പൂട്ട് വീണിടത്ത് നിന്ന് ലാഭം നെയ്ത് കോമളപുരം സ്പിന്നിംഗ് മിൽ

Sunday 17 August 2025 12:13 AM IST

ആലപ്പുഴ : പൂട്ടുവീഴേണ്ട അവസ്ഥയിൽ നിന്ന് ലാഭത്തിലേക്ക് എത്തി കോമളപുരം സ്പിന്നിംഗ് ആൻഡ് വീവിംഗ് മിൽസ്. വരുമാനമില്ലാതാകുമെന്ന നിരവധി തൊഴിലാളികളുടെ ഭീതിയാണ് ഇതോടെ ഒഴിഞ്ഞത്.

തകർച്ചയിലായിരുന്ന മില്ല് ഇപ്പോൾ തുടർച്ചയായി 30 കോടിയിലധികം വിറ്റുവരവ് നേടുന്നുണ്ട്. ഗ്രീൻഫീൽഡ് എന്ന സ്വന്തം ബ്രാൻഡിൽ ഷർട്ട്, മുണ്ട്, ബെഡ് ഷീറ്റ്, ചുരിദാർ എന്നിവ കോർപറേഷന്റെ ഔട്ട് ലെറ്റുകളിലൂടെ വിപണിയിലെത്തുന്നു. മെഡിക്കൽ കോളേജുകൾ, കെ.എം.എം.എൽ, ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ്, കുടുംബശ്രീ, സ്വകാര്യ കമ്പനികൾ, ഹരിതകർമ്മസേനാംഗങ്ങൾ തുടങ്ങിയവർക്കും യൂണിഫോമുകൾ നിർമ്മിച്ചുനൽകുന്നുണ്ട്.

നഷ്ടത്തിലായ സ്ഥാപനം 2018ലാണ് പ്രവ‌ർത്തനം പുനരാരംഭിച്ചത്. 2020ൽ പ്രവർത്തനം പൂർണ സജ്ജമായി. 1964ൽ സ്വകാര്യ മേഖലയിൽ 'കേരള സ്‌പിന്നേഴ്‌സ് ലിമിറ്റഡ് എന്ന പേരിൽ ആരംഭിച്ച സ്ഥാപനം നഷ്ടത്തെ തുടർന്ന് 2003ൽ അടച്ചുപൂട്ടി. 2006ൽ സർക്കാർ ഇത് ഏറ്റെടുത്തു. ആധുനിക വിദേശ യന്ത്രങ്ങൾ സ്ഥാപിച്ച് 2011ൽ സ്റ്റേറ്റ് ടെക്സ‌്റ്റൈൽ കോർപ്പറേഷന് കീഴിൽ പുനരാരംഭിച്ചെങ്കിലും ജീവനക്കാരെ നിയമിക്കുന്നതിന്റെ പേരിൽ പ്രവർത്തനം തുടങ്ങുന്നത് വൈകി.

സൗജന്യ സ്കൂൾ യൂണിഫോം പദ്ധതിക്ക് ആവശ്യമായ നൂൽ കൈത്തറി സംഘങ്ങൾക്കായി നിർമ്മിക്കുന്നത് ഇവിടെയാണ്. ഇതരസംസ്ഥാനങ്ങളിൽനിന്നായിരുന്നു മുമ്പ് നൂൽ എത്തിയത്. കെ.എസ്‌.ആർ.ടി.സിയിലെ കാക്കി യൂണിഫോമിന് ഇതുവരെ 14 ലക്ഷം മീറ്റർ തുണി വിതരണം ചെയ്‌തു.

സ്പിന്നിംഗ് മില്ലിനെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബങ്ങൾ

375

1.5 മുതൽ 1.6 ലക്ഷം വരെ ഉത്പാദന ശേഷി

 അത്യാധുനിക യന്ത്രങ്ങൾ ഉപയോഗിച്ചാണ് മില്ല് പ്രവ‌‌ർത്തിക്കുന്നത്

 തൂണിനെയ്തെടുക്കുന്നതിന് പവർലും ഉൾപ്പെടെ സംവിധാനങ്ങളുണ്ട്

 മൂന്ന് ഷിഫ്റ്റിലായി 24 മണിക്കൂറും ഉത്പാദനം നടക്കുന്നു

 മാസം 1.5 മുതൽ 1.6 ലക്ഷം കിലോയാണ് ഉത്പാദനശേഷി

 മൂന്ന് ഇനങ്ങളിലുള്ള പൊളിസ്‌റ്റർ-കോട്ടൺ നൂലുകളാണ് ഉത്പാദിപ്പിക്കുന്നത്

വിറ്റുവരവ് (കോടിയിൽ)

2020-21................17.46

2021-22................35.42

2022-23...............30.95

2023-24 35.89

2024-25...............35.70