പ്രതീക്ഷയുടെ ചിറകിൽ ചിങ്ങപ്പിറവി ഇന്ന്

Saturday 16 August 2025 11:13 PM IST

ആലപ്പുഴ: ഐശ്വര്യത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും പ്രതീക്ഷകളുമായി ഇന്ന് ചിങ്ങപ്പിറവി . പൊന്നിൻ തിരുവോണത്തിന്റെ വരവറിയിച്ച് ചിങ്ങമാസം ആഗതമായതോടെ വരുംദിവസങ്ങളിൽ ഓണത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാകുംമലയാളികൾ. ചിങ്ങപ്പിറവിയോടനുബന്ധിച്ച് ക്ഷേത്രങ്ങളിലെല്ലാം ഇന്ന് വിശേഷാൽ പൂജകളും ചടങ്ങുകളും നടക്കും. ഒന്നാംതീയതി ക്ഷേത്രദർശനത്തിനായി ചെട്ടികുളങ്ങര, ചക്കുളത്തുകാവ്, അമ്പലപ്പുഴ, കണിച്ചുകുളങ്ങര, ഹരിപ്പാട്, മുല്ലയ്ക്കൽ, തിരുവമ്പാടി, മണ്ണാറശാല തുടങ്ങിയ പ്രധാന ക്ഷേത്രങ്ങളിലെല്ലാം നല്ല തിരക്ക് അനുഭവപ്പെടും.

ഒരുമാസമായി നീണ്ടുനിന്ന രാമായണ മാസാചരണം ഇന്നലെ സന്ധ്യയോടെ അവസാനിച്ചു. ചിങ്ങം ഒന്നിനോടനുബന്ധിച്ച് ക്ഷേത്രങ്ങളിൽ പ്രത്യേക വിനായക പൂജകളും മഹാഗണപതി ഹോമവും നടക്കും. ചിങ്ങം 20നാണ് ഇത്തവണ തിരുവോണം.

സംസ്ഥാനതലത്തിലും ജില്ലാ അടിസ്ഥാനത്തിലും കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ കർഷക ദിനാഘോഷവും ഇന്ന് നടക്കും. സർക്കാരിന്റെയും വിവിധ കാർഷിക സംഘടനകളുടെയും നേതൃത്വത്തിലാണ് ദിനാചരണം.

കഴിഞ്ഞ സീസണിലെ പുഞ്ചകൃഷിയുടെ നെൽവില വിതരണം വൈകുന്നതിനെതിരെ നെൽകർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ തോട്ടപ്പള്ളിയിൽ നെൽക‌‌ർഷകർ പ്രതിഷേധ സമരം നടത്തും. ഉപ്പുവെള്ളം കയറി കൃഷി നശിച്ചവർക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാരം നൽകുക, കുട്ടനാട്ടിൽ ഓരുവെള്ളം കയറാതിരിക്കാനും വെള്ളപ്പൊക്കം നിയന്ത്രിക്കാനും തോട്ടപ്പള്ളി സ്പിൽവേ അടിയന്തരമായി പുനർനിർമ്മിക്കുക, തണ്ണീർമുക്കം ബണ്ട് റെഗുലേറ്റ് ചെയ്യുക തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങൾ.