ്പുഗന്ധവും ഇഴചേർന്നിരുന്നു. നിന്റെ ഉടൽപൊതിഞ്ഞ്,​ ഫെറമോണുകളുടെ ഒരു ഗന്ധവലയം. അത് എന്നെത്തന്നെ മൂടുമെന്നു തോന്നി. മസ്തിഷ്കത്തിലേക്ക് പറന്നു ചേക്കേറിയ ഗന്ധത്തിന്റെ മേൽവിലാസം അപ്പോൾ നാഡീപഥങ്ങളുടെ പുഴ കടന്ന്,​ ന്യൂക്ളിയസ് അക്കംബൻസിനു കൈമാറുകയായിരുന്നു. അവിടെ നിന്ന് പ്രീഫ്രോണ്ടൽ കോർട്ടക്സിലേക്ക് അടിയന്തരസന്ദേശം- ഓർത്തുവയ്ക്ക്; ഇതാണ് നിന്നെ ഉണർത്തുന്ന ശരീരഗന്ധം. അമിഗ്‌ദലയുടെ യുക്തിചിന്തകൾ മിഴിപൂട്ടി. അവിശുദ്ധ വിചാരമല്ലേ ഇതെല്ലാമെന്ന ധർമ്മചിന്തയുടെ സംശയത്തിന് അല്ലെന്ന്,​ ശരീരശാസ്ത്രത്തിന്റെ മറുപടി.

പ്രണയ ഗവേഷണങ്ങളുടെ എല്ലാ കണ്ടെത്തലുകൾക്കും കീഴെ ഒരു സത്യവാക്യം: വിശപ്പു പോലെ,​ ദാഹം പോലെ,​ ശ്വസനം പോലെ,​ ഉറക്കം പോലെ,​ പ്രണയം ജീവശാസ്ത്രപരമായ ഒരു അവശ്യാനുഭവമാകുന്നു. ചിക്കാഗോ സർവകലാശാലയിലെ ബിഹേവിയറൽ ന്യൂറോസയൻസ് അസി. പ്രൊഫസർ സ്റ്രെഫാനി കാഷ്യോപോ,​ അവരുടെ 'എ ന്യൂറോസയന്റിസ്റ്റ്സ് ജേർണി ത്രൂ റൊൻസ്" എന്ന വിഖ്യത പുസ്തകം എഴുതിത്തീർത്ത്,​ കണ്ണട ഊരിവച്ച്,​ ഉറങ്ങും മുമ്പ് സ്വന്തം പ്രണയപുസ്തകത്തിൽ ഈയൊരു വാക്യം കൂടി എഴുതി: 'പ്രണയം എന്റെ മസ്തിഷ്കത്തിന്റെ താഴ്‌വരകളിൽ പുഷ്‌പിക്കുന്നു; ഞാനാകട്ടെ,​ ആ താഴ്‌വരയിൽ നിന്ന് അനുഭൂതികളുടെ പർവതനിര കയറിത്തുടങ്ങുന്നു!"

വർഷമെത്ര കഴിഞ്ഞു.

ഇന്ന്, അപരിചിതമായ ഈ നഗരത്തിൽ, ഒരു ട്രെയിൻയാത്രയുടെ എല്ലാ മുഷിപ്പുകളുടെയും നടുവിൽ,​ ഗന്ധങ്ങളുടെ ഈ വനമദ്ധ്യത്തിൽ... സഹയാത്രികയുടെ മുടിക്കെട്ടിലെ വാടിയ ജമന്തിപ്പൂവുകളുടെ മനംപിരട്ടുന്ന ഗന്ധത്തിനു മീതെ, ഭിക്ഷചോദിച്ചെത്തിയ മെലിഞ്ഞ ബംഗാളിപ്പെൺകുട്ടിയുടെ എണ്ണപുരളാത്ത മുടിയുടെ മടുപ്പിക്കുന്ന ഗന്ധത്തിനു മീതെ, ജനാലക്കമ്പികൾക്കു കീഴെ വച്ചിരുന്ന കൈത്തണ്ടയിൽ പുരണ്ട ഭക്ഷണത്തിന്റെയും ഛർദ്ദിയുടെയും ബോധംകെടുത്തുന്ന ശിഷ്ടഗന്ധത്തിനു മീതെ... കാഴ്ച മറയ്ക്കുന്ന ലോഹപ്പാളിക്കപ്പറം,​ പുറംതിരിഞ്ഞിരിക്കുന്ന മറ്രൊരു സീറ്റിൽ നിന്ന്,​ വർഷങ്ങളുടെ ഋതുദൂരങ്ങൾ കടന്ന് വീണ്ടും,​ നിന്റെ... നിന്റെ മാത്രം ഗന്ധം!

നിന്റെ ഉടൽ പൊഴിക്കുന്ന ഫെറമോൺ ഇതാ എന്റെ മസ്തിഷ്കത്തിലെ നാഡീപഥങ്ങളിലൂടെ ഒഴുകി,​ പ്രീഫ്രോണ്ടൽ കോർട്ടക്സിന്റെ ഓർമ്മപ്പുസ്തകത്തിൽ നിന്ന് ഒരു പേജ് വായിച്ചുതുടങ്ങുന്നു: 'പ്രണയമെന്നത് ആത്മാവിൽ പിറക്കുന്ന ദൈവത്തിന്റെ മേഘശകലമല്ല,​ അത് ശിരോഖനികളിലൊന്നിൽ നിന്ന് ഉഷ്ണപർവതമായി തിളച്ചുവിടർന്ന്,​ തലച്ചോറിന്റെ കോശാന്തരങ്ങളിലൂടെ ലാവാപ്രവഹാമായി പടർന്ന്,​ ഒടുവിൽ എന്നെത്തന്നെ വെറുമൊരു ധൂമച്ചുരുളാക്കി മായ്ച്ചുകളയുന്ന രാസവിദ്യയെന്ന് അമ്പരപ്പോടെ അറിയുന്നു."

ട്രെയിൻ ഏതോ സ്റ്രേഷനിൽ നിന്നിരുന്നു.

നീയിരുന്ന സീറ്റ് ഒഴിഞ്ഞിരിക്കുന്നു.

നിന്റെ ഗന്ധത്തിലെ പ്രണയ സന്ദേശങ്ങൾ അപ്പോഴും എന്റെ മസ്തിഷ്കത്തിൽ ഹോർമോണുകളുടെ ഉറക്കംകെടുത്തിക്കൊണ്ടിരുന്നു!

 (ഈ കുറിപ്പിൽ ആവർത്തിച്ചു വരുന്ന ശാസ്ത്രസംജ്ഞകൾ: Temporal lobe, Hippocampus, Amygdala, Hypothalamus, Dopamine, Triosin, Neuro transmitters, Prefrontal Cortex, Rewarding System of Brain, Caudate Nucleus, Ventral Tegmental Area, Oxytocin, Vasopressin,​ Pheromone)

(​ലേ​ഖ​ക​ന്റെ​ ​മൊ​ബൈ​ൽ​:​ 99461​ 08237) sankarhimagiri@gmail.com​