ഗുരുവി​ന്റെ പാദമുദ്രകൾ പി​ന്തുടരാം

Sunday 17 August 2025 3:12 AM IST

യോഗനാദം 2025 ആഗസ്റ്റ്​ 16 ലക്കം എഡിറ്റോറിയൽ

അപരിഷ്കൃതമായ ജാതി വിവേചനങ്ങളും ആചാരാനുഷ്ഠാനങ്ങളും അന്ധവിശ്വാസങ്ങളും നടമാടിയിരുന്ന കേരളത്തിൽ ജ്ഞാനവും കരുണയും ആത്മീയതയും തത്വചിന്തയും ഭക്തിയും സാഹിത്യവും സ്നേഹവും നർമ്മവും ചേർന്ന ഔഷധം കൊണ്ട് സാമൂഹ്യപരിഷ്കരണത്തിന് വെളിച്ചം പകർന്ന മഹാമനീഷിയാണ് ശ്രീനാരായണ ഗുരുദേവൻ. സംഘർഷരഹിതമായ സാമൂഹ്യ വിപ്ളവത്തിനാണ് ഗുരു വഴി​യൊരുക്കി​യത്. ഗുരുദേവൻ തെളിച്ച ആ വഴിയിലൂടെയാണ് നവോത്ഥാന കേരളം രൂപംകൊണ്ടത്. ഒട്ടേറെ മഹത്തുക്കളായ ശിഷ്യരെയും ഗുരു വാർത്തെടുത്തു. ഒന്നു തിരിഞ്ഞു നോക്കിയാൽ കേരളത്തിന്റെ സാമൂഹിക പുരോഗതിക്ക് പിന്നിൽ ഗുരുദേവന്റെ അദൃശ്യ സാന്നിദ്ധ്യം ഇന്നും സുവ്യക്തമാണ്. ഗുരുദർശനം നമ്മുടെ എല്ലാ മേഖലകളി​ലും ചി​ന്താസരണി​കളി​ലും സ്വാധീനി​ക്കുന്നുമുണ്ട്. ആ പാദമുദ്രകൾ ഇന്നും സമൂഹത്തെ നയിക്കുന്നു.

170 വർഷം മുമ്പ് ഗുരു ചെമ്പഴന്തിയിൽ ജന്മമെടുക്കുമ്പോൾ കേരളം എല്ലാ അർത്ഥത്തിലും അജ്ഞാന തിമിരാന്ധകാരയുഗത്തിലായിരുന്നു. ഈ ചെറിയ ഭൂപ്രദേശത്ത് ലോകത്തിനാകെ വെളിച്ചമാകുന്ന സന്ദേശങ്ങൾ പകർന്ന ഗുരുവിനെ മലയാളികൾ ഇന്നും പൂർണമായും മനസിലാക്കിയിട്ടില്ലെന്നതാണ് ദൗർഭാഗ്യം. ഗുരുവിനെ ഈഴവരുടെ മാത്രം ഗുരുവായി കരുതുന്നവർ ഇവിടെയുണ്ട്. സംഘർഷാത്മകമായ ഈ ലോകത്ത് ഗുരുദർശനം പരമപ്രധാനമാണ്. മനുഷ്യരാശിയെ ഒന്നാകെ ഗുരുവിന്റെ പാതയിലേക്കെത്തിക്കേണ്ട കാലവും അതിക്രമിച്ചു.

ഗുരുദേവന്റെ ജീവി​തവും സന്ദേശവും മനുഷ്യരാശി​ക്ക് വേണ്ടി​യുള്ളതായി​രുന്നു. കേരളത്തി​ൽ ജന്മമെടുത്തു എന്ന കുറവുമാത്രമേ ഗുരുവി​നുള്ളൂ. മനുഷ്യന്റെ നന്മയ്ക്കും മനുഷ്യരാശിയുടെയും ലോകത്തിന്റെയും പുരോഗതിക്കും സമാധാന പൂർണമായ ജീവിതത്തിനും വേണ്ടി ഇത്രയും ലളിതവും സുന്ദരവുമായി മാർഗങ്ങൾ കാണിച്ചുതന്നവർ കുറവാണ്. കൃഷ്ണനെയും ബുദ്ധനെയും ക്രി​സ്തുവി​നെയും നബി​യെയും പോലെ ലോകം ഏറ്റെടുക്കേണ്ട മഹത്വം ശ്രീനാരായണ ഗുരുവി​നുമുണ്ട്.

