ട്രംപിന്റെ ഷോ ഓഫ്, ചർച്ചക്കെത്തിയ പുട്ടിന്റെ തലയ്ക്ക് മുകളിലൂടെ പറന്ന് യുഎസിന്റെ  ബി2  സ്‌പിരിറ്റ്  സ്റ്റെൽത്ത്  ബോംബർ

Saturday 16 August 2025 3:26 PM IST

വാഷിംഗ്‌‌ടൺ: യുക്രെയിൻ യുദ്ധവുമായി ബന്ധപ്പെട്ട് അലാസ്‌കയിൽ നടന്ന ട്രംപ്-പുട്ടിൻ ചർച്ച അവസാനിച്ചിരിക്കുകയാണ്. ആങ്കറേജ് നഗരത്തിലെ യുഎസിന്റെ എമൻഡോർഫ്-റിച്ചാർഡ്സൺ സൈനിക ബേസ് ആയിരുന്നു ചർച്ചാവേദി. യുഎസിന്റെ സൈനിക ശക്തിയുടെ മുഴുവൻ പ്രദർശനവും ഇവിടെ ഉണ്ടായിരുന്നു. ഇതിനിടെ യുഎസിന്റെ ബി2 സ്‌പിരിറ്റ് സ്റ്റെൽത്ത് ബോംബർ റഷ്യൻ പ്രസിഡന്റിന്റെ തലയ്ക്ക് മുകളിലൂടെ പറന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. മറ്റ് യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെയായിരുന്നു സ്റ്റെൽത്ത് ബോംബർ പറന്നത്.

22 സെക്കന്റുള്ള വീഡിയോയാണ് വൈറലാവുന്നത്. സ്റ്റേജിലേയ്ക്ക് ചുവന്ന പരവതാനിയിലൂടെ രണ്ട് പ്രസിഡന്റുമാരും നടക്കുന്നത് കാണാം. ഈ സമയത്താണ് ഇവരുടെ തൊട്ടുതാഴെയായി ബി2 ബോംബറും മറ്റ് യുദ്ധവിമാനങ്ങളും വലിയ ശബ്ദത്തോടെ പറന്നത്. തന്റെ തലയ്ക്ക് മുകളിലൂടെ പറന്ന യുദ്ധവിമാനങ്ങളെ പുട്ടിൻ തലയുയർത്തി നോക്കുന്നതും വീഡിയോയിൽ കാണാം.

അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങളിൽ പ്രവേശിക്കാനും എത്ര ശക്തമായ ലക്ഷ്യങ്ങൾക്കെതിരെയും കൃത്യമായ ആക്രമണങ്ങൾ നടത്താനും കഴിയുന്ന ബോംബറാണ് ബി2. യുഎസ് ബി2 വിമാനത്തിന് ഏകദേശം 2.1 ബില്യൺ ഡോളറാണ് വില. ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ചെലവേറിയ സൈനിക വിമാനമാണിത്. നോർത്ത്‌റോപ്പ് ഗ്രുമ്മൻ ആണ് നിർമ്മാതാക്കൾ. അത്യാധുനിക സ്റ്റെൽത്ത് സാങ്കേതികവിദ്യ ആണ് ഇതിൽ ഉപയോഗിച്ചിരക്കുന്നത്.