48 -ാം വയസിൽ റെഡിൻ കിങ് സിലി അച്ഛനായി, മകൾ അഡ്‌ലിൻ വിക്ടോറിയ

Sunday 17 August 2025 6:01 AM IST

എന്റെ മാലാഖയോടൊപ്പം എന്ന കുറിപ്പുമായി മകളെ പരിചയപ്പെടുത്തി തമിഴ് നടൻ റെഡിൻ കിങ് സിലി. കഴിഞ്ഞ ഏപ്രിലിൽ 48 -ാം വയസിലാണ് റെഡിൻ കിങ് സിലി അച്ഛനാകുന്നത്. അഡ്‌ലിൻ വിക്ടോറിയ എന്നാണ് മകളുടെ പേര്. 2023 ലാണ് തമിഴ് മിനിസ്ക്രീൻ രംഗത്തെ നായികമാരിൽ ഒരാളായ സംഗീതയുമായി റെഡിൻ കിങ് സിലിയുടെ വിവാഹം. നാല്പത്തി ആറാം വയസിലാണ് സംഗീതയെ സ്വന്തമാക്കിയത്. രണ്ടുപേരും തമ്മിലുള്ള പ്രായ വ്യത്യാസവും പൊക്കവും വിമർശിച്ച് നിരവധി പേർ അന്ന് കമന്റ് ചെയ്തിരുന്നു. നെൽസൺ സംവിധാനം ചെയ്ത കൊലമാവ്‌ കോകില എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലേക്ക് എത്തിയ താരമാണ് റെഡിൻ കിങ്സിലി. ആ ഒരൊറ്റ സിനിമകൊണ്ട് തന്നെ നിരവധി ആരാധകരെ സൃഷ്‌ടിക്കാൻ സാധിച്ചു. പിന്നീട് കൈ നിറയെ ചിത്രങ്ങളായിരുന്നു. നെൽസൺ സംവിധാനം ചെയ്ത ഡോക്ടർ, സൂര്യയുടെ കങ്കുവ, അജിത്തിന്റെ ഗുഡ് ബാഡ് അഗ്ലി, രജനികാന്തിന്റെ ജയിലർ, ചിമ്പുവിന്റെ പത്ത് തല തുടങ്ങി അൻപതിലധികം സിനിമകളിൽ അഭിനയിച്ചു. തമിഴിലും തെലുങ്കിലും കന്നടയിലും അഭിനയിച്ച താരം ഭ. ഭ .ബ, മേനേ പ്യാർ കിയാ എന്ന ചിത്രങ്ങളിലൂടെ മലയാളത്തിലും എത്തി. അതേസമയം മകളുടെ വിശേഷങ്ങൾ സംഗീത ആരാധകരെ അറിയിക്കാറുണ്ട്. ഇത് ഒരു രാജകുമാരിയാണ് എന്ന് മകൾ ജനിച്ചപ്പോൾ സംഗീത സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.