എംഡിഎംഎയുമായി യുവാവ് പിടിയിൽ; അറസ്റ്റിലായത് പൊലീസ് സ്റ്റേഷനിൽ മയക്കുമരുന്ന് ഉപയോഗിച്ച പ്രതി

Saturday 16 August 2025 9:23 PM IST

തൃശൂർ: കയ്‌പമംഗലത്ത് എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. തൃശൂർ കയ്പമംഗലം പള്ളിത്താനം സ്വദേശി സനൂപ് (29)​ ആണ് പിടിയിലായത്. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നീക്കം. ഉച്ചയ്ക്ക് ഒരു മണിയോടെ നടത്തിയ പരിശോധനയിലാണ് സനൂപിന്റെ വീട്ടിൽ നിന്ന് നിരോധിത മാരക രാസലഹരിയായ എംഡിഎംഎ പിടിച്ചെടുത്തത്. നേരത്തെ കാട്ടൂർ പൊലീസ് സ്റ്റേഷനിൽ മയക്കുമരുന്ന് ഉപയോഗിച്ച കേസിലെ പ്രതിയാണ് സനൂപ്.

അതേസമയം, പോത്തൻകോട് 38 ഗ്രാം എംഡിഎംഎയുമായി യുവാവിനെ കഴക്കൂട്ടം എക്സൈസ് സംഘം കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തു. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയിലാണ് വെമ്പായം മയിലാടുംമുകൾ സ്വദേശി ഷെജീഫ് (35) പിടിയിലായത്. കഴക്കൂട്ടം എക്സൈസ് സംഘം മംഗലപുരം, പോത്തൻകോട്, അയിരൂപ്പാറ എന്നിവിടങ്ങളിൽ ലഹരി വില്പന നടത്തുന്നവരെ നിരീക്ഷിച്ച് വരുന്നതിനിടെ പോത്തൻകോട് അയിരൂപ്പാറയിൽ വച്ചാണ് ഇയാളെ പിടികൂടിയത്. ഈ പ്രദേശത്തെ നിരോധിത സിന്തറ്റിക് ലഹരിയുടെ ചില്ലറവില്പനക്കാരനാണ് ഷെജീഫ്. ആദ്യമാണ് ഇയാൾ എക്സൈസിന്റെ പിടിയിലാകുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.