കൂടുതൽ കെ.എസ്.ആർ.ടി.സി ബസുകൾ അനുവദിക്കുമോ... പ്രതീക്ഷയിൽ കോട്ടയം -  ബംഗളൂരു യാത്രക്കാർ 

Sunday 17 August 2025 12:44 AM IST

കോട്ടയം: ഓണം നാട്ടിൽ ആഘോഷിക്കാൻ വാഹന സൗകര്യമില്ലാതെ മറുനാടൻ മലയാളികൾ ബുദ്ധിമുട്ടുന്നതിനിടെ പ്രതീക്ഷയുമായി കെ.എസ്.ആർ.ടി.സി. ഓണക്കാലത്ത് ബംഗളൂരുവിലേക്കും തിരിച്ചും സർവീസ് നടത്താൻ കൂടുതൽ വണ്ടികൾ അനുവദിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നാലു ബംഗളൂരു സർവീസുകൾ ആവശ്യപ്പെട്ടിട്ടുള്ളതിനാൽ പുതിയ ബസുകൾ ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് കോട്ടയം ഡിപ്പോ അധികൃതർ.

ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ലിങ്ക്, പ്രീമീയം സീറ്റർ, സ്ലീപ്പർ, സീറ്റർ കം സ്ലീപ്പർ എന്നിങ്ങനെ 164 ബസുകളാണ് കെ.എസ്.ആർ.ടി സംസ്ഥാനത്ത് പുറത്തിറക്കുന്നത്. പ്രീമീയം സീറ്റർ, സ്ലീപ്പർ, സീറ്റർ കം സ്ലീപ്പർ വണ്ടികൾ ആദ്യ ഘട്ടത്തിൽ ബംഗളൂരു സ്‌പെഷ്യൽ സർവീസിനായാണ് ഉപയോഗിക്കുന്നതെന്ന് ഗതാഗമന്ത്രി അറിയിച്ചിരുന്നു. ഇതനുസരിച്ചണ് ബംഗളൂരുവിലേയ്ക്ക് നാലു സർവീസിനായി അപേക്ഷ നൽകിയിട്ടുള്ളത്.

നിലവിൽ കോട്ടയത്ത് നിന്ന് ഒരെണ്ണം

നിലവിൽ കോട്ടയം ഡിപ്പോ ബംഗളുരുവിലേയ്ക്ക് ഒരു സ്വിഫ്റ്റ് ഡീലക്സ് ബസ് മാത്രമാണ് ഓപ്പറേറ്റ് ചെയ്യുന്നത്. വിവിധ ഡിപ്പോകളിൽ നിന്നു വരുന്ന ആറു ബംഗളൂരു ബസുകൾ കൂടി ഇതുവഴി കടന്നു പോകുന്നുണ്ട്. ഇത്രയും ബസുകളുണ്ടെങ്കിലും ആഴ്ചയവസാനങ്ങളിലും അവധി ദിവസങ്ങളിലും പലപ്പോഴും സീറ്റ് കിട്ടാറില്ലെന്ന് പരാതിയുണ്ട്. നിലവിൽ ഇതുവഴി കടന്നു പോകുന്ന സ്വിഫ്റ്റ് ബസുകൾ പോലും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നവയാണെന്ന് പരാതിയുണ്ട്. അറ്റകുറ്റപ്പണികളുടെ അഭാവം മൂലം തകരാർ പതിവാണ്. പാതിവഴിയിൽ യാത്ര അവസാനിപ്പിക്കേണ്ടി വന്ന ദിവസങ്ങളുമുണ്ട്. സൂപ്പർ ഡീലക്സ് ബസുകളിൽ യാത്ര ചെയ്താൽ ബസിനുള്ളിലെ ശബ്ദം കാരണം ഉറങ്ങാൻ പോലും കഴിയാറില്ലെന്ന് യാത്രക്കാർ പറയുന്നു.

കൂടുതൽ ബസുകൾ വന്നാൽ

മദ്ധ്യകേരളത്തിൽ നിന്ന് കൂടുതൽ യാത്രക്കാർ ജില്ലയിൽ നിന്ന്

ഓണാവധിക്ക് നാട്ടിലെത്താൻ വിദ്യാർത്ഥികളും ഉദ്യോഗസ്ഥരും

 സ്വകാര്യ ലോബിയുടെ കൊള്ളയ്ക്ക് ഒരു പരിധി വരെ അറുതി

കെ.എസ്.ആർ.ടി.സിക്ക് കൂടുതൽ വരുമാന നേട്ടം

പുതുതായി അപേക്ഷിച്ചത് 4 ബസുകൾക്ക്