ആത്മീയതയിലൂന്നി... പ്രചോദനം പകർന്ന് സൗമ്യ ദീപ്തമായി രാജേന്ദ്ര പ്രസാദ്
നെറ്റിയിൽ കുങ്കുമക്കുറിയും ചുണ്ടിൽ ആത്മവിശ്വാസം നിറഞ്ഞ ചെറുപുഞ്ചിരിയുമായി, തനിക്കരികിലെത്തുന്നവരിലേക്ക് പോസിറ്റീവ് എനർജി കടത്തി വിടുന്ന മനുഷ്യസ്നേഹി. വാക്കിലും നോക്കിലും പ്രവൃത്തിയിലും 'ഒരുപീഡയെറുമ്പിനും വരുത്തരുതെന്നുള്ളനുകമ്പയും"എന്ന ശ്രീനാരായണഗുരുവിന്റെ ആശയം പകർന്നാടിയാണ് ആലപ്പുഴ ജില്ലയിലെ ചെന്നിത്തല അമൃത വീട്ടിൽ രാജേന്ദ്രപ്രസാദ് അമൃത ജീവിതത്തിൽ മുന്നേറുന്നത്. ചിത്രകാരൻ, മോട്ടിവേഷണൽ സ്പീക്കർ, അഭിനേതാവ്, പാട്ടുകാരൻ, സാമൂഹ്യ - സാമുദായിക പ്രവർത്തകൻ എന്നിങ്ങനെ നിരവധിവേഷങ്ങൾ അണിയുമ്പോഴും ശ്രീനാരായണീയൻ എന്ന നിലയിലേക്ക് ഉയരാനും അറിയപ്പെടാനുമാണ് ആഗ്രഹം. എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് അംഗമായ രാജേന്ദ്രപ്രസാദ് അമൃതയുടെ ജന്മദേശം ഹരിപ്പാട് മുട്ടമാണെങ്കിലും കർമ്മംകൊണ്ട് ചെന്നിത്തലക്കാരനായി മാറി. സന്തോഷത്തിലും ദുഃഖത്തിലുമെല്ലാം ഒപ്പമുണ്ടായിരുന്ന ചെന്നിത്തലക്കാർക്ക് ഹൃദയത്തിലാണ് ഇദ്ദേഹം സ്ഥാനം നൽകിയിരിക്കുന്നത്. ഭക്തി മാത്രമുണ്ടായിരുന്ന യൗവനകാലത്ത് നിന്ന് അടിയുറച്ച ആത്മീയതയിലേക്ക് വഴിമാറിയതാണ് രാജേന്ദ്രപ്രസാദ് അമൃതയുടെ ജീവിതം. കമ്മ്യൂണിസ്റ്റ് ചിന്താഗതിയുള്ള കുടുംബത്തിലായിരുന്നു ജനനം. ജ്യേഷ്ഠതുല്യനായ സുഹൃത്ത് കായംകുളം മോഹന മെഡിക്കൽസ് ഉടമ സഞ്ജയ് രാജൻ നിർബന്ധിച്ച് ശ്രീ ശ്രീ രവിശങ്കറിന്റെ ആർട്ട് ഓഫ് ലിവിംഗ് ക്ലാസ് കേൾക്കാൻ കൂട്ടിക്കൊണ്ടുപോയത് ജീവിതത്തിൽ വഴിത്തിരിവായി.ആത്മീയത അനിവാര്യമാണെന്ന ബോദ്ധ്യം മനസ്സിലുറച്ചു.പിന്നീട് ആർട്ട് ഓഫ് ലിവിംഗിന്റെ നിരവധി കോഴ്സുകളിലൂടെ ഹാപ്പിനെസ് പ്രോഗ്രാം,അഡ്വാൻസ്ഡ് മെഡിറ്റേഷൻ കോഴ്സ് എന്നിവ പഠിപ്പിക്കുന്ന അദ്ധ്യാപകനായി മാറി.