തെരുവുനായ ആക്രമണം: വൃദ്ധയ്ക്കും 10 വയസുകാരനും പരിക്ക്

Sunday 17 August 2025 1:44 AM IST

കടയ്ക്കാവൂർ:കായിക്കരയിൽ രണ്ട്സ്ഥലങ്ങളിലായി തെരുവുനായ ആക്രമണത്തിൽ 10വയസുകാരനും വൃദ്ധയ്ക്കും പരിക്ക്. കായിക്കര ചാത്തിയോട് വീട്ടിൽ ധീരജ്,​ കായിക്കര ചാത്തിയോട് വീട്ടിൽ ശ്രീദേവി എന്നിവർക്കാണ് പരിക്കേറ്റത്.

കഴിഞ്ഞ ദിവസം രാവിലെ 10ഓടെ കളിക്കുകയായിരുന്ന ധീരജിനെ വീട്ടിൽ കയറി തെരുവുനായ ആക്രമിക്കുകയായിരുന്നു. ബഹളംകേട്ട് ഓടിക്കൂടിയ നാട്ടുകാർ നായയെ അടിച്ചോടിക്കുകയായിരുന്നു. ആക്രമണത്തിൽ കുട്ടിയുടെ കാലിലാണ് പരിക്ക്. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കൽ കോളേജിലേക്കും ചികിത്സ തേടി.

അന്നേദിവസം കായിക്കര ജംഗ്ഷനിൽ കടനടത്തുന്ന ചാത്തിയോട് വീട്ടിൽ ശ്രീദേവിയെ അവരുടെ കടയിൽകയറി തെരുവുനായ ആക്രമിക്കുകയായിരുന്നു. ഇവരെ തള്ളിയിട്ട് കാൽപ്പത്തി കടിച്ച് മുറിച്ചത്. ശ്രീദേവി അഞ്ചുതെങ്ങ് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചികിത്സതേടി. വീഴ്ചയിൽ കെെയ്ക്ക് പരിക്കേൽക്കുകയും ചെയ്തു.