അമ്മയുടെ 'പെൺമക്കൾ '

Sunday 17 August 2025 4:15 AM IST

മലയാള സിനിമ ശതാബ്ദിയിലേക്ക് പദമൂന്നാൻ തയ്യാറെടുക്കുന്ന ഘട്ടത്തിലാണ് ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യ്ക്ക് വനിതാ സാരഥ്യം സാക്ഷാത്കരിക്കപ്പെടുന്നത്. അഞ്ഞൂറിലേറെ വരുന്ന ചലച്ചിത്ര താരങ്ങളുടെ തലപ്പത്തേക്ക് ഒരു പെൺകൂട്ടായ്മ തന്നെ എത്തിപ്പെട്ടിരിക്കുന്നു എന്നത് പല നിലകളിൽ ചരിത്രമുഹൂർത്തം തന്നെയാണ്. ചരിത്രത്തിന്റെ ഈ ഭാസുര മുഹൂർത്തം അതിന്റെ എല്ലാ ഗൗരവത്തോടെയും ഉൾക്കൊള്ളലുകളുടേയും ചേർത്തുപിടിക്കലിന്റെയും സ്നേഹ സൗമനസ്യങ്ങളോടെയും എത്രത്തോളം മുന്നോട്ടുകൊണ്ടുപോകാൻ കഴിയും എന്നിടത്താണ് പുതിയ സ്ത്രീ നേതൃത്വത്തിന്റെ സത്തയും സാരവും കുടികൊള്ളുന്നത്.

1928ൽ പുറത്തിറങ്ങിയ ജെ.സി. ഡാനിയേലിന്റെ വിഗതകുമാരനിൽ തുടങ്ങുന്ന മലയാള ചലച്ചിത്ര ചരിത്രം മൂന്നുവർഷം കഴിയുമ്പോൾ ശതാബ്ദി നിറവിലെത്തുകയാണ്. ഇതിനിടയിൽ ബാലനിലൂടെ സംസാരിക്കുന്ന സിനിമ ഉണ്ടായതും, ചലച്ചിത്ര ഫ്രെയിമുകൾ വർണമനോഹരമായതും മദിരാശിയിൽ നിന്ന് മലയാള സിനിമ കേരളത്തിന്റെ പച്ചപ്പിലേക്കു തിരിച്ചുവന്നതും ഈ മേഖലയിലെ നാഴികക്കല്ലുകളാണ്. ഇതിനിടയിൽത്തന്നെയാണ് ലോക സിനിമയോട് മത്സരിച്ചു വിജയിക്കാൻ കഴിയുന്ന ഭാവുകത്വത്തിന്റെ പരകോടിയിലേക്ക് മലയാള സിനിമ നടന്നടുത്തതും. ലോക സിനിമയിലെ ഇതിഹാസങ്ങളോട് കിട പിടിക്കാൻ കഴിയുന്ന ചലച്ചിത്ര പ്രതിഭകൾ മലയാള സിനിമയുടെ സുകൃതംപോലെ അവതരിക്കുന്നതും നാം കണ്ടു. ലോകനിലവാരം പുലർത്തുന്ന അഭിനയ പ്രതിഭകളും മലയാള സിനിമയുടെ പുണ്യമാകുന്നതിന് നാം സാക്ഷിയായി. ഇത്തരത്തിലെല്ലാം മഹിതമായ നമ്മുടെ സിനിമാ ലോകത്താണ് ഇദംപ്രഥമമായി താരസംഘടന വനിതകളുടെ തേതൃത്വത്തിലെത്തുന്നത്. തീർച്ചയായും ഇത് മലയാള സിനിമയുടെ വരും കാലചരിത്രത്തിൽ ഒരു മാതൃകാ വ്യതിയാനം തന്നെ സൃഷ്ടിക്കാൻ സഹായകമാകും എന്നാണ് ചലച്ചിത്രലോകം പ്രതീക്ഷിക്കുന്നത്.

