നീതിയുടെ ജ്യോതി
ജ്യോതികുമാറിന്റെ ജീവിതമൊരു നിയോഗമാണ്. പൊലീസ് കുപ്പായം മോഹിച്ച് പ്രവാസിയായി വളർന്ന് വീഴ്ചകളിൽ നിന്ന് കരുത്ത് നേടി പാവങ്ങളെ ചേർത്തുപിടിച്ചുള്ള ജീവിതം. കഷ്ടപ്പെടാൻ മനസുണ്ടെങ്കിൽ വിജയം നേടാമെന്ന് കാട്ടിത്തരുമ്പോഴും കഷ്ടപ്പാടനുഭവിക്കുന്നവരുടെ മുന്നിൽ ഒരു ഫോൺ വിളിയുടെ അകലത്തിൽ പാഞ്ഞെത്തുന്ന നല്ല മനസ്. മനുഷ്യാവകാശ ലംഘനങ്ങൾ എവിടെയുണ്ടായാലും ഇടപെടുന്ന പോരാട്ടവീര്യം. ആന്റി കറപ്ഷൻ ആൻഡ് ഫണ്ടമെന്റൽ പ്രൊട്ടക്ഷൻ എന്ന എൻ.ജി.ഒയുടെ ദേശീയ പ്രസിഡന്റായ ആർപ്പൂക്കര ശ്രീവത്സത്തിൽ ഡോ.ജ്യോതികുമാറിന്റെ ജീവിതത്തിന് സിനിമാക്കഥകളേയും വെല്ലുന്ന അനുഭവമുണ്ട്. സഹജീവികളെ ചേർത്തുപിടിച്ചും പാവങ്ങൾക്ക് അത്താണിയായും നിലകൊള്ളുന്നു.മാവേലിക്കരയിലാണ് ജനനം. വളർന്നത് തിരുവനന്തപുരത്തും. പിന്നീട് പതിറ്റാണ്ടുകൾ നീണ്ട പ്രവാസ ജീവിതം. ഒടുവിൽ ഭാര്യയുടെ നാട്ടിലേയ്ക്ക് ജീവിതം പറിച്ചുനട്ട് കോട്ടയംകാരനായി. റിട്ട. ഡിവൈ.എസ്.പി അപ്പുക്കുട്ടന്റെയും ലീലാവതിയമ്മയുടെയും മകൻ ജ്യോതികുമാർ ഡോ.ജ്യോതികുമാറായതിന് അടിത്തറയായത് കഠിനാദ്ധ്വാനത്തിന്റെ കൽക്കെട്ടുകളാണ്. അച്ഛൻ ഡിവൈ.എസ്.പിയായിരുന്നതിനാൽ പൊലീസ് കുപ്പായം ജ്യോതികുമാറിനെ വല്ലാതെ മോഹിപ്പിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരം എം.ജി.എൻ.എസ്.എസ് കോളേജിലായിരുന്നു ബിരുദ പഠനം. പഠനം പൂർത്തിയാക്കിയതോടെ തിരുവനന്തപുരം സ്പെഷ്യൽ ആംഡ് ക്യാമ്പിൽ പൊലീസുകാർക്ക് ഒപ്പം ജീവിതം തുടങ്ങി. എന്നാൽ മകൻ പൊലീസുകാരനാകുന്നതിനോട് മാതാപിതാക്കൾക്ക് താത്പര്യമേയില്ലായിരുന്നു. അങ്ങനെയാണ് ഏറെ വേദനയോടെ ജ്യോതികുമാർ പ്രവാസിയാകുന്നത്. സൗദിയിലെ മെഡിക്കൽ കമ്പനിയിൽ ജോലി. പക്ഷേ, പിന്നീട് അങ്ങോട്ട് പലവിധ യാതനകൾ. പലപ്പോഴും തന്റെ മതവും മാനസിക പീഡനങ്ങൾക്ക് കാരണായി. ഒരിടത്തും തളർന്നില്ല. തന്നെ ആശ്രയിക്കുന്നവരെയും നിരാശപ്പെടുത്താതെ മുന്നേറി വിജയം നേടിയെടുത്തു. പ്രതിസന്ധികളുടെ കൊടുങ്കാറ്റിനെ നേരിടാൻ ഉറച്ചമനസും തളരാത്ത ലക്ഷ്യബോധവുമാണ് കൈമുതലെന്ന കണ്ടെത്തലാണ് ഇന്നത്തെ നിലയിലേയ്ക്ക് എത്തിച്ചത്. സമയത്തിന്റെ മൂല്യം എന്താണ് എന്ന തിരിച്ചറിഞ്ഞു. ഇതിനിടെയാണ് മറ്റൊരു കൺസ്ട്രക്ഷൻ കമ്പനിയിൽ അവസരം ലഭിച്ചത്. അതൊരു പുതുവെളിച്ചമായിരുന്നു. ജീവിതം മെച്ചപ്പെട്ടു. സാമ്പത്തികമായി ഉയർന്നു. ജീവിതം അഴകുള്ളതായി. ദുബായിലേയ്ക്ക് ജീവിതം പറിച്ചു നട്ടു. സ്വന്തമായൊരു കൺസ്ട്രക്ഷൻ കമ്പനി പടുത്തുയർത്തി. നാട്ടുകാരും ബന്ധുക്കളും പരിചയക്കാരുമായി ഇതിനോടകം നിരവധിപ്പേരെ ജ്യോതികുമാർ പ്രവാസികളാക്കിയിരുന്നു.
