ഇ - മാലിന്യ ശേഖരണം

Sunday 17 August 2025 4:18 AM IST

പുതിയ കാലത്തിന്റെ ഏറ്റവും അപകടകരമായ മാലിന്യമാണ് ഇ - മാലിന്യം. കേടായ ഇലക്ട്രോണിക് മാലിന്യങ്ങൾ ആരും സ്വീകരിക്കാറില്ല. ഇത് വഴിയിൽ ഉപേക്ഷിച്ചാൽ പ്രകൃതിക്കുണ്ടാകുന്ന പരിസ്ഥിതി നാശം വളരെ വലുതാണ്. കേരളത്തിലെ മാലിന്യ സംസ്‌കരണ പ്രവർത്തനത്തിൽ വിപ്ളവകരമായ മാറ്റങ്ങൾ നടപ്പാക്കിയ ഹരിതകർമ്മസേന ഒരു പുതിയ ദൗത്യമെന്ന നിലയിലാണ് ഇ- മാലിന്യങ്ങൾ ശേഖരിക്കാൻ തുടങ്ങിയത്. അതിനാൽ കാലങ്ങളായി വീടുകളിൽ അടിഞ്ഞുകിടന്ന ഇ- മാലിന്യം ഒഴിവായതിനൊപ്പം പണവും കൂടി ലഭിച്ചെന്ന സന്തോഷത്തിലാണ് ജനങ്ങൾ. സംസ്ഥാനത്തെ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമാണ് ഹരിതകർമ്മ സേന ഇ- മാലിന്യം ശേഖരിച്ചത്. ഒരു മാസം മുമ്പ് ആരംഭിച്ച പദ്ധതിയിലൂടെ ഇതുവരെ ശേഖരിച്ചത് 33,945 കിലോ ഇ - മാലിന്യമാണ്. പകരമായി ഹരിതകർമ്മസേന നൽകിയത് 2.63 ലക്ഷം രൂപ.

അപകടകരമല്ലാത്ത ഇലക്ട്രോണിക്, ഇലക്ട്രിക്കൽ ഗണത്തിൽപ്പെടുന്ന 44 ഇനമാണ് ഇവർ ശേഖരിക്കുന്നത്. കിലോഗ്രാം നിരക്കിലാണ് വില നൽകുന്നത്. ശേഖരിക്കുന്ന ഉപകരണങ്ങൾ ക്ളീൻ കേരള കമ്പനിയിൽ എത്തിച്ച് തരം തിരിക്കും. പുനചംക്രമണം സാധിക്കുന്ന വസ്തുക്കൾ ഈ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് കൈമാറും. കഴിയാത്തവ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ നിർമ്മാർജ്ജനം ചെയ്യും. ഹരിതകർമ്മസേന കൺസോർഷ്യം ഫണ്ടിൽ നിന്നോ തദ്ദേശസ്ഥാപനത്തിന്റെ തനത് ഫണ്ടിൽ നിന്നോ ആണ് വീടുകൾക്കും സ്ഥാപനങ്ങൾക്കും വില നൽകുന്നത്. ക്ളീൻ കേരള കമ്പനി ഏറ്റെടുക്കുമ്പോൾ ഈ തുക ഹരിതകർമ്മസേനകൾക്ക് തിരികെ ലഭിക്കും.

ഇ - മാലിന്യത്തിന്റെ ശാസ്‌ത്രീയമായ സംസ്‌കരണം ഉറപ്പാക്കാൻ ആരംഭിച്ച പദ്ധതി ക്ളീൻ കേരള കമ്പനി, ശുചിത്വ മിഷൻ, കുടുംബശ്രീ എന്നീ ഏജൻസികളുമായി ചേർന്ന് തദ്ദേശ സ്വയംഭരണ വകുപ്പാണ് നടത്തുന്നത്. വിജയകരമായതോടെ സെപ്തംബർ മുതൽ എല്ലാ പഞ്ചായത്തുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനുള്ള തീരുമാനം തികച്ചും സ്വാഗതാർഹമാണ്.

ഹരിതകർമ്മസേന ഇ- മാലിന്യം ശേഖരിക്കുന്നത് സംബന്ധിച്ച് ചെയ്ത പരസ്യവും രസകരമായിരുന്നു. സാങ്കേതിക തകരാറിനെത്തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ ചുമതലക്കാരനോട് ഇ- മാലിന്യം ഉണ്ടെങ്കിൽ ഞങ്ങളെടുക്കാം എന്നു പറയുന്ന ഹരിതകർമ്മ സേനാംഗത്തെയാണ് പരസ്യത്തിൽ ഉൾപ്പെടുത്തിയിരുന്നത്. വിദേശ രാജ്യങ്ങളിൽ ഇ - മാലിന്യം നിർമ്മാർജ്ജനം ചെയ്യുന്നതിന് യന്ത്രസഹായത്തോടെയുള്ള നവീനമായ രീതികൾ ആവിഷ്കരിച്ചിട്ടുണ്ട്. അത്തരം സ്ഥലങ്ങൾ നേരിട്ട് സന്ദർശിച്ച് അതുപോലുള്ള സംവിധാനങ്ങൾ ഇവിടെയും ആരംഭിക്കാനുള്ള നടപടികളും തദ്ദേശ വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതാണ്. കാരണം ഭാവിയിൽ കേരളത്തെ ഏറ്റവും കൂടുതൽ ബാധിക്കുന്ന ഒരു പ്രശ്നമായി ഇ - മാലിന്യം മാറും.

മൊബൈൽ ഫോൺ കേരളത്തിൽ കുട്ടികൾ വരെ ഉപയോഗിക്കുന്നു. വിദ്യാർത്ഥികളിലും ജീവനക്കാരിലും സ്വന്തമായി കമ്പ്യൂട്ടറുകൾ ഉള്ളവരുടെ എണ്ണവും വളരെ കൂടുതലാണ്. ഇത് കൂടാതെ വീട്ടിലെ കേടാകുന്ന ഇലക്ട്രിക് - ഇലക്ട്രോണിക് സാധനങ്ങളായ ടി.വി, റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, ഗ്രൈൻഡർ, ഫാൻ, കമ്പ്യൂട്ടർ, മോണിറ്റർ, മൊബൈൽ ഫോൺ, ടെലിഫോൺ, മോഡം, ഇൻവെർട്ടർ, ഇൻഡക്ഷൻ കുക്കർ, വാട്ടർ ഹീറ്റർ, എയർ കണ്ടീഷണറുകൾ തുടങ്ങിയവ ഹരിതകർമ്മസേന ശേഖരിക്കുന്നവയിൽ ഉൾപ്പെടുന്നു. ടിവിയുടെയും കമ്പ്യൂട്ടറുകളുടെയും മോണിറ്ററുകളും ബാറ്ററിയുമാണ് ഇ - മാലിന്യത്തിൽ അപകടത്തിലും അളവിലും കൂടി നിൽക്കുന്നത്. ഇതിൽ അടങ്ങിയിരിക്കുന്ന ലെഡ്, നിക്കൽ, മെർക്കുറി തുടങ്ങിയ അപകടകരമായ മൂലകങ്ങൾ കടുത്ത രോഗഭീഷണിക്ക് തന്നെ ഇടയാക്കുന്നവയാണ്. ഈ പശ്ചാത്തലത്തിൽ ഹരിതകർമ്മസേനയുടെ ഇ- മാലിന്യ ശേഖരണം അഭിനന്ദനം അർഹിക്കുന്നു.