ഓണക്കാലം വരവായി, പൊഴിക്കര റോഡ് സംരക്ഷണം വൈകരുത്
പൂവാർ: ഓണക്കാലം വരവായതിനാൽ പൂവാർ പൊഴിക്കര റോഡ് സംരക്ഷണം അടിയന്തരമായി നടപ്പാക്കണമെന്ന് പ്രദേശവാസികൾ. പ്രകൃതിക്ഷോഭവും കള്ളക്കടൽ പ്രതിഭാസവും തകർത്ത പൂവാറിലെ ഗോൾഡൻ ബീച്ചും പൊഴിക്കര റോഡും പുനർനിർമ്മിക്കാൻ നടപടി വേണം.
പൂവാർ ജംഗ്ഷനിൽ നിന്നും ബീച്ചിലേക്ക് പോകുന്ന റോഡാണ് തകർന്ന് തരിപ്പണമായത്. ഇ.എം.എസ് കോളനി മുതൽ പൊഴിക്കര വരെയുള്ള ഏകദേശം 300 മീറ്ററോളം സംരക്ഷണ ഭിത്തി ഇടിഞ്ഞു താഴ്ന്നിട്ടുണ്ട്. പൊഴിക്കരയിലെത്തുന്ന ടൂറിസ്റ്റുകളും കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ എത്തുന്നവരും ഭയത്തോടെയാണ് വാഹനങ്ങൾ ഓടിക്കുന്നത്.
ഓണക്കാലത്ത് സ്വദേശികളും വിദേശികളുമായ നിരവധി ടൂറിസ്റ്റുകൾ പൊഴിക്കരയിലെത്താറുണ്ട്. എന്നാൽ റോഡ് നവീകരണം നടക്കാത്തതിനാൽ ഇക്കുറി ടൂറിസ്റ്റുകൾ കുറയാനാണ് സാദ്ധ്യത.
എംപി, എംഎൽഎ,ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് തുടങ്ങിയ ജനപ്രതിനിധികൾ സ്ഥലം സന്ദർശിക്കുകയും റോഡ് പുനർനിർമാണം സമയബന്ധിതമായി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടന്നില്ല.
തകർച്ചയിൽ
കടൽക്കാഴ്ച കാണാൻ ഇരിക്കാറുള്ള ഗോൾഡൻ ബീച്ചിന്റെ കൈവരി പൂർണമായും തകർന്നു. ബീച്ചിന്റെ വീതി പകുതിയോളം തകർന്നു. പല സ്ഥലങ്ങളും ദ്വീപിന് സമാനമായ ഒറ്റപ്പെട്ട അവസ്ഥയിലാണ്. പ്രദേശത്തെ വൈദ്യുത ലൈനുകളും തകർന്നു. മറിഞ്ഞുവീണ പോസ്റ്റുകൾ ഇലക്ട്രിസിറ്റി ബോർഡ് ജീവനക്കാർ നേരെയാക്കിയെങ്കിലും സുരക്ഷിതമല്ലെന്നാണ് ടൂറിസ്റ്റുകളുൾപ്പെടെ പറയുന്നത്.
പൂവാർ കേസ്റ്റൽ പോസ്റ്റൽ പൊലീസ് സ്റ്റേഷൻ ഒറ്റപ്പെട്ട അവസ്ഥയിലാണ്.
റോഡ് ഇടിഞ്ഞുതാഴ്ന്നു
കടൽക്ഷോഭമാണ് തീരത്തിന്റെ ഭംഗി കവർന്നെടുത്തത്.കഴിഞ്ഞ വർഷത്തെ തോരാമഴയും നെയ്യാർഡാം തുറന്നതും ബ്രേക്ക് വാട്ടറിൽ വെള്ളം പൊങ്ങിയപ്പോൾ പൊഴിമുറിയാൻ വൈകിയതുമാണ് തീരത്തെ റോഡ് ഇടിഞ്ഞുതാഴാൻ കാരണമായത്.
ബ്രേക്ക് വാട്ടറിൽ നിന്നും റോഡിനോടു ചേർന്ന് വെള്ളം ഒഴുകാൻ സാദ്ധ്യതയുണ്ടെന്ന് അറിവുണ്ടായിട്ടും അധികൃതർ അനാസ്ഥ കാട്ടിയെന്നാണ് ആക്ഷേപം.
തീരം കടൽ വിഴുങ്ങി
പൊഴിക്കരയുടെ കിഴക്കുഭാഗത്ത് കുളത്തൂർ പഞ്ചായത്തും പടിഞ്ഞാറു ഭാഗത്ത് പൂവാർ പഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് പൊഴി മുറിക്കാറുള്ളത്. എന്നാൽ മുറിച്ച പൊഴി കടൽക്ഷോഭം കാരണം മണൽകൊണ്ട് മൂടി. പകരം സംവിധാനം ഒരുക്കാൻ അധികൃതർക്കായില്ല. അതോടെയാണ് തീരം കടൽ വിഴുങ്ങിയത്.