വന്നു തീമഴ എല്ലാ സന്തോഷവും കെടുത്താൻ സാമ്പത്തികമാന്ദ്യമെന്ന തീമഴയ്ക്കാകുമായിരുന്നു. 2015ന് മുൻപ് വരെ തുടരെത്തുടരെയുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ കോടികൾ കിട്ടാക്കടമായി. കൂടെ നിന്നവരൊക്കെ കൈവിട്ടു. എല്ലാം അവസാനിപ്പിച്ച് നാട്ടിലേയ്ക്കെത്തിയപ്പോൾ കുടുംബത്തിന്റെ പിന്തുണമാത്രമായിരുന്നു ആശ്വാസം.
വീണ്ടും പടർന്നു മുട്ടിലിഴഞ്ഞും പിച്ചവച്ചും വീണും നടന്ന് പഠിക്കുന്ന കുട്ടിയെപ്പോലെയായിരുന്നു ജ്യോതികുമാർ. ഓരോ തവണ വീഴുമ്പോഴും കൂടുതൽ കരുത്തോടെ ഉയർത്തെഴുന്നേൽക്കാനുള്ള ഊർജം സ്വയം സംഭരിച്ചു. നാട്ടിൽ എത്തിയ ശേഷം വിദേശ ഉത്പന്നങ്ങൾ വരുത്തി നാട്ടിലെത്തിച്ച് ആളുകൾക്ക് എത്തിച്ചു തുടങ്ങി. കടങ്ങൾ വീട്ടിയും സമ്പാദ്യം നിറച്ചും പിടിച്ചു നിൽക്കുമ്പോഴേയ്ക്കും കൊവിഡ് എത്തി. ബിസിനസ് പൂർണമായും സ്തംഭിച്ചു. പക്ഷേ, തകരാതിരിക്കാനുള്ളതൊക്കെ മിച്ചംവച്ചിരുന്നു. കൊവിഡ് കാല അനുഭവങ്ങളാണ് ജ്യോതികുമാറിനെ മുഴുവൻ സമയ സാമൂഹ്യ പ്രവർത്തകനാക്കിയത്. മരുന്നും ഭക്ഷണവും പണവുമൊക്കെ നൽകി ഒരുപാട് പേരെ ചേർത്തുപിടിച്ചു. വൈകാതെ നിർമാണ മേഖലയിലേയ്ക്ക് തിരിഞ്ഞു. ഇപ്പൊൾ നിരവധി ബിൽഡിംഗ് വർക്ക് ഏറ്റെടുത്തു നടത്തുന്നു. സ്വന്തം ശൈലിയിൽ നിർമാണം. ആത്മാർത്ഥതയും സത്യസന്ധതയും ഒത്തു ചേരുമ്പോൾ ഉടമകളുടെ മനസിൽ ഒരു കുടുംബാംഗമായി മാറുന്നു. ഏറ്റെടുക്കുന്ന ഒരോ പ്രൊജക്ടിലും പണം മുടക്കുന്നവർക്ക് അവർ അഗ്രഹിക്കുന്നതിലും അപ്പുറത്ത് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കി ഭവനങ്ങൾ നിർമിച്ചു നൽകുന്നു. ഒപ്പം മനുഷ്യാവകാശ പ്രവർത്തനങ്ങളിലും സജീവമായി.
