നെഹ്റു ട്രോഫി : കൂടുതൽ പൊലീസിനെ നിയോഗിക്കും, പാർക്കിംഗിന് പ്രത്യേക സ്ഥലങ്ങൾ
ആലപ്പുഴ : നെഹ്റു ട്രോഫി വള്ളംകളിക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ ഉദ്യോഗസ്ഥരുടെ ജില്ലാതല യോഗം ചേർന്നു. സുരക്ഷാ ക്രമീകരണങ്ങളിലടക്കം
വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പുവരുത്തി.
കൂടുതൽ പൊലീസ് സേനയെ നിയോഗിക്കും. പുന്നമടക്കായലിൽ ഫയർഫോഴ്‌സിന്റെയും ദുരന്തനിവാരണ സേനയുടെയും സേവനം ഉറപ്പുവരുത്തും. വള്ളംകളി നടക്കുന്ന ദിവസം ആലപ്പുഴ നഗരത്തിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. പാർക്കിംഗിനായി പ്രത്യേക സ്ഥലങ്ങൾ ഒരുക്കുകയും പ്രധാന പാതകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്യും. മത്സരം നടക്കുന്ന സ്ഥലത്തും കാണികൾ ഇരിക്കുന്നിടത്തും അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ആവശ്യമായ മെഡിക്കൽ ടീമിനെയും ആംബുലൻസ് സൗകര്യങ്ങളും ലഭ്യമാക്കും. പ്രാഥമിക ശുശ്രൂഷാ കേന്ദ്രങ്ങൾ വിവിധ സ്ഥലങ്ങളിൽ സ്ഥാപിക്കും.
വള്ളംകളിക്ക് മുമ്പും ശേഷവും പരിസരം വൃത്തിയാക്കുന്നതിനായി വിപുലമായ പദ്ധതിക്ക് രൂപം നൽകും. ഇതിനായി കൂടുതൽ ജീവനക്കാരെയും സന്നദ്ധപ്രവർത്തകരെയും നിയോഗിക്കും. ആവശ്യമായ സ്ഥലങ്ങളിൽ കുടിവെള്ളം, ശുചിമുറി സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കാനും തീരുമാനിച്ചു.
യോഗത്തിൽ സബ് കളക്ടർ ഷമീർ കിഷൻ അദ്ധ്യക്ഷത വഹിച്ചു.