മഹാക്ഷേത്രങ്ങളിൽ കെട്ടുപോകുന്ന സമാധാനം
''വിവേകമുള്ള ഭക്തർ തങ്ങളുടെ ഇഷ്ടദേവനോട് പ്രധാനമായും എന്തായിരിക്കും പ്രാർത്ഥിക്കുക? സമ്പത്തുതരണമേ, എന്നായിരിക്കില്ല, കാരണം, വിവേകമുള്ള ഭക്തരാണല്ലോ! സമാധാനം തരണേയെന്നാകാനാണ് സാദ്ധ്യത. അപ്രകാരം സമാധാനം കിട്ടുന്നതിനായി ഏകാഗ്രതയോടെ പ്രാർത്ഥിക്കുന്നതിന് നമ്മുടെ മഹാക്ഷേത്രങ്ങളിലെത്തുന്ന ഭക്തജനങ്ങളെ, ശ്രീകോവിലിന് മുന്നിൽ വെച്ച് 'എടാ, പോടാ"വിളിക്കാനും, ആക്രോശിക്കാനും, പിടിച്ചു തള്ളാനും മറ്റും ദേവസ്വം ജീവനക്കാർക്ക് ആരാണ് അധികാരം നൽകിയിരിക്കുന്നത്? നമ്മുടെ ചില മഹാക്ഷേത്രങ്ങളിൽ കാണിക്കുന്ന സംസ്കാര ശൂന്യമായ പ്രവൃത്തികൾക്ക് ഒരു അറുതി വരുത്തണമല്ലോ! ശ്രീകോവിൽ നടയിൽ നിന്നുമാറിയ മറ്റേതുസ്ഥലത്തു വച്ചായാലും ഇത്തരം ഹീനപ്രവൃത്തികൾക്ക്, ഒന്നുകിൽ തിരിച്ചടി ഉറപ്പ്! അല്ലെങ്കിൽ, ക്രിമിനൽ കേസ് ഉറപ്പ്! അപ്രകാരം പീഡനമേൽക്കുന്നവർ, ശ്രീകോവിൽ മുന്നിൽ ഇന്നു നിൽക്കുന്നപോലെ അങ്ങനെയങ്ങു പഞ്ചപുച്ഛമടക്കി മിണ്ടാതെ പോകില്ലയെന്നത് ഉറപ്പല്ലേ! ഞാൻ സൂചിപ്പിച്ചത് നിഷ്ക്കളങ്ക ഭക്തരുടെ കാര്യമാണ്, വി.ഐ.പി.മാരുടെ കാര്യമല്ല! ചുരുക്കത്തിൽ, ദൈവവിശ്വാസമെന്നാൽ, ദൈവത്തിൽ അഥവാ പരമോന്നത ശക്തിയിൽ വിശ്വസിക്കുക എന്നതാണല്ലോ! ഇത് തികച്ചും വ്യക്തിപരമാണ്. അത്, ഒരാൾക്ക് ദൈവത്തെക്കുറിച്ചോ, അല്ലെങ്കിൽ താൻ വിശ്വസിക്കുന്ന ശക്തിയെക്കുറിച്ചോ ഉള്ള ബോദ്ധ്യത്തെ ആശ്രയിച്ചിരിക്കുന്നു. ഇത്തരമൊരു മാനസികാവസ്ഥയിൽ ഇഷ്ടദേവ സന്നിധിയിൽ, സമാധാനം തേടിയെത്തുന്ന നിഷ്ക്കളങ്കരെയാണ് ഇത്തരം പീഡനങ്ങൾക്ക് ഇരയാക്കുന്നത്! അതിന് അവർ ചെയ്തകുറ്റമെന്താണ്? ഒരു സെക്കൻഡുനേരം കൂടി ഇഷ്ടദേവ വിഗ്രഹം നോക്കി സായൂജ്യമടയാൻ നിന്നു എന്നതാണോ! 'നമ്മുടെ മഹാക്ഷേത്രങ്ങളുടെ മുന്നിൽ അധികൃതരുടെ ഭാഗത്തു നിന്ന് നടന്നുകൊണ്ടിരിക്കുന്ന സംസ്കാര ശൂന്യവും, കുറ്റകരവുമായ പ്രവൃത്തികളിലേക്ക് സദസ്യരുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ടാണ് പ്രഭാഷകൻ ഇത്രയും പറഞ്ഞത്. സദസ്യരിൽ മിക്കവർക്കും ഇത്തരം അനുഭവങ്ങൾ ഉള്ളതിനാൽ പ്രഭാഷകന്റെ വാക്കുകൾക്കായി അവർ കാതോർത്തു. വിഷയം, സദസ്യർ ശരിയായ രീതിയിൽ ഉൾക്കൊണ്ടതിന്റെ സംതൃപ്തിയിൽ പുഞ്ചിരിച്ചുകൊണ്ട് പ്രഭാഷകൻ ഇപ്രകാരം തുടർന്നു: ''സ്കൂൾ വിദ്യാർത്ഥിയായിരുന്നപ്പോൾ, അടുത്ത വീട്ടിലെ സത്യൻ ചേട്ടന്റെ കൂടെ കന്നി അയ്യപ്പനായി ശബരിമലയിൽ പോയതിന്റെ ഓർമ്മകൾക്ക് അമ്പതാണ്ടാകാറായിട്ടും ഇന്നും പ്രഭമങ്ങുന്നില്ല! പക്ഷേ, അന്ന് അയ്യപ്പസ്വാമിയെ ഒരു നോക്കുകാണുന്നതിന് മുമ്പുതന്നെ മറ്റുപലർക്കുമൊപ്പം എന്നെയും പിടിച്ചു തള്ളി. അതുകൊണ്ടാണ്, പിൽക്കാലത്ത് ശബരിമല സ്പെഷ്യൽ കമ്മിഷ്ണറായപ്പോൾ, തീർത്ഥാടകരെല്ലാവരും അയ്യപ്പന്മാരാണെന്നും അവരെ ഒരു സാഹചര്യത്തിലും ശാരീരികമായി ഉപദ്രവിക്കരുതെന്നും ഞാൻ കർശനനിർദേശം നൽകിയത്. ഇപ്പോഴത്തെ സ്ഥിതി അറിയില്ല! നമ്മുടെ ഒരു മഹാക്ഷേത്രത്തിൽ 'ക്യൂ" പാലിച്ചുള്ള ദർശനത്തിനിടയിൽ ഭക്തജനങ്ങളെ ഉന്തിയും, തള്ളിയും വിടുന്നതിനാൽ പലർക്കും പ്രാർത്ഥനയിൽ ഏകാഗ്രത കിട്ടുന്നില്ല. അപ്പോഴാണ്, ഒരു ഭക്തൻ രണ്ട് മിനിട്ടു നേരമായിട്ടും, ശ്രീകോവിലിന്റെ മുന്നിൽ നിന്ന് മാറാതെ തൊഴുതു നിൽക്കുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. അദ്ദേഹം മാറാത്തതിനാൽ, അവർ പിടിച്ചുതള്ളി.അദ്ദേഹം നിലത്തു വീണു. അപ്പോഴാണറിയുന്നത്, നിലത്തുവീണ ഭക്തൻ അന്ധനും, ബധിരനും, ഊമയുമാണെന്ന സത്യം. ഇതാണ് പലപ്പോഴും യഥാർത്ഥ ഭക്തന്റെ അവസ്ഥ! എന്തായാലും, ഒരു കാര്യത്തിൽ ഉറപ്പിക്കാം, പ്രച്ഛന്നവേഷത്തിൽ, സാക്ഷാൽ ഭഗവാൻ ഭക്തരുടെ 'ക്യൂ"വിൽ നിന്നാലും ചിലപ്പോൾ ഇതൊക്കെ തന്നെ സംഭവിക്കില്ലേ! ഇതിന് പരിഹാരമാണ് തിരയുന്നതെങ്കിൽ, ഇത്തരം 'ക്യൂ" ആവശ്യമായി വരുന്നിടത്ത് ഒരു 'ട്രാവലേറ്റർ" സ്ഥാപിച്ചാൽ പോരെ. ദൈവത്തെ ആശ്രയിക്കുകയെന്നത് ഓരോ ഭക്തന്റെയും അവകാശമാണ്. നിത്യജീവിതത്തിലെ തീരുമാനങ്ങളെടുക്കുന്നതിലും പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിലും ദൈവത്തെ ആശ്രയിക്കുന്നതിലേക്ക് ഭക്തരെ നയിക്കുന്നു. അനുഷ്ഠാനങ്ങൾ, പ്രാർത്ഥനകൾ, ആരാധനാലയങ്ങൾ എന്നിവ വിശ്വാസത്തെ ശക്തിപ്പെടുത്തുന്നു. അപ്പോൾ, ജീവിതത്തിൽ സമാധാനത്തിനായി പ്രാർത്ഥിക്കാനാണ് ഭക്തർ വരുന്നതെന്ന് ദേവസ്വം ജീവനക്കാർക്ക് പ്രത്യേക ബോധവത്ക്കരണം തന്നെ നൽകുക. വീണ്ടും അവർ ഇത്തരം അക്രമങ്ങൾ ആവർത്തിച്ചാൽ പിന്നെ, വളച്ചാൽ പോര, ഒടിക്കണം എങ്കിലേ നേരെയാകു !"" സദസിൽ നിന്നുയർന്ന കൂട്ടച്ചിരിയിൽ പ്രഭാഷകൻ പറഞ്ഞുനിർത്തി.