അനീതിക്കെതിരെ സംഘടന അനീതിയുടെ ഇരുട്ടിൽപ്പെട്ടവരുടെ മുന്നിൽ തെളിയുന്ന ജ്യോതിപോലെയാണ് ഡൽഹി കേന്ദ്രമായുള്ള ആന്റി കറപ്ഷൻ ആന്റ് ഫണ്ടമെന്റൽ റൈറ്റ്സ് പ്രൊട്ടക്ഷൻ എന്ന എൻ.ജി.ഒയ്ക്ക് രൂപം നൽകിയത്. ജ്യോതികുമാറാണ് ദേശീയ ചെയർമാൻ. നിരവധി പ്രശ്നങ്ങളിൽപ്പെട്ടു കഴിയുന്നവർക്ക് താങ്ങും തണലുമായി നിന്ന് കൊണ്ട് അവരുടെ കുടുംബത്തിലെ ഒരു അംഗത്തെപ്പോലെ പ്രവർത്തിക്കുന്നു. ആരെയും വെറുപ്പിക്കാതെയും ചതിക്കാതെ തന്നാൽ കഴിയുന്ന സഹായങ്ങൾ ജാതിമത രാഷ്ട്രീയ ഭേദമന്യേ ചെയ്തു ജീവിതം മുന്നോട്ടു കൊണ്ടു പോകണമെന്നതാണ് ആഗ്രഹം. ജാതിയും മതവും ഉൾപ്പെടെയുള്ള സർവ വേർതിരിവുകൾക്കും അപ്പുറം മനുഷ്യന്റെ പ്രശ്നങ്ങൾ മാത്രമാണ് പരിഗണനാവിഷയം. ഗുരുദേവ ദർശനങ്ങളാണ് ജ്യോതികുമാറിനെ ഏറെ സ്വാധീനിച്ചത്. ഒരു ജാതി ഒരു മതം ദൈവം മനുഷ്യന് എന്ന് ഗുരുദേവ വചനം ഉൾക്കൊണ്ടാൽ ലോകം മഹത്തരമാകുമെന്ന് ജ്യോതികുമാർ പറയുന്നു. പതിനൊന്ന് ദേശീയ ക്യാബിനറ്റ് അംഗങ്ങളുടെ നേതൃത്വത്തിലാണ് സംഘടനയുടെ പ്രവർത്തനം. എറണാകുളം കടവന്ത്രയിലാണ് കേരളത്തിലെ ഓഫീസ്. ഉന്നത ഇടപടൽ കാരണം നീതി കിട്ടാത്തവരെ ചേർത്തുപിടിക്കും. സിവിൽ കേസുകൾ, അതിർത്തി തർക്കങ്ങൾ, സാമ്പത്തിക തർക്കങ്ങൾ എന്നിവയെല്ലാം നീതിയും ന്യായവും നോക്കി ഇടപെട്ട് പരിഹരിക്കും. നിയമത്തിന്റെ നൂലാമാലകളിൽപ്പെട്ട് സ്വന്തം ഭൂമിയിൽ നിന്ന് ഇറക്കപ്പെട്ടവർക്ക് നിയമസഹായം നൽകിയും രേഖകൾ കണ്ടെത്തി നൽകി സഹായിച്ചും കൂടെ നിന്ന് ഒരുപാട് സംഭവങ്ങളുണ്ട്. അഞ്ചു വർഷത്തോളമായി മനുഷ്യാവകാശ മേഖലയിൽ പ്രവർത്തിക്കുന്ന ജ്യോതികുമാർ ലഹരി വിരുദ്ധ പ്രവർത്തനങ്ങളിലും സജീവമാണ്. ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്തി എക്സൈസിന്റെ സഹായത്തോടെ തിരികെ ജീവിതത്തിലേയ്ക്ക് എത്തിച്ചും ലഹരി വിരുദ്ധ ക്ലാസുകൾ സംഘടിപ്പിച്ചും സംസ്ഥാനത്താകമാനം പ്രവർത്തിക്കുന്നു. ആർപ്പൂക്കര കേന്ദ്രീകരിച്ച് നിരവധി യുവാക്കളെ ലഹരി വലയിൽ നിന്ന് മോചിപ്പിക്കാനായതിന്റെ ചാരിതാർത്ഥ്യമുണ്ട് ജ്യോതികുമാറിന്റെ മുഖത്ത്. ഇതിന്റെയെല്ലാം ചെലവ് സ്വന്തം അദ്ധ്വാനത്തിന്റെ ഒരുപങ്കിൽ നിന്നാണ് മുടക്കുന്നത്. ലഹരി ബോധവത്കരണത്തിന്റെ ഭാഗമായി ശിൽപ്പയെന്ന ഷോർട്ട് ഫിലിമും നിർമ്മിച്ചു.
ഇനിയുമുണ്ട് വലിയ സ്വപ്നം അനാഥരായ അച്ഛനമ്മമാർക്ക് ആലംബമാവാൻ എല്ലാ ജില്ലകളിലും സംവിധാനം ഒരുക്കുകയെന്നതാണ് അടുത്ത ലക്ഷ്യമെന്ന് ജ്യോതികുമാർ പറയുന്നു. അഞ്ചു വർഷത്തിനുള്ളിൽ ഒരു ജില്ലയിലെങ്കിലും സ്ഥാപനം ആരംഭിക്കുമെന്നും അദ്ദേഹം പറയുന്നു.സമാനചിന്താഗതിക്കാരുടെ സഹായം കൂടി ലഭിച്ചാൽ എത്രയും വേഗം അഗതി മന്ദിരം യാഥാർത്ഥ്യമാവും.
കുടുംബം ഭാര്യ രമ്യ ജ്യോതികുമാറും സിവിൽ എൻജിനിയറിംഗ് വിദ്യാർത്ഥി അഭിജിതും അടങ്ങുന്നതാണ് ഡോ.ജ്യോതികുമാറിന്റെ കുടുംബം. കുടുംബമാണ് ജ്യോതികുമാറിന്റെ ഏറ്റവും വലിയ കരുത്തും. മനുഷ്യാവകാശ മേഖലയിലെ ഇടപെടൽ പരിഗണിച്ച് ഫരീദാബാദ് യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് നൽകിയാണ് ജ്യോതികുമാറിനെ ആദരിച്ചത്.