കേരളത്തിനകത്തും പുറത്തുമായി സാമ്പത്തികേച്ഛയില്ലാതെ നിരവധിക്ലാസുകൾ നയിച്ചു. ശ്രീശ്രീ രവിശങ്കറിൽ നിന്നാണ് ശ്രീനാരായണഗുരുവിന്റെ പ്രാധാന്യം മനസിലാക്കിയത്. കൊവിഡ് കാലത്തിന് ശേഷമാണ് എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രവർത്തനങ്ങളിൽ സജീവമായത്. ഗുരുവിന്റെ ചിന്തകൾ, തത്വങ്ങൾ, കൃതികൾ തുടങ്ങിയവയെല്ലാം സ്വാധീനിക്കാൻ തുടങ്ങിയിരുന്നു. എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ കൺവീനറായ അനിൽ.പി.ശ്രീരംഗത്തിന്റെ ഇടപെടലുകളാണ് സംഘടനാപ്രവർത്തനത്തിൽ പ്രചോദനമായത്. സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കണമെന്ന ആഗ്രഹം സംഘടനാപ്രവർത്തനത്തിലൂടെ സാദ്ധ്യമായിത്തുടങ്ങിയതോടെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ചേർത്തുപിടിച്ചു. അദ്ദേഹത്തിന്റെ ഇഷ്ടതോഴനാകാൻ സാധിച്ചത് ഭാഗ്യമായാണ് രാജേന്ദ്രപ്രസാദ് അമൃത കരുതുന്നത്.
ചിത്രകലയും സംഘടനാ പ്രവർത്തനവും
ആർട്ടിസ്റ്റ് വല്യത്താൻ, ആർട്ടിസ്റ്റ് കൊച്ചുകുട്ടി, തൃക്കാർത്തിക കുഞ്ഞുമോൻ എന്നിവരുടെ കീഴിൽ ചിത്രരചന അഭ്യസിച്ച രാജേന്ദ്രപ്രസാദ് അമൃത കുറച്ചുകാലം സീരിയൽ രംഗത്ത് കലാസംവിധായകനായി പ്രവർത്തിച്ചു. അഭിനയത്തിലും പയറ്റിനോക്കിയിട്ടുണ്ട്. മാവേലിക്കര ഗോപിനാഥിന് കീഴിൽ സംഗീതത്തിന്റെ ബാലപാഠങ്ങൾ പഠിച്ചിരുന്നത് സത്സംഗുകൾ നയിക്കാൻ തുണയായി. ആർട്ട് ഓഫ് ലിവിംഗ് ക്ലാസുകൾ നയിക്കുന്നതിനൊപ്പം തന്നെ മോട്ടിവേഷണൽ ക്ലാസുകളും നടത്തി. വ്യക്തിത്വ വികസനത്തെ സംബന്ധിച്ചായിരുന്നു കൂടുതലും ക്ലാസുകൾ. കൃത്യമായി സിലബസ് തയാറാക്കി, ആനുകാലിക വിഷയങ്ങൾ കൂട്ടിച്ചേർത്ത് രസകരമായി കാര്യങ്ങൾ അവതരിപ്പിച്ചാണ് രാജേന്ദ്രപ്രസാദ് അമൃത എന്ന മോട്ടിവേഷണൽ സ്പീക്കർ സദസ്സിനെ കൈയിലെടുക്കാറുള്ളത്. അവിടെയും പ്രതിഫലം ഇച്ഛിക്കാതെയാണ് പ്രവർത്തനം.വിശ്രമവേളകളെന്നത് വിരളമാണെങ്കിലും, ലഭിക്കുന്ന സമയമത്രയും ചിത്രരചനയ്ക്കും വായനയ്ക്കുമായി മാറ്റിവയ്ക്കാനാണ് ഇഷ്ടപ്പെടുന്നത്. മ്യൂറൽ പെയിന്റിംഗ് ഏറെ ഇഷ്ടപ്പെടുന്ന ഈ ചിത്രകാരൻ ഓയിൽ പെയിന്റിംഗിലും പോർട്രയിറ്റിലും ഒരുപോലെ കഴിവ് തെളിയിച്ചിട്ടുണ്ട്.. വീടിന്റെ മുകളിലെ തുറസ്സായി കിടന്ന ടെറസ്സ് മിനുക്കുപണി നടത്തി മുറിയാക്കി മാറ്റിയപ്പോൾ അതിന്റെ ചുവരുകളാകെ അദ്ദേഹം ചിത്രങ്ങൾ കൊണ്ട് സമ്പന്നമാക്കി.