ലക്ഷ്യം വനവത്കരണം, പ്രകൃതി പഠനം, വിനോദസഞ്ചാരം... തുളുനാട് ബൊട്ടാണിക്കൽ ഗാർഡൻ ഒരുങ്ങുന്നു

Saturday 16 August 2025 9:36 PM IST

കാസർകോട്. സാമൂഹ്യ വനവത്കരണത്തോടൊപ്പം പ്രകൃതിപഠനവും വിനോദ സഞ്ചാര കേന്ദ്രങ്ങളും ഉൾപ്പെടുത്തി തുളുനാട് ബൊട്ടാണിക്കൽ ഗാർഡൻ ഒരുങ്ങുന്നു. ചെമ്മനാട് ഗ്രാമപഞ്ചായത്തിൽ ആറാം വാർഡിൽ തെക്കിൽ വില്ലേജിലെ 8.06 ഏക്കർ സ്ഥലമാണ് പദ്ധതി പ്രദേശമായി തിരഞ്ഞെടുത്തിരിക്കുന്നത്. വിവിധതരം ഓർക്കിഡുകൾ, മുളകൾ, കള്ളിമുൾച്ചെടികൾ, വംശനാശം നേരിടുന്ന സസ്യങ്ങൾ, ദശമൂലം ദശപുഷ്പം, മഹൽ, പഞ്ച മൂലങ്ങൾ എന്നിവ ഉപയോഗിച്ച് നക്ഷത്ര വനം, കുട്ടിവനം, മാതൃവനം പിതൃവനം, വിദ്യാവനം, നവഗ്രഹവനം എന്നിവ നിർമ്മിക്കും. ജാപ്പനീസ് മിയാവാക്കി രീതിയിലാകും വനം ഒരുക്കുന്നത്. എല്ലാത്തരം സസ്യങ്ങളുടെ പേരുകളും ശാസ്ത്രീയ നാമവും രേഖപ്പെടുത്തിയ ഫലകങ്ങളും സ്ഥാപിക്കും.

കുട്ടികൾക്ക് കളിക്കാൻ പാർക്കുകളും വിദ്യാർത്ഥികൾക്കും യുവാക്കൾക്കും പ്രകൃതിപഠന കേന്ദ്രങ്ങളും പദ്ധതിയുടെ ഭാഗമാണ്. പെറ്റ്സ് പാർക്ക്, സസ്യ നഴ്സറി, റയിൻ ഷെൽട്ടറുകൾ, ചെടികളെ ശാസ്ത്രീയമായി ഉണക്കി സൂക്ഷിക്കുന്ന ഹെർബേറിയം, ആംഫി തീയറ്റർ, മ്യുസിയം, മഴവെള്ള സംഭരണികൾ, നിരീക്ഷണ സ്തൂപങ്ങൾ എന്നിവയും ഇതിലുണ്ടാകും.സ്വകാര്യ മേഖലയെ കൂടി ഉൾപ്പെടുത്തി ഗാർഡനുള്ളിൽ ഗസ്റ്റ് ഹൗസുകളും ടൂറിസ്റ് ഹോമുകളും നിർമ്മിക്കും. പാർക്കിൽ വിവിധ സ്ഥലങ്ങളിലേക്ക് സഞ്ചരിക്കാൻ ഉയർന്ന പാതകളും റോപ് വേയും ഉണ്ടാകും. സസ്യോദ്യാനത്തിന്റെ ചുറ്റുമതിൽ മുളകൾ നട്ടുപിടിപ്പിച്ചു ബയോ ഫെൻസിംഗ് രീതിയിലാകും. മണ്ണൊലിപ്പ് തടയാനും മഴവെള്ളം ശേഖരിച്ച് വെക്കാനുമാകും.

കാസർകോട് വികസന പാക്കേജ് വഴി

കാസർകോട് വികസന പാക്കേജിൽ പെടുത്തി 20 ലക്ഷം രൂപയാണ് പദ്ധതിക്ക് നൽകുക. ബി.ആർ.ഡി.സി യുടേയും എം.ജി.എൻ.ആർ.ഇ.ജി.എയുടെയും പിന്തുണ പദ്ധതിക്കുണ്ട്. പഞ്ചായത്ത് വിഹിതത്തോടൊപ്പം സി.എസ്.ആർ ഫണ്ടും മറ്റ് സ്‌പോൺസർ ഷിപ്പുകളും പദ്ധതിക്കായി ഉപയോഗപ്പെടുത്തും. ജില്ലാ നിർമ്മിതി കേന്ദ്രത്തിനാണ് ഗാർഡന്റെ നിർമ്മാണ ചുമതല. കാസർകോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 15 കിലോമീറ്റർ ദൂരത്തും ജില്ലയിലെ പ്രധാന റോഡുകളിൽ നിന്ന് എളുപ്പത്തിലും എത്തിച്ചേരാവുന്ന സ്ഥലത്താണ് പദ്ധതി പ്രദേശമെന്നതിനാൽ കൂടുതൽ വിനോദ സഞ്ചാരികളെത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.