മലയാള ചലച്ചിത്ര രംഗത്തെ ആശാസ്യമല്ലാത്ത പല പ്രവണതകളും ഏറെ വിമർശന വിധേയമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് താരസംഘടനയ്ക്ക് വനിതകളുടെ നേതൃത്വം യാഥാർത്ഥ്യമായത് എന്നതും ശ്രദ്ധേയമാണ്. നടി ആക്രമിക്കപ്പെട്ട സംഭവം, വിമെൻ കളക്റ്റീവ് ഇൻ സിനിമയുടെ പ്രവർത്തനം, ഹേമ കമ്മിറ്റി അന്വേഷണം, കമ്മിറ്റിയുടെ റിപ്പോർട്ട് പരസ്യപ്പെടുത്തണമോ എന്ന തർക്കവിതർക്കങ്ങൾ, ഒടുവിൽ ഭാഗികമായെങ്കിലും പരസ്യമാക്കപ്പെട്ട പ്രസ്തുത റിപ്പോർട്ട്, ഇതിനെയെല്ലാം ചൊല്ലിയുള്ള സംവാദങ്ങളിലൂടെയും വിവാദങ്ങളിലൂടേയുമാണ് 2017 ൽ നടി ആക്രമിക്കപ്പെട്ടതിനു ശേഷമുള്ള മലയാള സിനിമാക്കാലം കടന്നുപോയത്.

ഈയൊരു സന്ദിഗ്ധ സന്ദർഭത്തിലാണ് ഒത്തിരി പ്രതീക്ഷകളോടെ ശ്വേതാ മേനോൻ പ്രസിഡന്റായും കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയുമായുള്ള ടീം അമ്മ ഭാരവാഹികളായി സ്ഥാനമേറ്റത്. വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലും എക്സിക്യുട്ടീവ് കമ്മിറ്റിയിലും സ്ത്രീപ്രാതിനിദ്ധ്യം ഉണ്ട്. ജയിച്ച നേതൃത്വത്തിനെതിരെ മത്സരിച്ചവർക്കും നല്ല രീതിയിൽ വോട്ട് ലഭിച്ചിരുന്നു. അതിനാൽ എല്ലാവരുമായി യോജിച്ചുള്ള പ്രവർത്തനം നടത്താൻ പുതിയ ഭാരവാഹികൾ ശ്രദ്ധിക്കണം. ഡബ്ല്യു.സി.സി പ്രവർത്തകരായ അഭിനേത്രികളും ചലച്ചിത്ര പ്രവർത്തകരും ഇനി അമ്മയിൽ നിന്നു വിട്ടുനിൽക്കാൻ പാടില്ല. അതിന് അവരുയർത്തിയ ആശങ്കകളും പരാതികളും പരിഹരിക്കപ്പെടണം. സ്ത്രീ നേതൃത്വം വന്നു എന്ന സാങ്കേതികത്വം കൊണ്ടുമാത്രം അതു പരിഹരിക്കപ്പെടുമെന്നു കരുതാനാവില്ല. അവരെ ശ്രദ്ധാപൂർവം കേൾക്കാനും കാണാനും ഉൾക്കൊള്ളാനും പുതിയ നേതൃത്വം സന്നദ്ധമാകണം. അത് പ്രസ്താവനയിലോ പ്രസംഗങ്ങളിലോ അല്ല മറിച്ച് സമീപനത്തിലും നടപടികളിലുമാണ് പുതിയ നേതൃത്വം തെളിയിക്കേണ്ടത്. അതിന് അമ്മയുടെ പുതിയ സാരഥികൾക്കു കഴിയട്ടെ എന്നു ഞങ്ങൾ ആശംസിക്കുന്നു. അങ്ങനെയാകുമ്പോൾ അത് മലയാള സിനിമയുടെ തലക്കുറി തന്നെ മാറ്റി എഴുതാനും കരുത്തു നൽകും.