അവിടെ ശ്രീശ്രീ രവിശങ്കറിന്റെ ജീവസുറ്റ ചിത്രങ്ങൾ, ആർട്ട് ഓഫ് ലിവിംഗിന്റെ ബംഗളൂരുവിലെ ആശ്രമത്തിലെ വിശാലാക്ഷി മണ്ഡപം, ആശ്രമത്തിലെ ഗോശാല, പതഞ്ജലി മഹർഷി, യോഗാസനങ്ങൾ, നവഗ്രഹങ്ങൾ, സൂര്യനമസ്ക്കാരം തുടങ്ങി വിവിധ ആശയങ്ങൾ സുന്ദരചിത്രങ്ങളായി രാജേന്ദ്രപ്രസാദ് അമൃത രചിച്ചത് ഏതൊരു കാഴ്ച്ക്കാരന്റെയും മനം നിറയ്ക്കും. വാഹനങ്ങളോട് ഏറെ പ്രിയം വെക്കുകയും ചെറുപ്പം മുതൽ സ്വന്തമാക്കിയിട്ടുള്ള സൈക്കിൾ, സ്കൂട്ടർ, കാറുകൾ ഇവയെല്ലാം സൂക്ഷ്മതയോടെ പരിചരിച്ച് സംരക്ഷിച്ച് വരികയും ചെയ്യുന്നു. ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണെന്ന തിരിച്ചറിവോടെ ഇരുപത്തിയാറോളം വിദേശ രാജ്യങ്ങൾ സന്ദർശിക്കാനും രാജേന്ദ്രപ്രസാദിന് ഭാഗ്യം ലഭിച്ചിട്ടുണ്ട് . എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയന്റെ പ്രവർത്തനങ്ങൾക്ക് പുറമേ കലാ സാംസ്ക്കാരിക മേഖലകളിലും പൊതു പ്രവർത്തന രംഗത്തും പ്രവർത്തിച്ച് കൊണ്ട് ചെന്നിത്തലയിലെ നിറസാന്നിദ്ധ്യമാകുവാൻ രാജേന്ദ്ര പ്രസാദിന് കഴിഞ്ഞിട്ടുണ്ട്. സാമൂഹ്യപരമായും ക്ഷേത്രപരമായും നിരവധി സംഘടനകളിൽ സജീവമാണ്. ചെന്നിത്തല ചെല്ലപ്പൻപിള്ള കലാസാംസ്ക്കാരിക സമിതി, അഖിലഭാരത അയ്യപ്പ സേവാസംഘം, മാന്നാർ മിലൻ ട്വന്റി വൺ എന്ന പരിസ്ഥിതി സംഘടന, ചെന്നിത്തല ചാല ക്ഷേത്ര ഉപദേശകസമിതിയംഗം, സച്ചിൻമയിദേവി ആശ്രമം പ്രസിഡന്റ് എന്നിങ്ങനെ നീളുകയാണ് പ്രവൃത്തിമണ്ഡലങ്ങൾ. എസ്.എൻ.ഡി.പി പ്രവർത്തനങ്ങൾക്ക് എക്കാലവും പ്രാധാന്യവും പ്രാമുഖ്യവും നൽകാൻ രാജേന്ദ്രപ്രസാദ് അമൃത ശ്രദ്ധിക്കാറുണ്ട്. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എക്കാലത്തും തന്നിലെ ശ്രീനാരായണീയന് കരുത്താണെന്ന് അദ്ദേഹം പറഞ്ഞു. എപ്പോൾ ചെന്നാലും വലിയ സാന്ത്വനമാണ് ജനറൽ സെക്രട്ടറിയും പത്നി പ്രീതിയമ്മയും പകരാറുള്ളത്. ശാഖകൾ തമ്മിലും വ്യക്തികൾ തമ്മിലുമുള്ള ഇഴയടുപ്പം വർദ്ധിപ്പിക്കുവാനും ആത്മീയത വളർത്തുവാനും ശ്രീനാരായണീയ കൺവൻഷനുകൾ ഏറ്റവും ഗുണപ്പെടുന്നതായി രാജേന്ദ്രപ്രസാദ് അമൃത പറഞ്ഞു. ഗുരുവിനെ കുറിച്ച് കൂടുതലറിയാൻ സഹായിച്ചിട്ടുള്ളത് കൺവെൻഷനുകളിലെ ആത്മീയ പ്രഭാഷണങ്ങളായിരുന്നു. ഗുരു വായ്മൊഴിയായി പറഞ്ഞ കാര്യങ്ങളിലടക്കം ശ്രദ്ധിക്കുമ്പോഴാണ് അദ്ദേഹം അമാനുഷികനും സാക്ഷാൽ ഈശ്വരനുമായിരുന്നെന്ന് മനസ്സിലാകുന്നതെന്ന് രാജേന്ദ്രപ്രസാദ് അമൃത കൂട്ടിച്ചേർത്തു. ഗുരുവിന്റെ പാതായാണിഷ്ടം. മാന്നാർ യൂണിയന് കീഴിലെ 28 ശാഖകളിലും ആത്മീയതയ്ക്ക് പ്രാധാന്യം നൽകിയുള്ള സംഘടനാ ശൈലിയാണ് യൂണിയൻ നേതൃത്വം പിന്തുടരുന്നത്.
വീട്ടിലുണ്ടൊരു ജനകീയ ഡോക്ടർ
ഭർത്താവ് പ്രചോദനങ്ങളും ആത്മീയതയുമായി ജനകീയനാകുമ്പോൾ, രോഗികൾക്ക് ആശ്വാസം പകരുന്ന ജനകീയ ഡോക്ടറാവുകയാണ് രാജേന്ദ്രപ്രസാദിന്റെ ഭാര്യ ഡോ. ജയ രാജേന്ദ്രൻ.സർക്കാർ സർവീസിൽ നിന്നും 28 വർഷത്തെ സേവനത്തിനു വിരാമം കുറിച്ച് സിവിൽ സർജനായി വിരമിച്ച ശേഷവും അമൃതവീട്ടിലെ കൺസൾട്ടിംഗ് മുറിയിൽ ഇന്നും ഡോ.ജയയെ കാണാൻ രോഗികളുടെ തിരക്കാണ്. രാവിലെ എട്ട് മണി മുതൽ ആരംഭിക്കുന്ന തിരക്ക് പലപ്പോഴും രാത്രി വരെ നീളും. പുലർച്ചെ പൂജാമുറിയിൽ ദീപം തെളിച്ച് ആരംഭിക്കുന്ന ജയയുടെ ജീവിത ശൈലി തന്നെ ആത്മീയതയുടെ പാതയിലേക്ക് നയിക്കാൻ ചെറുതല്ലാതെ സ്വാധീനിച്ചിട്ടുണ്ടെന്ന് രാജേന്ദ്രപ്രസാദ് പറഞ്ഞു. തിരുച്ചിറപ്പള്ളി സ്വദേശിയാണ് ജയ. സന്തോഷകരമായ ദാമ്പത്യജീവിതം മൂന്നരപതിറ്റാണ്ട് പിന്നിട്ടു.കൊവിഡ് കാലത്ത് വിശ്രമമില്ലാതെ സേവന മനസ്കതയോടെ ആരോഗ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു ഈ ഡോക്ടർ.പണത്തിലുപരി മനുഷ്യത്വത്തിന് പ്രാധാന്യം നൽകിയുള്ള ചികിത്സാരീതിയാണ് ഡോ.ജയയെ ചെന്നിത്തലയുടെ ജനകീയ ഡോക്ടറാക്കിയത്. സമയം നോക്കാതെ ജോലി ചെയ്യുന്ന ഡോക്ടറുടെ കൈപ്പുണ്യം തങ്ങൾക്ക് അനുഗ്രഹമാണെന്നാണ് പല രോഗികളുടെയും സാക്ഷ്യം. തങ്ങൾക്ക് ഡോക്ടറുടെ മരുന്ന് മാത്രമേ പിടിക്കൂ എന്ന് പറഞ്ഞാണ് പലദിവസങ്ങളിലും രാത്രി വരെയും തിരക്ക് കാര്യമാക്കാതെ രോഗികൾ കാത്തിരിക്കുന്നത്.തികഞ്ഞ ഭക്തയായ ജയ രാമായണം, ഭാഗവതം, ഭഗവത്ഗീത, ഗുരുഭാഗവതം തുടങ്ങിയവ സ്ഥിരമായി വായിക്കും. ദിവസേന ഏതെങ്കിലും ഗ്രന്ഥം വായിച്ചിരിക്കണമെന്നത് നിർബന്ധമാണ്.
