വൈക്കത്ത് വീണ്ടും തെരുവ് നായ ആക്രമണം : ഒരാൾക്ക് കടിയേറ്റു
പേവിഷബാധ സംശയിക്കുന്ന നായ ചത്തു
വൈക്കം: വൈക്കത്ത് വീണ്ടും തെരുവ് നായ ശല്യം രൂക്ഷമാകുന്നു. തോട്ടുവക്കത്ത് വെള്ളിയാഴ്ച രാവിലെ മുതൽ പേവിഷബാധ സംശയിക്കുന്ന തെരുവ് നായയുടെ കടിയേറ്റ് ഒരാളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് നായ ചത്തു. നാലുപേർക്ക് ഭാഗ്യം കൊണ്ടാണ് കടിയേൽക്കാതെ രക്ഷപ്പെട്ടത്. വഴിയോരത്ത് ഷെഡ്ഡിൽ കഴിയുന്ന കുഞ്ഞുമോനെയാണ് ആക്രമിച്ചത്. നിരവധിനായ്ക്കൾക്കും കടിയേറ്റതായി നാട്ടുകാർ പറയുന്നു. വൈക്കം നഗരസഭ ജെ.എച്ച്.ഐയുടെ നേതൃത്വത്തിൽ ചത്ത നായയെ പോസ്റ്റുമോർട്ടത്തിനായി തിരുവല്ലയിലുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിശോധന ഫലം എത്തിയാലെ പേവിഷബാധ സ്ഥിരീകരിക്കാനാകൂ.
രാത്രികാലങ്ങളിൽ ഇരുചക്രവാഹനങ്ങൾക്ക് നേരെ നായ്ക്കൾ കൂട്ടത്തോടെ കുരച്ചെത്തുന്നത് അപകടങ്ങൾക്കിടയാക്കുന്നുണ്ട്. നസരസഭയുടെ നേതൃത്വത്തിൽ നായ്ക്കളെ പിടൂകൂടി ഭീതിയകറ്റണമെന്നാവശ്യം.
ശൗര്യം തീരാതെ, ഭീതിയിൽ ജനം
വിദ്യാർത്ഥികളടക്കം ഭീതിയോടെയാണ് യാത്ര ചെയ്യുന്നതെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ 7 ന് നഗരസഭ പത്താം വാർഡിൽ കവിയിൽ മഠം അണിമംഗലം ഭാഗത്ത് നിരവധി നായ്ക്കളെ കടിച്ച തെരുവ് നായ ചത്തിരുന്നു. പിന്നീട് പേവിഷബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം 20 ന് തലപ്പാറയിൽ ആടുകൾക്കും, താറാവുകൾക്കും നേരെ തെരുവുനായ ആക്രമണമുണ്ടായി. മറവൻതുരുത്ത് വാഴേകാട് ഭാഗത്ത് ഏതാനും ആഴ്ചകൾക്ക് മുമ്പാണ് കോഴിഫാമിന്റെ കൂട് തകർത്ത് തെരുവ് നായ്ക്കൾ 600 ഓളം കോഴികളെ കടിച്ച് കൊന്നത്.
''വൈക്കം നഗരത്തിലും സമീപ പഞ്ചായത്തുകളിലും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്. കൂട്ടം കൂടി എത്തുന്ന തെരുവ് നായ്ക്കൾ പ്രഭാതസവാരിക്കാർ ഉൾപ്പടെയുള്ളവരെ ആക്രമിക്കുന്നു.
പ്രദേശവാസികൾ