ഹിറ്റായി തൃശൂരിലെ ബെവ്‌കോ ബുട്ടിക് 'ഹൈ സ്പിരിറ്റ്സ്'
തൃശൂർ: തുറന്ന് രണ്ടാഴ്ചയ്ക്കകം വമ്പൻ ഹിറ്റായി സംസ്ഥാനത്തെ ആദ്യ സൂപ്പർ പ്രീമിയം ബിവറേജസ് ഔട്ട്‌ലെറ്റ് 'ഹൈ സ്പിരിറ്റ്‌സ്, എ ബെവ്‌കോ ബുട്ടിക്'. തൃശൂർ ശക്തൻ സ്റ്റാൻഡിന് സമീപമാണ് മൂന്ന് നിലകളിലായി 5,100 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിൽ ഔട്ട്‌ലെറ്റ് പ്രവർത്തനമാരംഭിച്ചത്. ഇവിടെയെത്തിയാൽ ഒരു മിനിറ്റിൽ മദ്യം വാങ്ങി മടങ്ങാം.
ബിയറാണെങ്കിൽ 30 സെക്കൻഡ് മതി. വെൻഡിംഗ് മെഷീനിൽ ബ്രാൻഡ് സെലക്ട് ചെയ്ത് ഗൂഗിൾ പേ വഴി തുകയടയ്ക്കാം.
താഴത്തെ നിലയിൽ ബ്രാണ്ടി, വിസ്‌കി, റം തുടങ്ങിയവയും ഒന്നാം നിലയിൽ ബിയർ, വൈൻ, വോഡ്ക എന്നിവയുമാണ് ക്രമീകരിച്ചിരിക്കുന്നത്. പൂർണമായും ശീതീകരിച്ച സൂപ്പർ പ്രീമിയം ഷോപ്പിന്റെ മൂന്നാംനിലയിൽ ഗോഡൗണുമുണ്ട്. 10 ജീവനക്കാരും മൂന്ന് കാഷ് കൗണ്ടറും ഉണ്ടെങ്കിലും തിരക്കനുസരിച്ച് കൗണ്ടറിന്റെയും ജീവനക്കാരുടെയും എണ്ണം വർദ്ധിപ്പിക്കുമെന്ന് മാനേജർ സുഗുണൻ പറഞ്ഞു.
സാധാരണ ബെവ്‌കോ ഷോപ്പിൽ കിട്ടുന്ന വിലയ്ക്ക് പ്രീമിയം ഷോപ്പിൽ നിന്നും മദ്യം വാങ്ങാമെന്നതാണ് പ്രത്യേകത. 220 രൂപയുടെ പൈൻഡ് (180 മില്ലി), 400 രൂപയുടെ ഹാഫ് (375 മില്ലി), 480 രൂപയുടെ അരലിറ്റർ (500 മില്ലി), 800 രൂപയുടെ ഫുൾ (750 മില്ലി) എന്നിങ്ങനെ വിലക്കുറവുള്ളതിൽ തുടങ്ങി ലിറ്ററിന് 80,000 രൂപ വരെ വിലയുള്ള മദ്യവും 110 മുതൽ 35,000 രൂപ വരെ വിലയുള്ള ബിയറും ഇവിടെയുണ്ട്. 13 ഓളം ബോട്ടിൽ കൂളറുകൾ ഉള്ളതിനാൽ ഏത് സമയത്തും തണുത്ത ബിയർ കിട്ടും. ലക്ഷത്തിലധികം മദ്യക്കുപ്പികൾ സൂക്ഷിക്കാൻ സൗകര്യമുള്ളതാണ് ഗോഡൗൺ. ഉപഭോക്താക്കൾക്ക് സൗകര്യമുള്ള സൂപ്പർ പ്രീമിയം ഔട്ട്‌ലെറ്റുകൾ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലും തുറക്കാൻ പദ്ധതിയുമുണ്ട്.
ബിവറേജസ് ചില്ലറ വില്പനശാലകളിൽ വലിയൊരു മുന്നേറ്റമാണിത്. ആധുനിക സൗകര്യങ്ങളോടെ ഒരു സൂപ്പർ പ്രീമിയം ഷോപ്പെങ്കിലും എല്ലാ ജില്ലകളിലും ആരംഭിക്കുകയാണ് ലക്ഷ്യം.
-ഹർഷിത അട്ടല്ലൂരി ബെവ്‌കോ എം.ഡി