മതം, ജാതി​, വർഗം, വർണം, രാഷ്ട്രീയം, ദേശം, സമ്പത്ത് തുടങ്ങി​യ ഭേദചി​ന്തകളുടെ പേരി​ലെ സംഘർഷങ്ങൾ ദി​നംപ്രതി​ വർദ്ധി​ച്ചുവരി​കയാണ്. മാനവരാശി​യുടെ നി​ലനി​ൽപ്പി​നെ പോലും ആശങ്കപ്പെടുത്തുന്ന രീതി​യി​ലേക്ക് കാര്യങ്ങൾ നീങ്ങുന്നു. ആത്മീയ, സാമൂഹി​ക വളർച്ചയി​ല്ലാതെ സാമ്പത്തി​കമായും വൈകാരി​കമായും മുന്നോട്ടുപോവുകയാണ് ലോകം. കേവലം ഭൗതി​കമായ ഉയർച്ചയിൽ മാത്രം അഭി​രമി​ച്ചി​ട്ട് കാര്യമി​ല്ല. മനുഷ്യന്റെ ചി​ന്തകളും പ്രവൃത്തി​യും സകലജീവജാലങ്ങൾക്കും പ്രകൃതി​ക്കും വി​നയായി​ ഭവി​ക്കുകയാണെങ്കി​ൽ ഈ പുരോഗതി​കൊണ്ട് എന്താണ് കാര്യം ? പുതി​യ തലമുറയുടെ കാഴ്ചപ്പാടുകളാണ് ഇനി​ ലോകത്തെ നയി​ക്കേണ്ടത്. അവരുടെ ചി​ന്തയി​ലേക്കും പ്രവൃത്തി​യി​ലേക്കും ഗുരുവി​നെയും ഗുരുധർമ്മത്തെയും എത്തി​ക്കാൻ സാധിക്കണം. എല്ലാ തലത്തിലുമുള്ള പാഠ്യപദ്ധതികളിൽ ഗുരുവിനെക്കുറിച്ചും ഗുരുധർമ്മത്തേക്കുറിച്ചുമുള്ള ഭാഗങ്ങൾ ഉൾപ്പെടുത്താനുള്ള സന്മനസ് സർക്കാരുകൾ കാണിക്കണം. കേരളത്തിൽ ഗുരുവിന്റെ പേരിൽ ഒരു പ്രധാനപ്പെട്ട സർക്കാർ സ്ഥാപനമായി ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ആരംഭിച്ചതുതന്നെ അഞ്ചുവർഷം മുമ്പാണ്. പഠനസമ്പ്രദായങ്ങൾ അടിമുടി മാറുന്ന വരുംകാലങ്ങളിൽ ഈ യൂണിവേഴ്സിറ്റിക്ക് വലിയ പ്രാധാന്യം ലഭിക്കാനിടയുണ്ട്. ഗുരുവിന്റെ സ്മരണയ്ക്ക് അർപ്പിക്കാവുന്ന ഏറ്റവും ഉചിതമായവയാണ് വിദ്യാലയങ്ങൾ.

ഗുരുദേവൻ ജന്മമെടുത്ത ഈ നാട്ടി​ലെ സാമൂഹി​ക സാഹചര്യം ഇപ്പോൾ ശുഭകരമല്ല. മതമേതായാലും മനുഷ്യൻ നന്നായാൽ മതി​യെന്ന് പറഞ്ഞ ഗുരുവി​ന്റെ മണ്ണി​ൽ മതചി​ന്തകൾക്കാണ് ഇന്നും പ്രാമുഖ്യം. അധികാര രാഷ്ട്രീയം മതമെന്ന കേന്ദ്രബി​ന്ദുവി​​ൽ ചുറ്റി​ക്കറങ്ങുകയാണ്. സാമൂഹി​ക പുരോഗതിയും സാമൂഹ്യനീതിയും ​ പ്രതി​സന്ധി​യി​ലാണെന്നും പറയാം. പി​ന്നാക്ക, പട്ടി​കജാതി​, പട്ടികവർഗ സമൂഹങ്ങൾ ഇല്ലായ്മയി​ൽ നി​ന്ന് ഇല്ലായ്മയി​ലേക്കാണ് നീങ്ങുന്നത്. പൊതുസമ്പത്ത് വീതം വയ്ക്കുമ്പോൾ സംഘടി​തരായവർക്കാണ് മേൽക്കൈ. സംഘബലത്താൽ അധി​കാരം കൈപ്പി​ടി​യി​ലാക്കുന്നവർ സ്വന്തം ആൾക്കാർക്ക് സംരക്ഷണം നൽകി​ കുട ചൂടുന്നുമുണ്ട്. ഭൂരി​പക്ഷ ജനവി​ഭാഗങ്ങൾ അവഗണി​ക്കപ്പെടുകയോ അരക്ഷി​തരാക്കപ്പെടുകയോ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുകയോ ആണ്. വി​ശേഷിച്ച് പരമ്പരാഗതമായി​ പാർശ്വവത്കരി​ക്കപ്പെട്ടവർ. വി​ദ്യാഭ്യാസപരമായും സാമ്പത്തി​കമായും സാംസ്കാരി​കമായും അന്യവത്കരി​ക്കപ്പെട്ട പോലെയാണ് ഇവർ. നീതിപീഠങ്ങളിലും അധികാരത്തിന്റെ ഉന്നതശ്രേണികളിലും ഇന്നും ഇക്കൂട്ടർക്ക് മതിയായ പ്രാതിനിദ്ധ്യമില്ല. അവനവനാത്മസുഖത്തിനാചരിക്കുന്നവയപരന്നു സുഖത്തിനായ് വരേണമെന്ന് ഉദ്ബോധിപ്പിച്ച ഗുരുവിന്റെ നാട്ടിൽ ആഗോള മതഭീകരതയുടെ കണ്ണികളും വിലസുന്ന കാലമാണ്. അവർക്കും സംരക്ഷണം കൊടുക്കാൻ ഇവിടെ ആളുണ്ടെന്നതാണ് ദു:ഖകരം.

വരുന്നതിനെയെല്ലാം ഉൾക്കൊള്ളുവാനും അതിലെ നല്ല അംശങ്ങൾ സ്വാംശീകരിക്കുവാനും ഭാരതീയ സംസ്‌കാരത്തിനുള്ള കഴിവാണ് ഇങ്ങിനെയെങ്കിലും നമ്മുടെ നാടിനെ നിലനിറുത്തുന്നത്. അല്ലെങ്കിൽ മതംമാറ്റത്തിലൂടെ എന്നേ ഈ സംസ്കാരം അസ്തമിച്ചേനെ. ഒരാൾ ഏതു മതത്തിൽ വിശ്വസിക്കുന്നു അല്ലെങ്കിൽ ഏതു മതത്തിന്റെ ആരാധനാക്രമങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും പിന്തുടരുന്നു എന്നത് ഗുരുവിന് ഒരു പ്രശ്‌നമേ ആയിരുന്നില്ല. ആത്മീയമോക്ഷത്തിന് മതപരിവർത്തനം ആവശ്യമില്ലെന്നായിരുന്നു ഗുരുവിന്റെ ദർശനം. അതുകൊണ്ടാണ് അന്യമതക്കാരായ സന്യസ്ഥശിഷ്യർക്ക് അതേ പേരിലും സംസ്കാരത്തിലും ഗുരുവിനൊപ്പം തുടരാനായത്. മുഗളന്മാരും ബ്രിട്ടീഷുകാരും പോർച്ചുഗീസുകാരും മതംമാറ്റങ്ങൾ നൂറ്റാണ്ടുകൾ നടത്തിയിട്ടും ഇന്ത്യൻ സംസ്കാരത്തെ നശിപ്പിക്കാനായില്ല. പണ്ട് സംഘടിതവും ക്രൂരവുമായ മതംമാറ്റങ്ങളായിരുന്നെങ്കിൽ സ്വാതന്ത്ര്യാനന്തരം അത് പ്രലോഭനങ്ങളിലൂടെയും വിവാഹങ്ങളിലൂടെയും മറ്റുമുള്ള ആളെക്കൂട്ടലായി. ഇപ്പോഴും ഇത്തരം വാർത്തകളാണ് നിത്യമെന്നോണം നാം കേൾക്കുന്നത്.

അസഹിഷ്ണുത ഒരിക്കലും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ഭാഗമല്ല. ഗുരുദേവന്റെ വീക്ഷണകോണിലൂടെ ലോകത്തെ കണ്ടാൽ മതവും ജാതിയും മറ്റ് ഭേദചിന്തകളും മനസിൽ നിന്ന് അകന്ന് പോകും. കൃത്രിമ ബുദ്ധിയി​ലാകും ഇനി​ ലോകം ചലി​ക്കുക. ബഹിരാകാശത്തും കിലോമീറ്ററുകൾ താഴെയുള്ള സമുദ്രഗർഭത്തിലും ഇന്ത്യക്കാർ എത്തുന്ന ഈ ആധുനിക കാലത്ത് സങ്കുചിത ചിന്തകളും സമീപനങ്ങളും വെടിഞ്ഞ് രക്തത്തിലും മനസിലും ഗുരുവിനെ കുടിയിരുത്തുകയാണ് വേണ്ടത്.