വോട്ടർ പട്ടിക ക്രമക്കേട്; രാഷ്ട്രീയ പാർട്ടികൾ കൃത്യസമയത്ത് പരിശോധിച്ചില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡൽഹി: വോട്ടർ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങളിൽ പ്രതികരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്ത്. വോട്ടർ പട്ടിക രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയിരുന്നുവെന്നും കൃത്യമായ സമയത്ത് ചൂണ്ടിക്കാണിച്ചിരുന്നെങ്കിൽ പിഴവ് തിരുത്തുമായിരുന്നുവെന്നും കമ്മീഷൻ വ്യക്തമാക്കി. വോട്ടർ പട്ടിക സുതാര്യമാക്കാനുള്ള എല്ലാ നിർദേശവും സ്വാഗതം ചെയ്യുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.
'കരടു വോട്ടർപട്ടിക എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും നൽകിയ ശേഷമാണ് അന്തിമരൂപം നൽകുന്നത്. ഡിജിറ്റലായും കരടുവോട്ടർ പട്ടിക രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയിരുന്നു. ഈയിടെയായി ചില രാഷ്ട്രീയ പാർട്ടികളും വ്യക്തികളും മുൻകാലങ്ങളിൽ തയ്യാറാക്കിയ വോട്ടർപട്ടികയിലെ പിശകുകളെക്കുറിച്ച് ആരോപണം ഉന്നയിക്കുന്നു. ഈ പ്രശ്നങ്ങൾ രാഷ്ട്രീയ പാർട്ടി ശരിയായ മാർഗങ്ങളിലൂടെ ഉന്നയിച്ചിരുന്നെങ്കിൽ ആ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ അവ തിരുത്താൻ കഴിയുമായിരുന്നു'- കമ്മീഷൻ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് കമ്മീഷൻ നാളെ വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഇതിന് മുന്നോടിയായിട്ടാണ് വോട്ടർ പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള വിശദീകരണം കമ്മീഷൻ വാർത്താക്കുറിപ്പായി ഇറക്കിയത്. കർണാടകയിലെ മഹാദേവപുര അസംബ്ളി മണ്ഡലത്തിൽ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തിൽപ്പരം വോട്ടുകളുടെ ക്രമക്കേടു നടന്നുവെന്നാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചത്. മഹാദേവ അസംബ്ളി മണ്ഡലത്തിൽ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഷക്കൂൻ റാണി എന്ന സ്‌ത്രീ രണ്ടു തവണ വോട്ടു ചെയ്തെന്ന് തെളിയിക്കാൻ ബൂത്ത് ഓഫീസർ 'ശരി' അടയാളമിട്ട വോട്ടിംഗ് സ്ളിപ്പാണ് രാഹുൽ പുറത്തുവിട്ടത്. ഇത് യഥാർത്ഥ രേഖയല്ലെന്നാണ് ചീഫ് ഇലക്‌ടറൽ ഓഫീസറുടെ വാദം.