തലസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റാൻ ടെക്നോപാർക്ക് വികസിക്കുന്നു

Sunday 17 August 2025 5:56 AM IST

നഗരത്തിനുള്ളിൽ ഒരു ഉപനഗരം

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ ഐടി പാർക്കായ ടെക്‌നോപാർക്കിന്റെ ഫേസ് 4 (ടെക്‌നോസിറ്റി) വിപുലീകരണത്തിന്റെ മാസ്റ്റർ പ്ളാൻ പുറത്തിറക്കി.വിപുലീകരണം സാദ്ധ്യമാവുന്നതോടെ തലസ്ഥാന ജില്ലയുടെ മുഖച്ഛായ തന്നെ മാറും.കേരളത്തിൽ ഐടിയുടെയും ഇന്നൊവേഷന്റെയും ആഗോള കേന്ദ്രമെന്ന തിരുവനന്തപുരത്തിന്റെ സ്ഥാനം ഊട്ടിയുറപ്പിക്കാൻ ഇത് സഹായകമാവും.

ഡൽഹി ആസ്ഥാനമായുള്ള സി.പി കുക്രേജ ആർക്കിടെക്സാണ് ടെക്‌നോസിറ്റി ഫേസ് 4 നുള്ള മാസ്റ്റർപ്ലാൻ തയ്യാറാക്കിയത്.നിലവിലുള്ള ഡിജിറ്റൽ യൂണിവേഴ്സിറ്റി ഒഫ് കേരള,സൺടെക് ബിൽഡിംഗ്,കബനി ഐടി ബിൽഡിംഗ്,വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ടി.സി.എസ് ഐടി/ഐടി അധിഷ്ഠിത ഹബ്ബ്, രണ്ട് ഐടി ടവറുകൾ, വാണിജ്യ സമുച്ചയം, റെസിഡൻഷ്യൽ കോംപ്ലക്സ് എന്നിവ ഉൾപ്പെടുന്ന മിനി ടൗൺഷിപ്പ് (ക്വാഡ്) അടക്കം വൈവിദ്ധ്യമാർന്ന പദ്ധതികളും മാസ്റ്റർപ്ലാനിൽ ഉൾപ്പെടുന്നു.

സാങ്കേതിക മേഖലയ്ക്ക്

പ്രത്യേക സോൺ ഗവേഷണ വികസന കേന്ദ്രങ്ങൾക്കായുള്ള ഗവേഷണ ഇന്നൊവേഷൻ ഹബുകൾക്കൊപ്പം ഐടി/ ഐടി അധിഷ്ഠിത, ഇലക്ട്രോണിക്സ് തുടങ്ങി വളർന്നുവരുന്ന സാങ്കേതിക മേഖലകൾക്കായി പ്രത്യേക സോണുകൾ ഫേസ്4ൽ ആസൂത്രണം ചെയ്തിട്ടുണ്ട്.വിദ്യാഭ്യാസ നൈപുണ്യ വികസന മേഖല,ബഹിരാകാശ ഉപഗ്രഹ നവീകരണത്തെ പിന്തുണയ്ക്കുന്നതിനുള്ള കേരള സ്‌പേസ് പാർക്ക്,ചെറുകിട ഇടത്തരം സംരംഭങ്ങളെ വളർത്തുന്നതിനുള്ള എം.എസ്.എം.ഇ ടെക്‌നോളജി സെന്റർ,കെ.എസ്യു.എമ്മിന് കീഴിലുള്ള എമർജിംഗ് ടെക്‌നോളജി ഹബ്ബ്,നിർദ്ദിഷ്ട സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറി,യൂണിറ്റി മാൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.ഡിജിറ്റൽ 110 കെ.വി ഇലക്ട്രിക്കൽ സബ്‌സ്റ്റേഷനും മികച്ച ജലവിതരണ സംവിധാനവും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ നിലവിൽ ടെക്‌നോസിറ്റിയിലുണ്ട്.

ടെക്നോപാർക്ക്

389 ഏക്കറിൽ വ്യാപിച്ചുകിടക്കുന്നു

1) 1990ൽ സ്ഥാപിതമായി

2) 500ലധികം കമ്പനികൾ

3) 80,000 ജീവനക്കാർ

ലോകോത്തര ഐടി സൗകര്യങ്ങൾ,ഗവേഷണ കേന്ദ്രങ്ങൾ,അക്കാഡമിക് സ്ഥാപനങ്ങൾ,സാമൂഹിക സൗകര്യങ്ങൾ,ആഗോള സംരംഭങ്ങൾ,വൻകിട നിക്ഷേപങ്ങൾ,കഴിവും നൈപുണ്യവുമുള്ള പ്രൊഫഷണലുകളെ ആകർഷിക്കുന്നതിനായി രൂപകല്പന ചെയ്തിരിക്കുന്ന സംവിധാനങ്ങൾ എന്നിവ സംയോജിപ്പിക്കുന്ന കേന്ദ്രമായിട്ടാണ് പദ്ധതി തയ്യാറാക്കുന്നത്.

തിരുവനന്തപുരത്തെ അടുത്ത സുപ്രധാന ഐടി ഡെസ്റ്റിനേഷനാണ് ഫേസ് 4.

കേണൽ സഞ്ജീവ് നായർ (റിട്ട.),

ടെക്‌നോപാർക്ക് സി.ഇഒ