നാളെയാണ് താലിമംഗളം
രാജേന്ദ്രപ്രസാദ് - ഡോ.ജയ ദമ്പതികളുടെ ഏക മകൻ ചെന്നിത്തല കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ അരുൺ രാജേന്ദ്രന് നാളെ കല്യാണമാണ്. കളമശ്ശേരി സ്വദേശികളായ വിജയധരൻ (മെക്കാനിക്കൽ എൻജിനീയർ) - ആശ (റിട്ട.അഗ്രിക്കൽച്ചർ ജോയിന്റ് ഡയറക്ടർ) ദമ്പതികളുടെ മകൾ ഡോ.പാർവതിയാണ് വധു. പാർവതിയുടെ സഹോദരൻ കണ്ണൻ ഇറ്റലിയിൽ ഗവേഷണ വിദ്യാർത്ഥിയാണ്. നാളെ രാവിലെ 11.10നും 11.50നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ കളമശ്ശേരി ചക്കോളാസ് പവലിയനിൽ വെച്ച് ഡോ.പാർവതി ചെന്നിത്തല അമൃത വീട്ടിലെ മരുമകളായി മാറും. പെൺമക്കളില്ലാത്ത രാജേന്ദ്രപ്രസാദിനും ജയക്കും ഒരു മകളെ ലഭിക്കുന്നതിന്റെ സന്തോഷമാണ് മനസ്സിലും മുഖത്തും. അനുഗ്രഹാശിസ്സുകളുമായി രാജേന്ദ്രപ്രസാദിന്റെ അമ്മ ശങ്കരിയമ്മ ഒപ്പമുണ്ട്. അച്ഛൻ തങ്കപ്പൻ രണ്ട് വർഷം മുമ്പ് മരണപ്പെട്ടു.
സൗഹൃദങ്ങൾ വലിയ സ്വത്ത്
ബാല്യകാലം മുതലുള്ള സൗഹൃദങ്ങളെ നിധി പോലെ സൂക്ഷിക്കുന്നയാളാണ് രാജേന്ദ്രപ്രസാദ്. വലിപ്പച്ചെറുപ്പമില്ലാതെ കണക്കാക്കുന്ന സൗഹൃദങ്ങൾ തന്നെയാണ് തന്റെ ഏറ്റവും വലിയ സ്വത്തെന്നും അദ്ദേഹം പറഞ്ഞു. നാനാമേഖലകളിലായി സുഹൃത്തുക്കളുണ്ട്. എല്ലാവരുമായും ബന്ധം കാത്തുസൂക്ഷിക്കാൻ സാധിക്കുന്നുണ്ട്. സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കുന്ന പ്രധാന ഇടം വീട്ടിൽ ഒരുക്കിയിരിക്കുന്ന കാവൽമാടമാണ്. കുട്ടനാടിന്റെ പൈതൃകത്തിന്റെ അടയാളമായ കാവൽമാടത്തെ പഴമയും പുതുമയും കോർത്തിണക്കിയാണ് വീട്ടുമുറ്റത്ത് ആവിഷ്കരിച്ചിരിക്കുന്നത്. കൃത്രിമ മഴയടക്കം സജ്ജീകരിച്ചിരിക്കുന്ന ഈ കാവൽമാടത്തിലാണ് സുഹൃത്തുക്കൾ ഒത്തുചേർന്ന് ആത്മീയവും ജനകീയവുമായ വിഷയങ്ങൾ ചർച്ച ചെയ്യുന്നത്.