ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് : ബിജെപിയുടെ പട്ടികയിൽ ആരിഫ് മുഹമ്മദ് ഖാനും,​ സാദ്ധ്യത ഇവർക്ക്

Saturday 16 August 2025 8:36 PM IST

ന്യൂഡൽഹി: സെപ്തംബർ ഒൻപതിന് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആരായിരിക്കണം സ്ഥാനാർത്ഥി എന്ന അവസാന ചർച്ചകളിലാണ് ബി.ജെ.പി. വിവിധ കോണുകളിൽ നിന്നും പല പേരുകളും ഉയരുമ്പോഴും നേതൃത്വം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ അടുത്ത ഉപരാഷ്ട്രപതി ആർ.എസ്.എസ് പ്രത്യയശാസ്ത്രവുമായി ബന്ധമുള്ളയാളാകുമെന്ന് നേതാക്കൾ മുന്നെ വ്യക്തമാക്കിയിരുന്നു.

മുൻ കേരള ഗവർണറും ഇപ്പോൾ ബിഹാർ ഗവർണറുമായ ആരിഫ് മുഹമ്മദ് ഖാൻ, ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ സക്സേന എന്നിവരുടെ പേരുകൾ ഉയർന്നു വരുന്നുണ്ട്. എന്നാൽ ഗുജറാത്ത് ഗവർണർ ആചാര്യ ദേവവ്രത്, കർണാടക ഗവർണർ തവർചന്ദ് ഗെലോട്ട്, സിക്കിം ഗവർണർ ഓം മാത്തൂർ, ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ എന്നീ പേരുകളും പട്ടികയിലുണ്ട്. ഇതിന് പുറമെ ശേഷാദ്രി ചാരിയും പരിഗണനയിലാണ്. ബീഹാർ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നിലവിലെ രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശിനും സാദ്ധ്യതകളുള്ളതായി ബി.ജെ.പി വൃത്തങ്ങൾ വ്യക്തമാക്കുന്നു.

ഒരു മാസത്തിനിടെ നിരവധി ഗവർണർമാരും ലെഫ്റ്റനന്റ് ഗവർണർമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവർ കൂടിക്കാഴ്ച നടത്തിയിരുന്നു. സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പി പ്രസിഡന്റ് ജെ.പി നദ്ദയെയുമാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉന്നത നേതാക്കളുടേയും സഖ്യകക്ഷികളുടെയും ബൃഹത് യോഗം വിളിച്ച് ചേർക്കാനും പദ്ധതിയുണ്ട്.

വർഷകാല സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിനായി പാർലമെന്റ് പുനരാരംഭിക്കുമ്പോൾ എല്ലാ എൻ.ഡി.എ എം.പി മാരേയും ചൊവ്വാഴ്ച പാർലമെന്ററി പാര്‍ട്ടി യോഗത്തിന് വിളിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റ് ഓഡിറ്റോറിയത്തില്‍ എം.പിമാരെ അഭിസംബോധന ചെയ്‌തേക്കും.

ജൂലായ് 21 നാണ് ആരോഗ്യപരമായ കാരണങ്ങളാൽ ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധൻകർ രാജിവച്ചത്. 2027 ഓഗസ്റ്റ് വരെ കാലാവധിയുള്ളപ്പോഴാണ് ജഗ്ദീപ് ധൻകറിന്റെ രാജി. ആരോഗ്യ കാരണങ്ങളാലാണ് രാജിയെന്ന് പറയുമ്പോഴും നേതൃത്വവുമായുണ്ടായ അസ്വാരസ്യങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്നും പറയുന്നു.