ജെയ്നമ്മ തിരോധാനം : സെബാസ്റ്റ്യന്റെ വീട്ടിൽ വീണ്ടും പരിശോധന
ചേർത്തല : ഏറ്റുമാനൂർ സ്വദേശിനി ജെയ്നമ്മയെ കാണാതായ കേസിൽ റിമാൻഡിലുള്ള പ്രതി സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടിൽ ക്രൈംബ്രാഞ്ച് വീണ്ടും പരിശോധന നടത്തി. ഈ വീട്ടിൽ വച്ച് ജെയ്നമ്മ കൊലചെയ്യപ്പെട്ടതായാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ. വീട്ടിൽ പലയിടങ്ങളിലായി കണ്ടെത്തിയ രക്തക്കറകൾ ജെയ്നമ്മയുടേതാണെന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞിരുന്നു.
അന്വേഷണച്ചുമതലയുള്ള ഡിവൈ.എസ്.പി സാജൻ സേവ്യറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ ഉച്ചയ്ക്ക് ശേഷം പള്ളിപ്പുറത്ത് പരിശോധനക്കെത്തിയത്. വീടിന്റെയും രക്തക്കറകൾ കണ്ടെത്തിയ സ്വീകരണമുറിയുടെയും കുളിമുറിയുടെയും കിടപ്പുമുറിയുടെയും വിശദമായ കൃത്യസ്ഥല മഹസർ തയ്യാറാക്കി.
സെബാസ്റ്റ്യൻ പല ഘട്ടത്തിലായി മൂന്നു ഫോണുകൾ ഉപയോഗിച്ചിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. മൂന്നുഫോണുകളുടെയും സംഭാഷണ വിവരങ്ങളടക്കം ശേഖരിക്കും. അവസാന ഘട്ടത്തിൽ സെബാസ്റ്റ്യൻ ഉപയോഗിച്ചിരുന്ന ഫോൺ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജെയ്നമ്മ കേസിലെ നിർണായക വിവരങ്ങൾ ലഭിച്ചത്. എന്നാൽ ഈ നമ്പരിൽ നിന്ന് ഇയാൾ ജെയ്നമ്മയെ വിളിച്ചിരുന്നില്ലെന്നാണ് അറിയുന്നത്. മറ്റു രണ്ടു ഫോണുകളുടെയും വിവരങ്ങൾ ലഭ്യമായാൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.