ഉത്തേജക പാക്കേജ് വഞ്ചനയും തട്ടിപ്പും: തോമസ് ഐസക്
ആലപ്പുഴ:കേന്ദ്ര സർക്കാരിന്റെ ഉത്തേജക പാക്കേജ് ചരിത്രത്തിലെ ഏറ്റവും വലിയ വഞ്ചനയും തട്ടിപ്പുമാണെന്ന് ധനമന്ത്രി തോമസ് ഐസക് വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി.
കോർപറേറ്റ് നികുതി 22 ശതമാനമായി കുറച്ചെന്ന് കേന്ദ്ര ധനമന്ത്രി പറയുന്നത് ശരിയല്ല. ഔദ്യോഗിക പത്രക്കുറിപ്പിലെ കണക്കുകൾ വേറെയാണ്. യഥാർത്ഥ ഉത്തേജക പാക്കേജ് 29,000 കോടി മാത്രമാണ്. ബി.ജെ.പി ധനമന്ത്രിമാരും കേന്ദ്രസഹമന്ത്രി അനുരാഗ് താക്കൂറും പാക്കേജിനെ വിമർശിക്കുന്നുണ്ട്. നികുതി കുറച്ചെന്ന വാചകമടി അടുത്ത ദിവസങ്ങളിൽ ഓഹരി വിപണിയിൽ ഇടിവ് ഉണ്ടാക്കും. ജനങ്ങളിൽ പണം എത്തിക്കാനുള്ള പദ്ധതിയിലൂടെ മാത്രമേ പ്രതിസന്ധി മറികടക്കാനാവൂ. പാക്കേജ് കോർപ്പറേറ്റുകൾക്ക് ലാഭം ഉണ്ടാക്കാനാണ്. വിപണനം നടത്താൻ കഴിയുന്ന പദ്ധതിയാണ് ആവശ്യം.
ഇളവിലൂടെ കമ്മി കൂടാതിരിക്കാൻ രണ്ട് മാർഗമേയുള്ളൂ. പാവങ്ങളുടെ ആനുകൂല്യങ്ങളും ക്ഷേമപ്രവർത്തനങ്ങളും വെട്ടിക്കുറയ്ക്കണം, പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കണം.സർക്കാർ നൽകിയ നികുതി ഇളവിൽ കോർപ്പറേറ്റുകൾ പൊതുമേഖലാ കമ്പനികൾ സ്വന്തമാക്കും. മോദിയുടെ അമേരിക്കൻ സന്ദർശനം മുന്നിൽ കണ്ടുള്ള പ്രഖ്യാപനം മാത്രമാണ് ധനമന്ത്രിയുടേത്. ഗോവ ജി.എസ്.ടി കൗൺസിൽ യോഗത്തിന് മുന്നേ ധനമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ സംശയം ഉണ്ടെന്നും ഐസക് പറഞ്ഞു.
കിഫ്ബിയിൽ സ്റ്റാറ്റ്യൂട്ടറി ആഡിറ്റ് ഉണ്ട്. അത് മനസിലാക്കാതെയാണ് പ്രതിപക്ഷ നേതാവിന്റെ വിമർശനം. എല്ലാ ചെലവുകളും പരിശോധിക്കുന്നുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്ഥാപനം ആണ് ഇന്റേണൽ ആഡിറ്റ് നടത്തുന്നത്. വിനോദ് റായിയെ അടക്കം പങ്കെടുപ്പിച്ചു ഓൺലൈൻ ആഡിറ്റ് ഉണ്ട്. എല്ലാ കണക്കുകളും നിയമസഭയിൽ വയ്ക്കും. പ്രതിപക്ഷ നേതാവിന് നേരിട്ട് മറുപടി പറയാൻ കിഫ്ബി സി.ഇ.ഒയോ അല്ലെങ്കിൽ ധനമന്ത്രി എന്ന നിലയിൽ താനോ തയ്യാറാണ്. കിഫ്ബിയുടെ നിയമനിർമ്മാണം നിയമസഭയിൽ ചർച്ച ചെയ്തപ്പോൾ ആഡിറ്റിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് ഒന്നും പറഞ്ഞില്ല. ആരോപണങ്ങൾ കാരണം കിഫ്ബിയുടെ റേറ്റിംഗ് കുറഞ്ഞു. സി.എ.ജിയുടേതടക്കം എല്ലാം ആഡിറ്റിനും തയ്യാറാണ്.
ഉപതിരഞ്ഞെടുപ്പിൽ പാർട്ടിയും മുന്നണിയും വിജയസാദ്ധ്യതയുള്ള സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. അരൂരിലും കോന്നിയിലും ഹിന്ദുസ്ഥാനാർത്ഥിയെ മത്സരിപ്പിക്കണമെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയോട് പ്രതികരിക്കുന്നില്ല. എല്ലാ വശങ്ങളും പരിശോധിച്ചാണ് മുന്നണിയും പാർട്ടിയും സ്ഥാനാർത്ഥിയെ നിറുത്താറുള്ളതെന്നും തോമസ് ഐസക് പറഞ്ഞു.